Skip to main content
df

ആമുഖം

ഇസ്‌ലാം കവാടം ഓണ്‍ലൈന്‍ ഇസ്‌ലാമിക്  ലൈബ്രറി

വിവരസാങ്കേതികതയുടെയും വിജ്ഞാന വിസ്ഫോടനത്തിന്‍റെയും കാലഘട്ടമാണിത്. വിദ്യാഭ്യാസം മുതല്‍ കച്ചവടം വരെ ഓണ്‍ലൈന്‍ ആയി മാറിയ ഇന്ന്, ചെറുതും വലുതുമായ ഏതൊരു വിവരത്തിനും ഇന്‍റര്‍നെറ്റിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ സകല വിവരങ്ങളുടെയും കലവറയും ‘ആധികാരിക സ്രോതസ്സു'മായിത്തീരുകയാണ് ഇന്‍റര്‍നെറ്റ്. എന്നാല്‍ ഇന്‍റര്‍നെറ്റില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ എല്ലാ കാര്യങ്ങളുടെയും അവസാന വാക്കായി കണക്കാക്കിക്കൂടാ. 

ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കാന്‍ നെറ്റും സൈറ്റും പരതുമ്പോള്‍ യാഥാര്‍ഥ വിവരങ്ങള്‍ മാത്രമല്ല, അസത്യങ്ങളും അര്‍ധസത്യങ്ങളും കൂടിയാണ് ലഭ്യമാകുന്നത്. ലക്ഷ്യത്തില്‍ നിന്നെത്രയോ പിഴച്ച വഴിയിലാവും ചിലപ്പോള്‍ ചെന്നെത്തുക.

ഈ പശ്ചാത്തലത്തിലാണ് ഇസ്‌ലാമിന്‍റെ ശരിയായ പാതയിലേക്കൊരു കവാടം തുറന്നു വെയ്ക്കുക എന്ന ലക്ഷ്യത്തോടെ ‘ഇസ്‌ലാം കവാടം ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി' പിറവി കൊള്ളുന്നത്.

 

ലക്ഷ്യം

ഇസ്‌ലാം സംബന്ധമായി മറ്റുപോര്‍ട്ടലുകള്‍ ലഭ്യമാണെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി യാഥാര്‍ഥ ഇസ്‌ലാമിനെ പരിചയപ്പെടാനും മനസ്സിലാക്കാനുമുള്ള അവസരം ഒരുക്കുകയാണ് കവാടം.

 

പ്രത്യേകത

ഇസ്‌ലാമിന്‍റെ ഏതെങ്കിലും ഭാഗങ്ങള്‍ വിശദീകരിക്കുകയല്ല മറിച്ച് സമഗ്രമായി പ്രതിപാദിക്കുകയാണിവിടെ. വിശ്വാസ-അനുഷ്ഠാന-സംസ്കാരങ്ങളും മുസ്‌ലിം  ലോകത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും ഉള്‍ക്കൊള്ളുന്ന ഈ പോര്‍ട്ടല്‍ പ്രാഥമിക പഠിതാവ് മുതല്‍ ഗവേഷകര്‍ക്കു വരെ ഉപയോഗിക്കത്തക്കവിധം ബഹുതലസ്പര്‍ശിയാണ്.  

ഇസ്‌ലാമിന്‍റെ മൗലികപ്രമാണങ്ങളില്‍ പ്രതിപാദിക്കപ്പെട്ട കാര്യങ്ങള്‍ മാത്രമാണിതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ലബ്ധപ്രതിഷ്ഠരായ പണ്ഡിതന്‍മാരാണ് ഇതിന്‍റെ ഓരോ ഭാഗങ്ങളും തയ്യാറാക്കിയിരിക്കുന്നത്. 

ഇസ്‌ലാമിന്‍റെ മൗലികപ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആനും നബിചര്യയുമാണ്. അവയുടെ അനുബന്ധമായി ഇജ്മാഅ്(പണ്ഡിതന്‍മാരുടെ ഐകകണ്ഠേനയുള്ള തീരുമാനം), ഖിയാസ് (ഗവേഷണാത്മക നിഗമനങ്ങള്‍) എന്നിവയും സ്വീകരിച്ചിട്ടുണ്ട്. അനുവാചകര്‍ക്ക് തുടര്‍പഠനത്തിനുതകുന്ന തരത്തില്‍ റഫറന്‍സുകളും കൃത്യമായി കൊടുത്തിട്ടുണ്ട്.

 

നിലപാട്

മുസ്‌ലിം  ലോകത്ത് ഇസ്‌ലാമിക വിഷയങ്ങളിലുള്ള വിശകലനങ്ങള്‍ മിക്കപ്പോഴും ലഭ്യമാകുന്നത് മദ്ഹബുകളുടെ (school of thought) നിലപാടുതറയില്‍ നിന്നുകൊണ്ടായിരിക്കും. മലയാളികള്‍ക്കിടയിലാണെങ്കില്‍ മുസ്‌ലിം  സംഘടനകളുമായി ബന്ധപ്പെട്ടുകൊണ്ടാണ് കാഴ്ചപ്പാടുകള്‍ രൂപീകരിക്കപ്പെടുന്നത്. ഇസ്‌ലാം കവാടത്തിന്‍റെ ഉള്ളടക്കങ്ങള്‍ക്ക് ഏതെങ്കിലും മദ്ഹബുമായോ പ്രസ്ഥാനങ്ങളുടെ ചിന്താധാരകളുമായോ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പ്രമാണങ്ങളോട് മാത്രമാണ് പ്രതിബദ്ധത.

ഉള്ളടക്കം കുറ്റമറ്റതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മനുഷ്യര്‍ക്ക് പൂര്‍ണതയില്ലല്ലോ. കണ്ടെത്തുന്ന/ചൂണ്ടിക്കാണിക്കപ്പെടുന്ന സ്ഖലിതങ്ങള്‍ അപ്പപ്പോള്‍ തിരുത്താന്‍ ഒരുക്കമാണ്. സമകാലിക ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ക്കനുസരിച്ച് ഉള്ളടക്കം അപ്ഡേറ്റ് ചെയ്യുകയും വിവരസാങ്കേതിക രംഗത്തെ നൂതനസൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും. ഇന്‍ശാ അല്ലാഹ്.

 

സിനാപ്സ്

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനാപ്സ് എന്ന സമിതിയാണ് ഇസ്‌ലാം കവാടം ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറിയുടെ അണിയറയില്‍. മനുഷ്യന്‍റെ നാഡീവ്യൂഹത്തിലെ (nervous system) സങ്കീര്‍ണ ധര്‍മങ്ങളുള്ള ഒരു ഘടകമാണ് സിനാപ്സ്. വൈജ്ഞാനിക ധൈഷണിക രംഗങ്ങളില്‍ ഒരു സിനാപ്സ് ആയി നിലകൊള്ളാന്‍  ഈ ഓണ്‍ലൈന്‍ പോര്‍ട്ടലിന് സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.

  • Monday Mar 31, 2025
  • Shawwal 1 1446