മനുഷ്യസമൂഹത്തിന്റെ ഏറ്റവും ചെറിയ ഏകകമാണ് കുടുംബം. സമൂഹമായി ജീവിക്കുന്ന പല ജീവിവര്‍ഗങ്ങളും പ്രപഞ്ചത്തില്‍ ഉണ്ടെങ്കിലും കുടുംബവും കുടുംബ ബന്ധവും പുലര്‍ത്തുന്ന ഒരു ജീവിയുമില്ല; മനുഷ്യനല്ലാതെ. ഒരു റാണിയെ കേന്ദ്രീകരിച്ച് ഒരു തേനീച്ചക്കൂട്ടം ഉണ്ടായിത്തീരുന്നതു പോലെയല്ല മനുഷ്യന്റെ കുടുംബത്തിന്റെ ഉത്ഭവവും നിലനില്പുമുള്ളത്. ഒരോ വ്യക്തിയും പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍ ജന്തുക്കളെപ്പോലെ ഇണയെ പ്രാപിക്കുകയല്ല ചെയ്യുന്നത്. ആണായാലും പെണ്ണായാലും തനിക്കിണങ്ങിയ ഒരിണയെ തെരഞ്ഞെടുക്കുന്നു. ആ ഇണയോടൊത്തു ആജീവനാന്തം കഴിഞ്ഞുകൂടുന്നു. മക്കളുണ്ടാകുന്നു. ഓരോ കുടുംബത്തില്‍ നിന്നും പിന്നെയും കുടുംബങ്ങളുണ്ടാവുന്നു. മാതാപിതാക്കള്‍, മക്കള്‍, പേരമക്കള്‍, പിതാമഹന്‍, പ്രപിതാമഹന്‍ എന്നിങ്ങനെ മൂന്നുനാലു തലമുറകള്‍ ഒരേസമയം നിലനില്ക്കുന്നു. ആരുടെയും മരണത്തോടെ ഈ ബന്ധങ്ങള്‍ അവസാനിക്കുന്നില്ല. ഇതാണ് പൊതുവെ മനുഷ്യസമൂഹത്തിന്റെ കുടുംബസങ്കല്പം.
ഈ മനുഷ്യപ്രകൃതിയെ ഏറ്റവും മാതൃകായോഗ്യമായി പ്രയോഗവത്കരിക്കുകയാണ് ഇസ്‌ലാമിക കുടുംബ സംവിധാനത്തിലൂടെ ചെയ്യുന്നത്. അതിന്റെ വിശദാംശങ്ങള്‍ വിശകലനം ചെയ്യുകയാണ് ഈ ശീര്‍ഷകത്തിനു കീഴില്‍.