സുന്നത്ത് എന്നാല്‍ മാര്‍ഗം, നടപടി എന്നൊക്കെയാണ് ഭാഷയില്‍ അര്‍ഥം. നല്ല മാര്‍ഗമായാലും ചീത്തമാര്‍ഗമായാലും ഭാഷയില്‍ അതിന് സുന്നത്ത് എന്ന് പ്രയോഗിക്കാറുണ്ട്. നബി(സ്വ) പറഞ്ഞു. ''ആരെങ്കിലും ഇസ്‌ലാമില്‍ ഒരു നല്ല സുന്നത്ത് നടപ്പിലാക്കിയാല്‍ അയാള്‍ക്ക് അതിന്റെ പ്രതിഫലവും, അതിനുശേഷം അതു ചെയ്തവരുടെ പ്രതിഫലവും ലഭിക്കും. അവരുടെ പ്രതിഫലം ഒട്ടും കുറയാതെ തന്നെ. ആരെങ്കിലും ഇസ്‌ലാമില്‍ ഒരു ചീത്ത സുന്നത്ത് നടപ്പിലാക്കിയാല്‍ അയാള്‍ക്ക് അതിന്റെ പാപഭാരവും, ശേഷം അതു ചെയ്തവരുടെ പാപഭാരവും ഉണ്ടാവും. അവരുടെ ഭാരം ഒട്ടും കുറയാതെ തന്നെ (മുസ്‌ലിം 1017). ഈ ഹദീസില്‍ സുന്നത്ത് എന്ന് പ്രയോഗിച്ചിരിക്കുന്നത് നടപടിക്രമം, സമ്പ്രദായം എന്നൊക്കെയുള്ള ആശയത്തിലാണ്.
എന്നാല്‍ ഇസ്‌ലാമിക സാങ്കേതികാര്‍ഥത്തില്‍ നബി(സ്വ)യുടെ വാക്കുകള്‍ പ്രവൃത്തികള്‍, അംഗീകാരം, ഗുണവിശേഷണം എന്നിവയെപ്പറ്റി ഉദ്ധരിക്കപ്പെടുന്നതെല്ലാം ഹദീസ് ആണ്. ഹദീസിന്റെ മറ്റൊരു പേരാണ് സുന്നത്ത്. പ്രവാചകന്റെ വാക്കും പ്രവൃത്തിയും സമ്മതവും വിശേഷണവും ഉള്‍പ്പെടുന്ന ഹദീസിന്റെ നിര്‍വചനം തന്നെയാണ് പണ്ഡിതന്‍മാര്‍ സുന്നത്തിനും നല്‍കിയിട്ടുള്ളത്. സുന്നത്ത് എന്ന പദം നടപടിക്രമം എന്ന അര്‍ഥത്തില്‍ ഉപയോഗിച്ചുവരുന്നു. ഇസ്‌ലാമിക സമൂഹം തലമുറകളായി തുടര്‍ന്നുവന്നതും ഇനിയും തുടരേണ്ടതുമായതിനെ സൂചിപ്പിക്കുന്നു. ഉദാഹരണമായി പ്രവാചകന്‍(സ്വ) അഞ്ചു സമയത്തെ നമസ്‌കാരങ്ങള്‍ വ്യവസ്ഥാപിതമായി അനുഷ്ഠിക്കുകയും സ്വഹാബത്തും പില്‍ക്കാത്ത് അനുയായികളും അത് പിന്തുടരുകയും ചെയ്തു. ഇനിയും അത് തുടരണം. ഈ സമ്പ്രദായത്തിന് നബി(സ്വ)യുടെ ഹദീസ് എന്നല്ല, സുന്നത്ത് എന്നാണ് പറയുന്നത്. നബി(സ്വ)യുടെ സുന്നത്ത് എന്നാല്‍ നബി നടപ്പില്‍ വരുത്തിയ സമ്പ്രദായം എന്നര്‍ഥം. അതായത് നബിചര്യ.
വിശുദ്ധ ഖുര്‍ആന്റെ വിവരണമാണ് സുന്നത്ത്. ഖുര്‍ആനില്‍ പരാമര്‍ശിച്ച 'സ്വിറാത്വുല്‍ മുസ്തഖീം, ഉസ്‌വത്തുന്‍ഹസന, അസ്സബീല്‍ എന്നിവകൊണ്ട് അര്‍ഥമാക്കുന്നതും സുന്നത്ത് ആണ്. സുന്നത്തിന്റെ വഴി എന്ന ഭാഷാര്‍ഥത്തെ അന്വര്‍ഥമാക്കുകയാണ് ഈ പദങ്ങള്‍. പ്രവാചകന്റെ സുന്നത്ത് പോലെതന്നെ സച്ചരിതരായ ഖലീഫമാരുടെ സുന്നത്തും മുറുകെപ്പിടിക്കാന്‍ നബി(സ്വ) കല്പിച്ചിട്ടുണ്ട്. കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ നിര്‍വചനപ്രകാരം, അനുഷ്ഠിച്ചാല്‍ പ്രതിഫലമുള്ളതും അനുഷ്ഠിക്കാതിരുന്നാല്‍ കുറ്റമില്ലാത്തതുമായ കാര്യങ്ങള്‍ക്കാണ് സുന്നത്ത് എന്നുപറയുന്നത്.
