Skip to main content

തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍

വ്യാജഹദീസുകള്‍ ചില പ്രത്യേക കാരണങ്ങളാല്‍ പ്രചാരം നേടിയെങ്കിലും വ്യാജവും യഥാര്‍ഥവും കൂടിക്കലര്‍ന്ന് നബിചര്യ നഷ്ടപ്പെടുകയോ ദുഷിച്ചുപോവുകയോ ചെയ്തിട്ടില്ല. വ്യാജഹദീസുകള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍  റിപ്പോര്‍ട്ടുകളിലെ നെല്ലും പതിരും വേര്‍തിരിക്കാനായി ഹദീസ് നിദാനശാസ്ത്രം (ഉസ്വൂലുല്‍ ഹദീസ്) ഉടലെടുത്തു. ഹദീസിന്റെ നിവേദക പരമ്പരയും (സനദും) മത്‌നും പരിശോധിച്ച് ഹദീസ് വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ സ്വീകരിച്ച ചില മാര്‍ഗങ്ങള്‍ ചുവടെ വിവരിക്കുന്നു.

1) നിവേദക പരമ്പരയിലെ ലക്ഷണങ്ങള്‍

a) നിവേദകന്‍ വ്യാജം പറയുന്നവനാണെന്ന് അറിയപ്പെട്ട ആളാണെങ്കില്‍ വിശ്വസ്തനായ മറ്റൊരു നിവേദകന്‍ ആ ഹദീസ് നിവേദനം ചെയ്യാതിരിക്കുകയും ചെയ്യുക.
b) ഹദീസ് തന്റെ സൃഷ്ടിയാണെന്ന് നിവേദകന്‍ തന്നെ സമ്മതിക്കുക
c) തന്റെ സമകാലികനല്ലാത്ത വ്യക്തിയില്‍ നിന്നോ താന്‍ സന്ധിച്ചിട്ടില്ലാത്ത വ്യക്തിയില്‍ നിന്നോ ഒരു നിവേദകന്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്താല്‍ അതിനെ വ്യാജ ഹദീസായി പരിഗണിക്കുന്നു. 
d) നിവേദകന്‍ വികാരാധീനനാകുന്നതും വ്യക്തി താല്‍പര്യങ്ങള്‍ക്കടിപ്പെടുന്നതും വ്യാജ ഹദീസുകളുടെ പിറവിക്ക് നിമിത്തമാകും. അത്തരം വ്യാജ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിച്ചാണ് അവയുടെ അവാസ്തവികത തെളിയിക്കപ്പെടുക.

2) മത്‌നിലെ ലക്ഷണങ്ങള്‍

a) റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസു വചനത്തിന്റെ (മത്‌ന്) പദങ്ങളും ആശയവും നബി(സ്വ)യില്‍ നിന്നുള്ളതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുള്ളതരത്തില്‍ വികലമാവുക. 
b) ആശയസംയോജനത്തിന് പഴുതുകളില്ലെങ്കില്‍ അയഥാര്‍ഥമായ ആശയങ്ങളുള്‍ക്കൊള്ളുന്ന വാക്യങ്ങളാവുക. 
c) ഖുര്‍ആനിന്നും സര്‍വാംഗീകൃത (മുതവാതിര്‍) പ്രവാചക വചനങ്ങള്‍ക്കും വിരുദ്ധമായിട്ടുള്ള വാക്യങ്ങളാവുക. 
d) പ്രസിദ്ധമായ ചരിത്ര സത്യങ്ങളോട് വിരുദ്ധമാവുക. 
e) നിവേദകന്റെ മദ്ഹബിനോടുള്ള യോജിപ്പ് വാക്യങ്ങളില്‍ പ്രകടമാവുക. 
f) ധാരാളം പേര്‍ നിവേദനം ചെയ്യാന്‍ സാധ്യതയുള്ള ഒരു സംഭവം ഒരാള്‍ മാത്രം നിവേദനം ചെയ്യുക, അതീവ ലളിതമായ ഒരു കര്‍മത്തിന് വന്‍ പ്രതിഫലവും നിസ്സാരമായ തെറ്റിന് വലിയ ശിക്ഷയും വാഗ്ദാനം ചെയ്യുന്ന വാക്യങ്ങള്‍ ആവുക .

ഇങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ വ്യാജഹദീസുകള്‍ പണ്ഡിതന്മാര്‍ തിരിച്ചറിയുകയും അവ തിരഞ്ഞെടുത്ത് പ്രത്യേകം ഗ്രന്ഥങ്ങളിലാക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥമാണ് ഇബ്‌നുല്‍ ജൗസിയുടെ ''അല്‍മൗദൂആത്ത്''. 

ഹദീസുകള്‍ പരിശോധിച്ച് സ്വഹീഹായതും ദുര്‍ബലമായതും വ്യാജവും നിര്‍മിതവും വേര്‍തിരിക്കുന്നതില്‍ അവഗാഹമുള്ള ഹദീസ് പണ്ഡിതന്മാര്‍ മഹത്തായ സേവനങ്ങളാണ് അര്‍പ്പിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ ആധുനികരില്‍ പ്രമുഖരാണ് ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി, ശൈഖ് അഹ്മദ് ശാക്കിര്‍ എന്നിവര്‍.
 

Feedback