Skip to main content

ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാം ആശ്ലേഷം (1)

കേരളത്തിലെ ഇസ്‌ലാം മത പ്രചാരണാരംഭത്തിന്റെ ചരിത്രം അയവിറക്കുമ്പോള്‍ അതിന്റെ അനിവാര്യ നാമങ്ങളിലൊന്നാണ് മുസ്‌രിസ് (കൊടുങ്ങല്ലൂര്‍) തലസ്ഥാനമായി ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍. ചേരകുലത്തിലെ അവസാനത്തെ രാജാവായിരുന്നു ഇദ്ദേഹം.


ലോഗന്റെ മലബാര്‍ മാന്വലില്‍ വിശദമായി പറഞ്ഞ ചേരമാന്റെ അറേബ്യയാത്ര ഇവിടെ സംഗ്രഹിക്കാം. പിറകെ വിശകലനവുമാകാം:
ഒരിക്കല്‍ മക്കയുടെ മാനത്ത് ചന്ദ്രന്‍ രണ്ടായി പിളരുകയും അല്പ സമയത്തിന് ശേഷം പിളര്‍ന്ന കഷണങ്ങള്‍ കൂടിച്ചേര്‍ന്ന് ചന്ദ്രന്‍ അസ്തമിക്കുകയും ചെയ്തതായി പെരുമാള്‍ സ്വപ്നത്തില്‍ ദര്‍ശിച്ചു. ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം അറേബ്യയില്‍ നിന്നുള്ള ഒരു സംഘം തീര്‍ഥാടകര്‍ കൊടുങ്ങല്ലൂരിലെത്തി. അവര്‍ രാജാവിനെ കണ്ടപ്പോള്‍ അദ്ദേഹം അവരുടെ നാട്ടിലെ വിശേഷങ്ങളാരാഞ്ഞു. സംഘത്തിലെ ശൈഖ് സകീഉദ്ദീന്‍ എന്ന ഒരാള്‍ വിശേഷങ്ങള്‍ വിവരിക്കുന്നതിനിടെ, ആയിടെ മക്കയിലുണ്ടായ അത്ഭുത ദൃഷ്ടാന്തമായ ചന്ദ്രന്‍ പിളര്‍ന്ന സംഭവവും അനുസ്മരിച്ചു. ഇതു കേട്ട ചക്രവര്‍ത്തിക്ക് അത്ഭുതം അടക്കാനായില്ല. താന്‍ കണ്ട അതേ സ്വപ്നം തന്നെ.


നിങ്ങള്‍ മടങ്ങിപ്പോകുമ്പോള്‍ ഞാനും ഒപ്പമുണ്ടെന്ന് അദ്ദേഹം ശൈഖിനെ അറിയിച്ചു. ഭരണപരമായ കാര്യങ്ങള്‍ സാമന്ത രാജാക്കന്മാര്‍ക്ക് അവരുടെ ഭാഗം പകുത്തു നല്‍കല്‍ എന്നിവ എട്ടു ദിവസം കൊണ്ട് സ്വകാര്യമായി പൂര്‍ത്തിയാക്കി പെരുമാള്‍ അവരോടൊപ്പം അറേബ്യയിലേക്ക് യാത്രയായി.
യാത്രയ്ക്കിടെ കൊയിലാണ്ടി കൊല്ലം, തലശ്ശേരി ധര്‍മടം എന്നിവിടങ്ങളിലിറങ്ങി ഓരോ ദിവസം തങ്ങി. പിന്നീട് ദീര്‍ഘമായ സമുദ്രയാത്രക്കു ശേഷം അറേബ്യന്‍ തീരമായ ഷാര്‍ (ശഹര്‍ മുഹല്ലഖ) പട്ടണത്തില്‍ ഇറങ്ങി. അവിടെ ദീര്‍ഘകാലം അദ്ദേഹം താമസിക്കുകയും ചെയ്തു.


അബ്ദുറഹ്മാന്‍ സമിരി എന്ന പേരു സ്വീകരിച്ച് മുസ്‌ലിമാവുകയും റഹബിയ്യത്ത് എന്ന സ്ത്രീയെ വധുവാക്കുകയും ചെയ്തു. പെരുമാള്‍ വര്‍ഷങ്ങളോളം അവിടെ കഴിച്ചു കൂട്ടി.


പിന്നീട് ജന്മനാട്ടിലേക്ക് മടങ്ങാനും ഇസ്‌ലാം പ്രചരിപ്പിക്കാനും പള്ളികള്‍ പണിത് അവിടെ കഴിച്ചുകൂട്ടാനും ആഗ്രഹിക്കുകയും മടക്കയാത്രക്ക് കപ്പല്‍ സജ്ജീകരിക്കാന്‍ ഒരുങ്ങുകയും ചെയ്യവെ പെരുമാള്‍ രോഗിയാവുകയായിരുന്നു. രോഗമുക്തിയുണ്ടാവില്ലെന്നറിഞ്ഞ അദ്ദേഹം നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചു. എന്നാല്‍ യാത്ര ഉപേക്ഷിക്കരുതെന്നും നാട്ടില്‍ പോയി 'നാലാം വേദം' (ഇസ്‌ലാം) പ്രചരിപ്പിക്കണമെന്നും തന്റെ അനുയായികളോട് അപേക്ഷിക്കുകയും ചെയ്തു. അവരെ പരിചയപ്പെടുത്തിക്കൊണ്ടും പള്ളികള്‍ പണിയാന്‍ സ്ഥലവും അവയുടെ നടത്തിപ്പിനാവശ്യമായ ഭൂസ്വത്തും നല്‍കണമെന്നും നിര്‍ദേശിച്ചുള്ള തിട്ടൂരങ്ങള്‍ തയ്യാറാക്കി അനുയായികളെ ഏല്‍പിച്ചു. തിട്ടൂരങ്ങള്‍ തന്റെ സാമന്തരായ രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും ഉള്ളതായിരുന്നു.


താന്‍ ആസന്ന മരണനാണെന്ന് പ്രജകളെ അറിയിക്കരുത്, കൊടുങ്ങല്ലൂര്‍, പന്തലായനി കൊല്ലം, ധര്‍മപട്ടണം, കൊയിലാണ്ടി എന്നിവിടങ്ങളില്‍ മാത്രമേ കപ്പലിറങ്ങാവൂ എന്നിങ്ങനെ പെരുമാള്‍ അവരെ ഉണര്‍ത്തുകയും ചെയ്തിരുന്നു.


വൈകാതെ പെരുമാള്‍ മരിച്ചു. എട്ടു വര്‍ഷം കഴിഞ്ഞാണ് മാലിക്കുബ്‌നു ദീനാറും കുടുംബവും തിട്ടൂരങ്ങളുമായി മലനാട്ടിലേക്ക് തിരിച്ചത്. കൊടുങ്ങല്ലൂരിലെ നാടുവാഴി അവരെ സ്വീകരിക്കുകയും തിട്ടൂരങ്ങള്‍ പ്രകാരം സൗകര്യങ്ങള്‍ അനുവദിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരില്‍ പള്ളി പണിതു. അവിടെ ആദ്യ ഖാസിയായി മാലിക്കുബ്‌നു ദീനാര്‍ അവരോധിതനുമായി. (മലബാര്‍ മാന്വല്‍, മലയാള പരിഭാഷ, 10-ആം പതിപ്പ്, പേജ് 151).    

Feedback