അബൂസുഫ്‌യാന്റെ പുത്രി റംല, പ്രവാചകത്വ നിയോഗത്തിന്റെ പതിമൂന്നു വര്‍ഷം മുമ്പാണ് ജനിക്കുന്നത്. അവരാണ് സത്യവിശ്വാസികളുടെ മാതാവായി മാറിയ ഉമ്മുഹബീബ(റ). സമൂഹത്തിലെ പ്രമുഖനായിരുന്ന സ്വഖ്‌റുബ്‌നു ഹന്‍സിന്റെ -അബൂസുഫ്‌യാന്റെ- മകളെ ഭാര്യയായികിട്ടാന്‍ ഖുറൈശി യുവാക്കള്‍ ഒട്ടേറെ പേര്‍ കൊതിച്ചിരുന്നു. കൂട്ടത്തില്‍ സുന്ദരനും കുലീനനുമായ ഉബൈദുല്ലാഹിബ്‌നു ജഹ്ശിനാണ് അബൂസുഫ്‌യാന്‍ തന്റെ പ്രിയ മകളെ ജീവിത സഖിയാക്കി കൊടുത്തത്. ക്രിസ്തീയ സമൂഹത്തില്‍ വറഖതുബ്‌നു നൗഫലിന്റെ ഏറെ അടുത്ത സുഹൃത്തായി, വിഗ്രഹാരാധനകളോട് വിപ്രതിപത്തിയുമായി ജീവിച്ച ആ യുവാവ്, പിന്നീട് മുസ്‌ലിമായി. ആദ്യ ഹിജ്‌റയില്‍ അബ്‌സീനിയയിലേക്ക്‌പോയ മുസ്‌ലിംകളുടെ കൂട്ടത്തില്‍ ഉബൈദുല്ലയും ഭാര്യ റംലയും ഉണ്ടായിരുന്നു. എന്നാല്‍, അതുവരെ പ്രതീക്ഷിക്കാത്തത് സംഭവിച്ചു. ഉബൈദുല്ല തന്റെ പഴയ ക്രിസ്തീയതയിലേക്കു തിരിച്ചു പോയി. റംലയെ അതിനു നിര്‍ബന്ധിച്ചെങ്കിലും അവര്‍ ഈമാനിക മാര്‍ഗത്തില്‍ ഉറച്ചുനിന്നു. ഉപേക്ഷിക്കപ്പെട്ട റംല, അന്യനാട്ടില്‍ പ്രവാസത്തോടൊപ്പം ഏകാന്തതയും പേറേണ്ടി വന്നു.
ഭര്‍ത്താവ് ഉബൈദുല്ലാഹിബ്‌നു ജഹ്ശ് ഉപേക്ഷിച്ചതിനുശേഷം ദുരിതക്കയത്തില്‍ കണ്ണീര്‍ ജീവിതം നയിക്കവെയാണ് ഉമ്മുഹബീബയെത്തേടി നജ്ജാശി രാജാവിന്റെ അടുക്കല്‍ നിന്നുള്ള സന്തോഷവാര്‍ത്തയെത്തിയത്. ''തിരുനബി തന്നെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നു''. അല്ലാഹുവിനെ സ്തുതിച്ച്, നജ്ജാശിയോട് അവര്‍ സമ്മതമറിയിച്ചു.
ബന്ധുവായ ഖാലിദുബ്‌നുസഈദിനെവലിയ്യാക്കി നജ്ജാശിയുടെ നേതൃത്വത്തിലും നബിയുടെ പിതൃവ്യപുത്രന്‍ ജഅ്ഫറുള്‍പ്പെടെയുള്ള മുസ്‌ലിംകളുടെ സാന്നിധ്യത്തിലുമായി റംലയും -ഉമ്മുഹബിബ- തിരുനബിയും തമ്മിലുള്ള വിവാഹം നടന്നു. ഏറെ ദിനങ്ങള്‍ കഴിഞ്ഞ് മദീനയില്‍ വെച്ചാണ് ദമ്പതിമാര്‍ പിന്നീട് കാണുന്നത്.
ഉമയ്യ കുടുംബത്തില്‍ പ്രതാപിയായ അബൂസുഫ്‌യാന്റെ മകളായി ജനിച്ച റംല സമ്പന്നതയുടെ മടിത്തട്ടിലാണ് ബാല്യവും കൗമാരവും പിന്നിട്ടത്. എന്നാല്‍ അബൂസുഫ്‌യാനെയും സഹോദരന്‍ മൂആവിയയെയും ഞെട്ടിച്ച് റംലയും ഭര്‍ത്താവ് ഉബൈദുല്ലാഹിബ്‌നു ജഹ്ശും ഇസ്‌ലാമിന്റെ വെളിച്ചം സ്വീകരിച്ചു.
അരിശംമൂത്ത അബൂസുഫ്‌യാന്‍ മകളെയും മരുമകനെയും ശത്രുക്കളായി കണ്ടു. ഇതോടെ പീഡനം എല്ലാ അതിരുകളും വിട്ടു. ജീവിതം ദുരിതവും വേദനയും നിറഞ്ഞപ്പോള്‍ ദൂതരുടെ അനുമതിയോടെ ഇരുവരും അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയി.
