Skip to main content

ഖസ്വ്‌ർ (1)

നാലു റക്അത്തുള്ള നമസ്‌കാരങ്ങള്‍ യാത്രാവേളയില്‍ രണ്ട് റക്അത്തായി ചുരുക്കുന്നതിന് 'ഖസ്വ്‌ർ' എന്നു പറയുന്നു. 

യാത്രാവേളയില്‍ നമസ്‌കാരം ചുരുക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ അനുവദിച്ചിട്ടുണ്ട്. ''നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുമ്പോള്‍ നമസ്‌കാരം ചുരുക്കി നിര്‍വഹിക്കുന്നതിന് നിങ്ങള്‍ക്കു കുറ്റമില്ല'' (4:101).

യാത്രയില്‍ ചുരുക്കി നമസ്‌കരിക്കുകയെന്നതായിരുന്നു നബി(സ്വ)യുടെ സമ്പ്രദായം. നബി(സ്വ) പറഞ്ഞു: ''അല്ലാഹു നിങ്ങള്‍ക്ക് നല്കിയ ദാനമാണത്. അവന്റെ ദാനം നിങ്ങള്‍ സ്വീകരിക്കുക'' (മുസ്‌ലിം 1:478, ഇബ്‌നുമാജ 1:339). 

യാത്രയില്‍ നമസ്‌കാരം പൂര്‍ണമായി നിര്‍വഹിക്കുന്നതിന് വിരോധമില്ല. എങ്കിലും ചുരുക്കി നമസ്‌കരിക്കലാണ് ശ്രേഷ്ഠമായത്. ഇമാം അബൂസൗര്‍, മാലിക്, അഹ്മദ്, ശാഫിഈ (പ്രസിദ്ധ അഭിപ്രായം) എന്നിവര്‍ ഈ അഭിപ്രായക്കാരാണ് (മജ്മൂഅ് 4:223, മുഹദ്ദബ് 1:111, ഫിഖ്ഹു അബൂസൗര്‍:241). 

നമസ്‌കാരം ആദ്യത്തില്‍ രണ്ട് റക്അത്തായിട്ടാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. പിന്നീട് അത് യാത്രയിലെ നമസ്‌കാരമായി നിശ്ചയിക്കപ്പെടുകയും സ്ഥിരതാമസ വേളയില്‍ ഇപ്പോഴുള്ള റക്അത്തുകള്‍ നിശ്ചയിക്കപ്പെടുകയുമാണുണ്ടായത്.  

ആഇശ(റ) പറയുന്നു: ''മക്കയില്‍ നമസ്‌കാരം ഈരണ്ട് റക്അത്തായിട്ടാണ് നിര്‍ബന്ധമാക്കപ്പെട്ടിരുന്നത്. നബി(സ്വ) മദീനയിലെത്തിയപ്പോള്‍ ഓരോ രണ്ടു റക്അത്തുകളിലും രണ്ടു റക്അത്തു വീതം വര്‍ധനവുണ്ടായി, മഗ്‌രിബിലൊഴികെ. അത് പകലിലെ വിത്ര്‍ നമസ്‌കാരമാണ്. സ്വുബ്ഹിലുമൊഴികെ; കാരണം അത് സുദീര്‍ഘമായി ഖുര്‍ആന്‍ ഓതി നമസ്‌കരിക്കുന്നതാണ്. നബി(സ്വ) യാത്ര ചെയ്യുമ്പോള്‍ ആദ്യത്തെ നമസ്‌കാരമാണ് (മക്കയില്‍വെച്ച് ഫര്‍ദാക്കിയത്) നിര്‍വഹിച്ചിരുന്നത് (അഹ്മദ്, ബൈഹഖി, ഇബ്‌നുഹിബ്ബാന്‍).
 
യാത്ര പുറപ്പെട്ട് മദീനയില്‍ തിരിച്ചെത്തുന്നതു വരെ നബി(സ്വ) ചുരുക്കി നമസ്‌കരിക്കാറുണ്ടായിരുന്നു. യാത്രാ വേളയില്‍ അവിടുന്ന് പൂര്‍ണരൂപത്തില്‍ നമസ്‌കരിച്ചതായി സ്ഥിരപ്പെട്ട ഹദീസുകളില്ല. 

