Skip to main content
muslaim

മുസ്‌ലിം ലോകം

ഇസ്‌ലാം വ്യാപകമായി പ്രചാരത്തിലുള്ള നാടുകളെ കുറിച്ചുള്ള ചെറു വിവരണമാണ് മുസ്‌ലിം ലോകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; ഇസ്‌ലാം മതമനുസരിച്ച് ജീവിക്കുന്ന ജനങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍. ഇസ്‌ലാമിക ലോകമല്ല അതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് എന്നു ചുരുക്കം.

യു എന്‍ അംഗീകൃത രാജ്യങ്ങളില്‍ അഫ്ഗാനിസ്താന്‍ മുതല്‍ യമന്‍ വരെയുള്ള 51 രാജ്യങ്ങളുടെ ഹ്രസ്വ ചരിത്രം പറയുന്നുണ്ട്. ഹിജ്‌റ രണ്ടാം ദശാബ്ദം മുതല്‍ (എ ഡി 636) 1400 വര്‍ഷത്തിനിടെ വിവിധ കാലഘട്ടങ്ങളില്‍ ഇസ്‌ലാമിക വിശ്വാസം കടന്നുവരികയും ജനങ്ങളെ വ്യാപകമായ തോതില്‍ സ്വാധീനിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ നാടുകളിലെ ജനങ്ങള്‍ ഭൂരിപക്ഷവും മുസ്‌ലിംകളായത്. വിശ്വാസം ജനങ്ങള്‍ സ്വയം പുല്‍കിയ സാഹചര്യമാണേറെയും. എങ്കിലും ഭരണാധികാരികളുടെ മനംമാറ്റത്തെ തുടര്‍ന്ന് സമൂഹമൊന്നാകെ ഇസ്‌ലാമിന്റെ വഴിയിലേക്കു മാറിയ ചരിത്രവുമുണ്ട്. 

ലോക ജനസംഖ്യയില്‍ 24.1 ശതമാനം മുസ്‌ലിംകളാണെന്നാണ് 2015ല്‍ നടത്തിയ പഠനമനുസരിച്ച് കണക്കാക്കപ്പെട്ടിട്ടുള്ളത്. അഥവാ 1.8 ബില്യന്‍ മുസ്‌ലിംകളാണ് ലോകത്തുള്ളത്. 

മെന മേഖലയില്‍ (മിഡ്‌ലീസ്റ്റ്-ഉത്തരാഫ്രിക്ക) ജനസംഖ്യയുടെ 91 ശതമാനവും മുസ്‌ലിംകളാണെങ്കിലും ലോകമുസ്‌ലിംകളില്‍ ഭൂരിപക്ഷവും-31 ശതമാനം- ഏഷ്യന്‍ വംശജരാണെന്ന് കണക്കുകള്‍ പറയുന്നു. സഹാറ മരൂഭൂമിയോടു ചേര്‍ന്ന രാജ്യങ്ങളിലാണ് പിന്നീട് കൂടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്നത്. മധ്യേഷ്യയില്‍ 89 ശതമാനവും യൂറോപ്പില്‍ ആറു ശതമാനവും അമേരിക്കന്‍ നാടുകളില്‍ ഒരു ശതമാനവുമാണ് മുസ്‌ലിം ജനസംഖ്യ. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ ജി ഡി പി (മൊത്തം ആഭ്യന്തരോത്പാദനം) 5.7 ട്രില്യനാണെന്നാണ് 2016ല്‍ കണക്കാക്കിയിട്ടുള്ളത്.

മുസ്‌ലികളില്‍ 90 ശതമാനത്തോളം സുന്നികളും പത്തു ശതമാനത്തിനടുത്ത് ശീഈകളും ഒരു ശതമാനത്തോളം ഇതര വിഭാഗങ്ങളുമാണുള്ളത്. 

ലോകത്തെ ഏറ്റവും വികസിത രാജ്യങ്ങളും (ആളോഹരി വരുമാനം) ഏറ്റവും ദരിദ്ര രാജ്യങ്ങളും മുസ്‌ലിം ലോകത്തുണ്ട്. ജനക്ഷേമം, സാമൂഹിക-സാമ്പത്തിക പുരോഗതി തുടങ്ങിയ അളവുകോലുകളില്‍ മുന്നില്‍ നില്‍ക്കുന്നവയും രാഷ്ട്രീയ- സാമൂഹിക അരാജകത്വം തുടര്‍ക്കഥയായ രാജ്യങ്ങളും മുസ്‌ലിം ലോകത്തിനു പരിചിതമാണ്. 

രാജഭരണവും ജനാധിപത്യ സംവിധാനവും ഏകകക്ഷി പ്രസിഡന്‍ഷ്യല്‍ ഭരണ വ്യവസ്ഥയും ഇവിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. മുസ്‌ലിംകള്‍ ഭൂരിപക്ഷമെങ്കിലും ഇതര വിഭാഗക്കാര്‍ ഭരിക്കുന്ന നാടുകളും കാണാം. ലോകത്ത് ഇന്തൊനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ ഉള്ള രാജ്യമാണ് ഇന്ത്യയെങ്കിലും മുസ്‌ലിം ഭൂരിപക്ഷ രാജ്യമല്ലാത്തതിനാല്‍ ഇവിടെ പരാമര്‍ശിച്ചിട്ടില്ല. ജനസംഖ്യയില്‍ മുസ്‌ലിംകള്‍ ഏറെയുള്ള, ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഏറെയും മതസ്വാതന്ത്ര്യം ഭരണഘടനാ പരമായി ഉറപ്പു നല്‍കപ്പെട്ടിട്ടുണ്ടെന്നതു ശ്രദ്ധേയമാണ്.
 

Feedback