Skip to main content

നഗരാസൂത്രണം (3)

ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടിന്റെ അന്തിമദശകങ്ങള്‍ മുതല്‍ ആരംഭിക്കുകയും ഏകദേശം പതിനാറാം നൂറ്റാണ്ടു വരെ പ്രഭാവം നിലനില്ക്കുകയും ചെയ്ത മുസ്‌ലിം ലോകവും മാറി മാറി വന്ന ഭരണാധികാരികളും അവരുടെ ഭരണക്രമങ്ങളുമെല്ലാം ലോകനാഗരികതയ്ക്ക് അമൂല്യമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ശാസ്ത്രം, സാഹിത്യം, വിജ്ഞാനം, ഭരണം തുടങ്ങിയ വിവിധ തലങ്ങളില്‍ അവര്‍ ആവിഷ്‌കരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്ത പരിഷ്‌കരണങ്ങളും അവയോടെല്ലാം ഭരണാധികാരികള്‍ കാണിച്ച പ്രതിബദ്ധതയും അവിസ്മരണീയമാണ്; പിലക്കാലത്തേക്ക് മാതൃകയാണ്. നാഗരിക നിര്‍മിതയില്‍ പ്രധാനപ്പെട്ട ഒരു മേഖലയാണ് അവര്‍ നടത്തിയ നഗരാസൂത്രണവും നിര്‍മിച്ച നഗരങ്ങളും.

നബി(സ്വ)യുടെയും നാലു ഖലീഫമാരുടെയും ഭരണതലസ്ഥാനം മദീനയായിരുന്നു. എന്നാല്‍ നാലാം ഖലീഫ അലി(റ) തന്റെ തലസ്ഥാനം പിന്നീട് ഇറാഖിലെ കൂഫയിലേക്കു മാറ്റി. കൂഫയും ബസ്വറയും ഇറാഖിലെ പ്രശസ്തമായ രണ്ടു പുരാതന നഗരങ്ങളാണ്. ബനൂഉമയ്യ ഖലീഫമാര്‍ തങ്ങളുടെ തലസ്ഥാനമാക്കിയത് ഡമസ്‌കസ് ആയിരുന്നു. ഇന്നത്തെ സിറിയയുടെ തലസ്ഥാനം. നൂറ്റാണ്ട് പിന്നിട്ട് അബ്ബാസിയാ ഖലീഫമാര്‍ ഭരണം ഏറ്റെടുത്തു. അവര്‍ ഭരണസിരാകേന്ദ്രമാക്കിയത് ബഗ്ദാദിനെയായിരുന്നു. അതിനിടയില്‍ മുസ്‌ലിംകള്‍ ജിബ്രാള്‍ട്ടര്‍ കടന്ന് സ്‌പെയിനിലെത്തി. 'മുസ്‌ലിം സ്‌പെയിന്‍' എന്നറിയപ്പെടാന്‍ മാത്രം കാലം അവര്‍ സ്‌പെയിന്‍ ഭരിച്ചു. അവിടെ അവര്‍ നിര്‍മിച്ച പട്ടണമായിരുന്നു കൊര്‍ദോവ. ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും അവിടെയെല്ലാം തങ്ങളുടെതായ മുദ്ര പതിപ്പിച്ചവരാണ് മുസ്‌ലിം ഭരണാധികാരികള്‍. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെത്തിയ മുസ്‌ലിം സുല്‍ത്താന്‍മാരാണ് ഡല്‍ഹി എന്ന മഹാനഗരം കരുപ്പിടിപ്പിച്ചത്. നാഗരികത എന്ന പദം പോലും 'നഗരങ്ങളെ' സൂചിപ്പിക്കുന്നത് പ്രതീകാത്മകമായിരിക്കാം.
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446