ചുരുക്കി നമസ്‌കരിക്കാനുള്ള യാത്രാദൈര്‍ഘ്യം എത്ര? ഖുര്‍ആനില്‍ അതിന് പ്രത്യേക ദൈര്‍ഘ്യം നിശ്ചയിച്ചിട്ടില്ല. നബി(സ്വ)യുടെ നടപടികളിലും അങ്ങനെത്തന്നെ. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടു 'മര്‍ഹല' ദൂരം വേണമെന്നും മൂന്ന് 'മര്‍ഹല' ദൂരം വേണമെന്നും അഭിപ്രായമുള്ളവരുണ്ട്. (ഒരു മര്‍ഹല=24 മൈല്‍, ഒരു മൈല്‍ = 1748 മീറ്റര്‍) (മജ്മൂഅ് 4/210, മുഗ്‌നി 2/255,256 മുഗ്‌നില്‍ മിഹ്താജ് 1/266). 

മുമ്പ് കാലത്ത് ഒട്ടകപ്പുറത്ത് ഒരു രാവും പകലും സഞ്ചരിക്കുന്ന ദൂരമാണ് രണ്ടു മര്‍ഹല. ഈ അഭിപ്രായങ്ങ ളെല്ലാം പണ്ഡിത നിഗമനങ്ങള്‍ മാത്രമാണ്.. 

നബി(സ്വ) യാത്രാവേളയില്‍ മദീനയുടെ അതിര്‍ത്തി കടന്നാല്‍ പിന്നെ എവിടെ വച്ചാണോ നമസ്‌കാരത്തിന്റെ സമയമാകുന്നത് അവിടെവച്ച് ചുരുക്കി നമസ്‌കരിക്കുമായിരുന്നു. അതനുസരിച്ച് ചിലപ്പോള്‍ മദീനയില്‍നിന്നുള്ള അകലങ്ങള്‍ വ്യത്യാസപ്പെട്ടിട്ടുണ്ട്. താമസസ്ഥലം വിട്ടാല്‍ 'ഖസ്വ്‌റാ'ക്കാമെന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം (ഉംദതുല്‍ ഖാരിഅ് 6:129). 

അനസുബ്‌നു മാലിക്(റ) പറയുന്നു: ''മൂന്നുമൈല്‍ അല്ലെങ്കില്‍ മൂന്ന് ഫര്‍സഖ് ദൂരം പ്രവാചകന്‍ സഞ്ചരിച്ചാല്‍ രണ്ടു റക്അത്തായി നമസ്‌കരിക്കാറുണ്ടായിരുന്നു.'' ഈ വിഷയത്തില്‍ ഏറ്റവും സ്വഹീഹായ ഹദീസാണ് ഇതെന്ന് ഇബ്‌നുഹജറില്‍ അസ്ഖലാനി ഫത്ഹുല്‍ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (അഹ്മദ്, മുസ്‌ലിം). 

യാത്രയുടെ ദൈര്‍ഘ്യവും യാത്രയിലെ വിഷമങ്ങളും കാലഘട്ടത്തിന്നനുസരിച്ച് വ്യത്യാസപ്പെടും. പ്രവാചകന്റെ കാലത്ത് ഒട്ടകപ്പുറത്തു രണ്ട് മര്‍ഹല സഞ്ചരിക്കാന്‍ ഒരു ദിവസം വേണമായിരുന്നു. എന്നാല്‍ ആധുനിക കാലത്ത് ഒരു ദിവസം കൊണ്ട് ലോകം മുഴുവന്‍ ചുറ്റാം. യാത്രക്കാരില്‍ കാല്‍നടക്കാരും സ്വന്തം വാഹനക്കാരും സ്വന്തമായി നിയന്ത്രിക്കാന്‍ കഴിയാത്ത വാഹനത്തില്‍ സഞ്ചരിക്കുന്നവരും ഉണ്ടാകാം. ഒരു ദിവസംകൊണ്ട് വിദേശ നാടുകളില്‍ പോയി തിരിച്ചുവരുന്നവരുമുണ്ട്. വെറും 10-50 മൈലുകള്‍ യാത്ര ചെയ്തു വരാന്‍ ഒന്നിലേറെ ദിവസമെടുക്കുന്നവരുമുണ്ട്. യാത്രാ വേളയില്‍ ചെന്നെത്തിയേടത്ത് താമസിക്കുന്ന ദിവസങ്ങളില്‍ വ്യത്യാസമുള്ളവരുമുണ്ടാകാം. ഈ വക കാരണങ്ങളാല്‍, വിശുദ്ധ ഖുര്‍ആനിന്റെ ബാഹ്യാര്‍ഥവും പ്രവാചകന്റെ നടപടിയും സ്വീകരിക്കലാണ് കരണീയം. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ദൂരം നിജപ്പെടുത്തിയത് ആ കാലഘട്ടത്തിലെ ആവശ്യകത പരിഗണിച്ചായിരിക്കാം. എന്നാല്‍ യാത്ര എന്നു പേരു പറയാവുന്ന ഏതു സഞ്ചാരത്തിലും ദൂരം കണക്കിലെടുക്കാതെ നമസ്‌കാരം ഖസ്വ്‌റാക്കാമെന്നാണ് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഗ്രഹിക്കാവുന്നത്. 