എന്നാല്‍ റംലയുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കിക്കൊണ്ട് ഭര്‍ത്താവ് വഴിപിരിഞ്ഞു. വീണ്ടും ക്രൈസ്തവ വിശ്വാസിയായി. പിന്നീട് മദ്യസേവയടക്കമുള്ള തിന്മകളില്‍ മുഴുകുകയും വൈകാതെ മരിക്കുകയും ചെയ്തു. ഈ ദാമ്പത്യത്തില്‍ അവര്‍ക്കൊരു മകള്‍പിറന്നിരുന്നു, ഹബീബ. ഈ കുട്ടിയിലേക്ക് ചേര്‍ത്തിയാണ് റംല പിന്നീട് ഉമ്മുഹബീബ എന്ന പേരിലറിയപ്പെട്ടത്.
മുസ്‌ലിമായി ജീവിക്കാന്‍ പലായനം ചെയ്ത്, ഒടുവില്‍ തുണയില്ലാതെ അബ്‌സീനിയയില്‍ ഒറ്റപ്പെട്ടു പോയ ഉമ്മുഹബീബക്ക് പുതുജീവനായി, തിരുനബിയുടെ വിവാഹാലോചന.
ഖൈബര്‍ വിജയനാളില്‍ തിരുനബിയും കൂട്ടരും മദീനയില്‍ തിരിച്ചെത്തിയ അതേ സമയത്താണ് ഉമ്മുഹബീബയും മദീനയിലെത്തുന്നത്. ദമ്പതികള്‍ സന്ധിക്കുന്നത് അപ്പോഴാണ്. നബി(സ്വ) അവരെ വീട്ടിലേക്ക് കൊണ്ടു പോയി.
40ാം വയസ്സിലാണ് ഉമ്മുഹബീബ തിരുപത്‌നി പദത്തിലെത്തുന്നത്. ജീവിതത്തിലെ ആ മഹത്തായ സൗഭാഗ്യം അവരെ ഏറെസന്തോഷിപ്പിച്ചു.
ഒരിക്കല്‍, ഹുദൈബിയ സന്ധിയുടെ കരാര്‍ കാലാവധി നീട്ടുന്നതിനെപറ്റി തിരുനബിയുമായി അനുനയ ചര്‍ച്ച നടത്താന്‍, അബൂസുഫ്‌യാന്‍ മദീനയിലെത്തി. മകളായ ഉമ്മുഹബീബയെ കൂട്ടുപിടിച്ച് നബി(സ്വ)യെ സ്വാധീനിക്കാനായിരുന്നു ഉദ്ദേശിച്ചത്.
അബൂസുഫ്‌യാന്‍ വീട്ടില്‍ വന്നു. നബി(സ്വ)യുടെ വിരിപ്പിലിരിക്കാന്‍ ഭാവിച്ചു. ഉമ്മുഹബീബ വിരിപ്പ് പെട്ടെന്ന് വലിച്ചുമാറ്റി. വിളറിയ അയാള്‍ ദൈന്യതയോടെ കാരണമാരാഞ്ഞു. മകള്‍ പറഞ്ഞു:
''ഇത് അല്ലാഹുവിന്റെ ദൂതന്റെ വിരിപ്പാണ്'' ഇതില്‍ സത്യ നിഷേധിയായ നിങ്ങള്‍ ഇരിക്കുന്നത് എനിക്കിഷ്ടമില്ല.
തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ പിതാവിനെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. ''ബുദ്ധിമാനായ താങ്കള്‍ കല്‍വിഗ്രഹങ്ങളെ ആരാധിച്ച് കാലം കഴിക്കരുത് പിതാവേ.'' കോപം അടക്കാനാവാതെ അന്നയാള്‍ സ്ഥലംവിട്ടു. പിന്നീട് മക്കാ വിജയനാളിലാണ് അബൂസുഫ്‌യാന്‍ ഇസ്‌ലാം സ്വീകരിക്കുന്നത്.
ഉമ്മു ഹബീബയും സഫിയ ബിന്‍ത് ഹുയയ്യും ഒരേ കാലത്താണ് തിരുജീവിതത്തിലേക്ക് ഭാര്യമാരായെത്തിയത്. സൗദയും ഉമ്മുസലമ(റ)യും ഉമ്മുഹബീബയോടൊപ്പം അബ്‌സീനിയയിലുണ്ടായിരുന്നു.
നബിയുടെ മരണ ശേഷം വീട്ടിലൊതുങ്ങിക്കൂടിയ ഉമ്മുഹബീബ(റ), നമസ്‌കാരത്തിനല്ലാതെ വീടും, ഹജ്ജിനല്ലാതെ മദീനയും വിട്ടുപോയിട്ടില്ലെന്ന് ചരിത്രത്തില്‍ കാണാം. അറുപതിലേറെ ഹദീസുകള്‍ നിവേദനം ചെയ്ത ഇവര്‍ ഹിജ്‌റ 44ലാണ് രമിക്കുന്നത്.