മുഹമ്മദ് നബി(സ്വ)യുടെ ആഗമനം കൊണ്ടും അവിടുത്തെ പ്രബോധക ജീവിതം കൊണ്ടും ധന്യമായ അറേബ്യയും അയല്‍രാജ്യങ്ങളും ഖുര്‍ആനും നബിചര്യയും പ്രമാണങ്ങളാക്കി മുന്നോട്ടുപോയി. അവര്‍ക്കിടയിലുണ്ടായിരുന്ന കഴിവുറ്റ പണ്ഡിതര്‍ ഈ പ്രമാണങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് മുഖ്യ ആശ്രയമായി. എന്നാല്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഇസ്‌ലാം ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലുമെത്തി. അവിടങ്ങളില്‍ മുസ്‌ലിംകളുണ്ടായി. ഇസ്‌ലാമുമായി ഒരു സന്ധിയിലും യോജിക്കാത്ത വിശ്വാസാചാരങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് കടന്നുവന്നവരായിരുന്നു ഇവര്‍. ഇവരില്‍ പലര്‍ക്കും ഖുര്‍ആനും സുന്നത്തും യഥാവിധി മനസ്സിലാക്കാന്‍ കഴിയാതെ പോയി.
ഗ്രീക്ക് തത്ത്വചിന്തകരും യുക്തിശാസ്ത്രത്തിന്റെ വക്താക്കളും ക്രൈസ്തവതയും അഗ്നിപൂജക്കാരും മറ്റും ഈ സമൂഹങ്ങളുടെ പരിസരങ്ങളിലുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്ക് ഇവരുമായി സംവാദം നടത്തേണ്ടിവന്നു. സംവാദങ്ങള്‍ ചിലപ്പോഴെങ്കിലും നിയന്ത്രണം വിട്ടു. ഇസ്‌ലാമിക വിശ്വാസത്തിന് ശാസ്ത്രീയ മുഖം നല്‍കാനും, ഇസ്‌ലാമിനെയും ശാസ്ത്രത്തെയും സമന്വയിപ്പിക്കാനും മുസ്‌ലിം പണ്ഡിതര്‍ ശ്രമിച്ചു. ഈ രംഗത്ത് ചിലരുടെയെങ്കിലും ശ്രമം ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനത്തിലേക്കും ഒരു വേള നിഷേധത്തിലേക്കും വരെ എത്തിയെന്നതാണ് ഖേദകരമായ ഒരു വസ്തുത.
തത്ത്വചിന്ത വേരു പിടിച്ചപ്പോള്‍ അതിന്റെ അപഥ സഞ്ചാരത്തിന്റെ ഫലമായി മിക്കപ്പോഴും പടര്‍ന്നു വന്നത് നാസ്തികതയായിരുന്നു. സാന്‍മാര്‍ഗികതയെ നിഷേധിക്കുകയും, അരാജകത്വത്തിന് പ്രോത്സാഹനം നല്‍കുകയും ചെയ്തു ഇക്കൂട്ടര്‍. ജ്യോത്സ്യംപോലും അബ്ബാസിയ ഖലീഫമാര്‍ ചിലരെങ്കിലും വിശ്വസിച്ചിരുന്നതായി പറയുന്നു.
ഇതിനെല്ലാം പുറമെ മുഅ്തസിലി, മുര്‍ജിഈ, ശിഈ ചിന്താധാരകളും സമൂഹത്തില്‍ ആഴത്തില്‍ പ്രചരിച്ചു. ഖുര്‍ആന്‍ സൃഷ്ടിയാണോ, പാപി കാഫിറാണോ തുടങ്ങിയ ചോദ്യങ്ങളുതിര്‍ത്തും വിവാദങ്ങളിലേര്‍പ്പെട്ടും പണ്ഡിതര്‍ സമയം കളഞ്ഞു. ഇതും സമൂഹങ്ങളെ അധഃപതനത്തിലേക്ക് നയിച്ചു. ഇസ്‌ലാമിക വിരുദ്ധവും ജീര്‍ണവുമായ സംസ്‌കാരത്തെ അവര്‍ പുല്‍കി. സാഹിത്യത്തിന്റെ പേരില്‍ പുകഴ്ത്തലും സ്തുതി പാടലും വ്യാപകമായി. സമൂഹത്തില്‍ മദ്യാസക്തിയും ലൈംഗികതയും നടമാടി. രാജസദസ്സുകളില്‍ അപ്പോഴും ഇല്‍മുല്‍ കലാമും മെറ്റാഫിസിക്‌സും (ആത്മതത്ത്വശാസ്ത്രം) സംബന്ധിച്ച ചര്‍ച്ചയ്ക്ക് ആസ്ഥാന പണ്ഡിതര്‍ വിയര്‍ത്തൊലിച്ചു.
ഈയൊരു സവിശേഷ സാഹചര്യത്തിലാണ്, വഴിപിഴച്ച സര്‍വ ശാസ്ത്രങ്ങളെയും ഒഴിവാക്കി ദൈവത്തെയും അവന്റെ നിയമങ്ങളെയും അറിയാന്‍ ഉത്തമ നൂറ്റാണ്ടിലേക്ക് മടങ്ങണമെന്ന ആഹ്വാനവുമായി ലോകത്തിന്റെ വിവിധ മേഖലകളില്‍ ചില പണ്ഡിതന്മാര്‍ രംഗത്തു വന്നത്. അല്ലാഹുവിനെ അറിയാന്‍ ഖുര്‍ആനും അതിന്റെ വിശദീകരണമായ ഹദീസുമാണ് അവലംബിക്കേണ്ടതെന്നും അതിന് പ്രധാനമായി ആശ്രയിക്കേണ്ടത് അവ രണ്ടിന്റെയും സാക്ഷ്യങ്ങളായ സ്വഹാബികളെയാണെന്നും അവര്‍ പ്രഖ്യാപിച്ചു. 'സലഫ്'ന്റെ മാതൃകയനുസരിച്ച് ഖുര്‍ആനിലേക്കും നബിചര്യയിലേക്കും മടക്കുക എന്ന തത്ത്വം ജനങ്ങളിലേക്കെത്തിച്ചു കൊണ്ട് ഒരു കക്ഷിയിലും ചേരാതെ നിലകൊണ്ടവരാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ എന്ന പേരില്‍ മാറി നിന്നത്. ഇസ്‌ലാമിക നവോത്ഥാനം (ഇസ്വ്‌ലാഹ്) സാധിതമാക്കിയ ഈ പണ്ഡിതന്മാരുടെയും സാധാരണക്കാരുടെയും കൂട്ടായ്മ തന്നെയാണ് സലഫി പ്രസ്ഥാനം എന്നു പറയുന്നതും. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ എന്നതും സലഫിന്റെ സരണി എന്നു പറയുന്നതും ഒരേ ആശയമാണ്. അത് ഒരു സംഘമോ സംഘടനയോ അല്ല. അത് ഒരു നിലപാടാണ്.