അനസ്(റ) പറയുന്നു: ''നബി(സ്വ)യുടെ കൂടെ ഞാന്‍ മദീനയില്‍ വച്ച് ദുഹ്ര്‍ നാലു റക്അത്ത് നമസ്‌കരിച്ചു. ദുല്‍ഹുലൈഫയില്‍ വെച്ച് രണ്ടു റക്അത്തും.'' ദുല്‍ഹുലൈഫ മദീനക്കടുത്ത പ്രദേശമാണ്.

യാത്ര ഉദ്ദേശിച്ചവന് വീട്ടില്‍ നിന്നുതന്നെ ഖസ്വ്‌ർ ആക്കാമെന്നും പൂര്‍വികരായ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ഫിഖ്ഹുസ്സുന്ന 1:285). ഒരു യാത്രക്കാരന് നാട്ടില്‍ തിരിച്ചെത്തുന്നതുവരെ ഖസ്വ്‌റും ജംഉം ആക്കി നമസ്‌കരിക്കാവുന്നതാണ്. നബി(സ്വ) മക്കാവിജയത്തിനു പുറപ്പെട്ടു മദീനയില്‍ തിരിച്ചെത്തുന്നതുവരെ ഖസ്വ്‌റാക്കി നമസ്‌കരിക്കുകയുണ്ടായി. 19 ദിവസത്തോളം നീണ്ടതായിരുന്നു ആ യാത്ര. തദടിസ്ഥാനത്തില്‍ യാത്രക്കാരന്‍ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ദിവസങ്ങള്‍ മുഴുവന്‍ ആ ആനുകൂല്യം അനുഭവിക്കാവുന്നതാണ്. 

എന്നാല്‍ മറ്റൊരു പ്രദേശത്ത് താമസിക്കുമ്പോള്‍ മൂന്നു ദിവസം മാത്രമേ യാത്രക്കാരന്‍ എന്ന ആനുകൂല്യത്തിനവകാശമുള്ളൂവെന്ന് ചില കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അതായത് ഒരു സ്ഥലത്തു നാലുദിവസം താമസിക്കുമെന്ന് മുന്‍കൂട്ടി കരുതിയാല്‍ അതോടെ അവന്‍ 'മുഖീമാ'യി. അഥവാ അവിടുത്തെ സ്ഥിര താമസക്കാരനായി. അങ്ങനെ കരുതാതെ കുറെ ദിവസം താമസിക്കുന്ന പക്ഷം ആദ്യത്തെ മൂന്നു ദിവസം ഖസ്വ്‌റാക്കാമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൂര്‍ത്തിയാക്കി നമസ്‌കരിക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഹദീസുകളുടെ വെളിച്ചത്തില്‍ ഈ അഭിപ്രായം ശരിയല്ലെന്നു കാണാം. 

ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ''ഒരു യാത്രാവേളയില്‍ നബി(സ്വ) പത്തൊമ്പതു ദിവസം രണ്ടു റക്അത്തു നമസ്‌കരിക്കുകയുണ്ടായി. അദ്ദേഹം പറയുകയാണ്: അതിനാല്‍ പത്തൊമ്പത് ദിവസം നീണ്ട യാത്രയില്‍ ഞങ്ങള്‍ രണ്ടുറക്അത്ത് നമസ്‌കരിക്കും. അതില്‍ കൂടിയാല്‍ പൂര്‍ത്തിയാക്കി നമസ്‌കരിക്കും'' (ബുഖാരി).

