മനുഷ്യന്റെ ശരീരവും മനസ്സുമെല്ലാം സന്തുലിതമായ താളക്രമത്തോടെ നിലനില്ക്കുന്ന അവസ്ഥയ്ക്ക് ആരോഗ്യം എന്നു പറയാം. ഏതെങ്കിലും ഭാഗത്ത്, ബാഹ്യമായോ ആന്തരികമായോ, അസന്തുലിതത്വമോ താളഭംഗമോ വന്നാല്‍ അതു രോഗമാണ്. ശരീരത്തിനകത്തെ പ്രക്രിയകളില്‍ വരുന്ന തകരാറു മൂലവും രോഗാണുക്കളുടെയോ മറ്റോ പുറത്തു നിന്നുള്ള ഇടപെടല്‍ കൊണ്ടോ രോഗം ഉണ്ടാവാം. ശരീരം നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ശരീരത്തിനകത്തു തന്നെ സ്രഷ്ടാവ് സംവിധാനിച്ചിട്ടുണ്ട്. അതാണ് ശരീരത്തിന്റെ പ്രതിരോധ ശേഷി (Immunity power). പ്രകൃത്യായുള്ള പ്രതിരോധശേഷി കൊണ്ട് പ്രതിരോധിക്കാനാവാത്ത തരത്തില്‍ പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ചികിത്‌സ ആവശ്യമായി വരുന്നു. അകത്ത് പ്രതിരോധശേഷി ഏര്‍പ്പെടുത്തിയ പോലെ പുറമെ പ്രകൃതിയില്‍ നിരവധി പ്രതിരോധൗഷധങ്ങള്‍ സ്രഷ്ടാവ് സംവിധാനിച്ചിട്ടുണ്ട്. മനുഷ്യന്ന് നല്കപ്പെട്ട ബുദ്ധിയും ചിന്താശേഷിയും ഉപയോഗിച്ച് അവ കണ്ടെത്തണമെന്നു മാത്രം.
രോഗം വരാതെ സൂക്ഷിക്കണമെന്നും രോഗം വന്നാല്‍ ചികിത്‌സിക്കണമെന്നും മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് നബി ചികിത്‌സ പഠിപ്പിച്ചിട്ടില്ല, അത് അദ്ദേഹത്തിന്റെ നിയോഗ ദൗത്യവുമല്ല. എന്നാല്‍ ചികിത്‌സിക്കാതെ നാശത്തിലേക്കു നീങ്ങുന്നതും ചികിത്‌സയുടെ പേരില്‍ അരുതാത്തതോ അന്ധവിശ്വാസമോ ആയിക്കൂടാ എന്ന് നബി നിഷ്‌കര്‍ഷിക്കുന്നു. ക്രമീകൃതാഹരവും പ്രാര്‍ഥനയും ആരോഗ്യം പ്രദാനം ചെയ്യുമെന്നതില്‍ സംശയമില്ല.