'ഹദീസി'ന്റെ പര്യായപദങ്ങളിലൊന്നായിട്ടാണ് 'ഖബര്‍'വിവക്ഷിക്കപ്പെടുന്നത്. ഖബര്‍ എന്ന വാക്കിന്റെ അര്‍ഥം വാര്‍ത്ത എന്നാണ്. ഖബറിനെക്കുറിച്ച് സാങ്കേതികമായി ഒന്നിലേറെ വീക്ഷണങ്ങളുണ്ട്. (ഒന്ന്) ഹദീസിന്റെ പര്യായം തന്നെയാണ് ഖബര്‍. അതിനാല്‍ ഹദീസും ഖബറും അര്‍ത്ഥത്തിലും ആശയത്തിലും ഒന്നുതന്നെ. (രണ്ട്) ഹദീസ് നബി(സ്വ) യില്‍ നിന്നും ഖബര്‍ മറ്റുള്ളവരില്‍ നിന്നും വന്നതാണ്.
രാജാക്കന്മാരെയും സുല്‍ത്താന്മാരെയും കുറിച്ചുള്ള വാര്‍ത്തകള്‍, കഴിഞ്ഞകാല സംഭവങ്ങള്‍ എന്നിവയുടെ വിവരണമായും ഖബര്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഈ അടിസ്ഥാനത്തില്‍ ഹദീസ്-സുന്നത്ത് പണ്ഡിതന് മുഹദ്ദിസ് എന്നും ചരിത്ര പണ്ഡിതന് അഖ്ബാരി എന്നും പറയപ്പെടുന്നു.
ഹദീസിന്റെ മറ്റൊരു പര്യായപദമാണ് 'അസറ്'. ഒരു വസ്തുവിന്റെ അവശിഷ്ടം, അടയാളം എന്നൊക്കെ ഭാഷാപരമായി അസറ് എന്നതിന് അര്‍ഥമുണ്ട്. ഈ പദത്തിന്റെ സാങ്കേതിക വിവക്ഷയെപ്പറ്റി രണ്ട് അഭിപ്രായങ്ങളുണ്ട്. (ഒന്ന്) ഹദീസ് തന്നെയാകുന്നു അസറ്. നബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട പ്രാര്‍ഥനകള്‍ക്ക് 'അല്‍ അദ്ഇയത്തുല്‍ മഅ്‌സൂറ' എന്നാണ് പറയുക. (രണ്ട്) സ്വഹാബിമാര്‍, താബിഇകള്‍ എന്നിവരിലേക്ക് ചേര്‍ത്ത് ഉദ്ധരിക്കപ്പെട്ട വാക്കുകളും പ്രവൃത്തികളും. നബി(സ്വ)യിലേക്ക് ചേര്‍ത്തു പറയുന്ന കാര്യം പൂര്‍ണമായും ശരിയായിരിക്കണമെന്ന് സ്വഹാബിമാര്‍ക്ക് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നതിനാല്‍ സൂക്ഷ്മതയ്ക്ക് വേണ്ടി പല വചനങ്ങളും നബി(സ്വ)യിലേക്ക് ചേര്‍ക്കാതെ അവര്‍ ഉദ്ധരിക്കാറുണ്ടായിരുന്നു.
ചുരുക്കത്തില്‍ ഹദീസ്, സുന്നത്ത്, ഖബര്‍, അസര്‍ എന്നിവ ഒരേ അര്‍ഥം കുറിക്കുന്ന പര്യായപദങ്ങള്‍ ആണ്. സൂക്ഷ്മ വിശകലനത്തില്‍ അതിലെ നിര്‍വചനങ്ങളില്‍ ഭിന്നവീക്ഷണങ്ങള്‍ കാണാന്‍ കഴിയും.
തിരുദൂതരുടെയും സ്വഹാബിമാരുടെയും വാക്കുകളും പ്രവൃത്തികളും സമ്മതങ്ങളുമാണ് ഹദീസിന്റെ മുഖമുദ്ര. അവയത്രയും പ്രശംസനീയമാംവിധം പ്രയോഗവല്‍ക്കരിക്കപ്പെട്ട ഇസ്‌ലാമിന്റെ സുവര്‍ണ കാലഘട്ടത്തിലെ ചരിത്രത്തിന് 'സീറ' എന്ന് പറയാം.
പ്രവാചകന്റെ ജീവിതം, അനുയായികളുടെ സഹകരണം, മക്കയിലെയും മദീനയിലെയും വ്യത്യസ്താനുഭവങ്ങള്‍, ചുറ്റുപാടുകള്‍, സംഭവങ്ങള്‍, യാത്രകള്‍, യുദ്ധങ്ങളിലെ നടപടിക്രമങ്ങള്‍, ഉടമ്പടികള്‍, ധീരകൃത്യങ്ങള്‍, ഇസ്രാഅ്, മിഅ്‌റാജ്, ഹജജത്തുല്‍വിദാഅ്, ഖുലാഫാ ഉറാശിദുകളുടെ ഭരണകാലം, തിരുദൂതരുടെ കുടുംബജീവിതം, രോഗം, മരണം, മരണാനന്തര ക്രിയകള്‍ തുടങ്ങി എല്ലാം സീറയില്‍ വിശദമായി വരുന്നു.