നബി(സ്വ)യുടെ സുന്നത്താണ് കരണീയം. ആധുനിക വ്യാപാരം, വ്യവസായം, രാജ്യാന്തര യാത്രകള്‍ എന്നിവക്കെല്ലാം കൂടുതല്‍ ദിവസം അന്യനാട്ടില്‍ താമസിക്കേണ്ടി വന്നേക്കാം. ആ ദിവസം എത്ര ദീര്‍ഘിച്ചാലും സ്ഥിരതാമസമാക്കുന്നില്ല എന്ന ഉദ്ദേശ്യമുണ്ടെങ്കില്‍ ഖസ്വ്ര്‍ ആക്കാവുന്നതാണ്. അതേ അവസരത്തില്‍ ഒരു പ്രത്യേകസ്ഥലത്ത് രണ്ടുമാസം താമസിക്കണമെന്നു മുന്‍കൂട്ടി നിശ്ചയിച്ചു പോകുന്നവന് യാത്രക്കാരനെന്ന ആനുകൂല്യം നഷ്ടമാകുന്നു. അവന്‍ പൂര്‍ണമായി നമസ്‌കരിക്കണം. എന്നാല്‍ അത്തരം നിശ്ചയമില്ലാതെ ഒരാള്‍ പല രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങാന്‍ പുറപ്പെട്ട് രണ്ടോ അതിലധികമോ മാസം പലയിടങ്ങളിലായി താമസിക്കുന്ന പക്ഷം ആ കാലയളവ് മുഴുവന്‍ 'ഖസ്വർ ആക്കാം. നബി(സ്വ) പത്തൊമ്പതു ദിവസം നമസ്‌കരിച്ചുവെന്നത്  എണ്ണത്തിന്റെ സവിശേഷതകൊണ്ടല്ല അത്രയും ദിവസങ്ങളാണ് അന്ന് മക്കയില്‍ താമസിച്ചത് എന്നതു കൊണ്ടാണ്.

ഏതു വിധത്തിലുള്ള യാത്ര ചെയ്യുന്നവനാണ് ഖസ്വ്‌റാക്കാന്‍ അനുമതിയുള്ളത്? ഏതു യാത്രക്കാരനുമാകാം. യാത്രക്കാരനാവുക എന്നതാണ് പ്രശ്‌നം. മതം അനുവദിക്കുന്ന യാത്ര, അനുവദിക്കാത്ത യാത്ര എന്നിങ്ങനെ രണ്ടു യാത്രകളെക്കുറിച്ച് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറയുന്നുണ്ട്. അതായത് അല്ലാഹുവിന് തൃപ്തികരമായ കാര്യങ്ങള്‍ക്കുള്ള യാത്ര നല്ല യാത്രയും അല്ലാഹുവിന്ന് അതൃപ്തിയുണ്ടാക്കുന്ന കാര്യത്തിന് പോകുന്നത് അനഭിലഷണീയ യാത്രയുമാണ്. അതിനാല്‍ അല്ലാഹു തൃപ്തിപ്പെടുന്ന വിഷയങ്ങള്‍ക്കുള്ള യാത്രയിലേ ഖസ്വർ പാടുള്ളൂവെന്ന് ചിലര്‍ പറയുന്നു. ''നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചാല്‍ നമസ്‌കാരം ചുരുക്കുന്നതിന് നിങ്ങള്‍ക്കു കുറ്റമില്ല'' എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ ഏതു യാത്രയ്ക്കും നമസ്‌കാരം ഖസ്വ്‌റാക്കാ മെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഇമാം അബൂസൗര്‍, അബൂഹനീഫ എന്നിവര്‍ ആ അഭിപ്രായക്കാരാണ് (ഫിഖ്ഹുല്‍ ഇമാം അബൂസൗര്‍: 245, ബിദായതുല്‍ മുജ്തഹിദ് 1:210, ഇനായതു അലല്‍ ഹിദായ2:46). 


ഹജ്ജിനു പോകുന്നതു മാത്രമാണ് ജംഉം ഖസ്വ്‌റുമാക്കാവുന്ന യാത്രയെന്ന് പരിമിതപ്പെടുത്തിയ വളരെ ചെറിയ പക്ഷം പണ്ഡിതന്മാരുമുണ്ട്. ശരീഅത്തു നിയമങ്ങളെക്കുറിച്ചുള്ള വിശാല കാഴ്ചപ്പാടില്ലായ്മ മാത്രമാണ് ആ അഭിപ്രായത്തിന്നാധാരം. 

ഒരു യാത്രക്കാരന്‍, നാട്ടിലെ സ്ഥിരവാസിക്ക് ഇമാമായി നില്ക്കാവുന്നതാണ്. യാത്രക്കാരന്‍ സലാം വീട്ടിയാല്‍ സ്ഥിരവാസി ബാക്കി പൂര്‍ത്തിയാക്കണം. അതാണ് നബിചര്യ. 

സ്ഥിരവാസിക്ക് യാത്രക്കാരന്‍ ഇമാമായി നില്ക്കുമ്പോള്‍ പൂര്‍ണമായി നമസ്‌കരിക്കണമെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുമുണ്ട്. യാത്രക്കാരന്‍ സ്ഥിരവാസിയെ തുടര്‍ന്നു നമസ്‌കരിച്ചാല്‍ യാത്രക്കാരന്‍ പൂര്‍ണമായും നമസ്‌കരിക്കേണ്ടതാണ്. 

നാഫിഅ്(റ) പറയുന്നു: ''ഇബ്‌നു ഉമര്‍(റ) (സ്ഥിരവാസിയായ) ഇമാമിന്റെ കൂടെ നമസ്‌കരിച്ചാല്‍ നാലു റക്അത്തും തനിച്ചായാല്‍ രണ്ടു റക്അത്തുമാണ് നമസ്‌കരിച്ചിരുന്നത്'' (മുസ്‌ലിം). 

മൂസബ്‌നുസലമ(റ) പറയുന്നു: ''ഞങ്ങള്‍ ഇബ്‌നു അബ്ബാസി(റ)ന്റെ കൂടെ  മക്കയിലായിരിക്കെ ഞാന്‍ ചോദിച്ചു: ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരിക്കുമ്പോള്‍ നാലു റക്അത്തും ഞങ്ങളുടെ താമസസ്ഥല(തമ്പ്)ത്തേക്ക് പോയാല്‍ രണ്ടു റക്അത്തും നമസ്‌കരിക്കുന്നു. (താങ്കള്‍ എന്തു പറയുന്നു?) അദ്ദേഹം പറഞ്ഞു: അതുതന്നെയാണ് പ്രവാചകചര്യ.''

യാത്രക്കാരന് നമസ്‌കാരത്തിന്റെ കാര്യത്തില്‍ വീഴ്ച വരാതിരിക്കാനാണ് ജംഉം ഖസ്വ്‌റും നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ ഹദീസിന്റെയും ഖുര്‍ആനിന്റെയും വെളിച്ചത്തില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ 'യാത്രക്കാരന്റെ ഖദാഅ്' എന്ന വിഷയം അപ്രസക്തമാണ്. എങ്കിലും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അങ്ങനെ ഒരു പ്രശ്‌നം ചര്‍ച്ച ചെയ്തതിനാല്‍ ഇവിടെ സൂചിപ്പിക്കുകയാണ്; യാത്രക്കാരന് ഖദാഅ് വരാന്‍ പാടില്ലെങ്കിലും. 

യാത്രാവേളയിലാണ് സ്ഥിരതാമസവേളയില്‍ വിട്ടുപോയ നമസ്‌കാരം ഓര്‍മ വന്നതെങ്കില്‍ വിട്ടുപോയ നമസ്‌കാരം നാലു റക്അത്തായിത്തന്നെ നിര്‍വഹിക്കണം. ഈ വിഷയത്തില്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ ഏകാഭി പ്രായക്കാരാണ്. 

യാത്രാവേളയില്‍ മറന്ന നമസ്‌കാരം നാട്ടില്‍ വസിക്കുമ്പോള്‍ ഓര്‍മ വന്നാലും നാലു റക്അത്തു തന്നെ നമസ്‌ക രിക്കണം. കാരണം, നമസ്‌കാരം നാലു റക്അത്താണ്. യാത്രാവേളയില്‍ ലഭിച്ച ആനുകൂല്യമാണ് അത് രണ്ടാക്കുകയെന്നത്. യാത്ര കഴിഞ്ഞാല്‍ മറന്ന നമസ്‌കാരം നിര്‍വഹിക്കുന്നത് പൂര്‍ണമായിത്തന്നെയാവണം (മുഗ്‌നി 2/282, 283). 
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446