Skip to main content

നിര്‍ഭയത്വം

മനുഷ്യരില്‍ ബഹുഭൂരിപക്ഷത്തെയും ഭരിച്ചുകൊണ്ടിരിക്കുന്ന വികാരമാണ് ഭയം. അടിസ്ഥാന രഹിതമായ ഭയാശങ്കകളില്‍ നിന്ന് മോചിതരാവാന്‍ വേണ്ടി മനുഷ്യന്‍ മന്ത്രവാദികളെയും പുരോഹിതന്മാരെയും സമീപിക്കുന്നു. മുട്ടുശാന്തി വാഗ്ദാനം ചെയ്യപ്പെടുന്ന കേന്ദ്രങ്ങളില്‍ ചെന്ന് ബഹുദൈവാരാധനയില്‍ തളച്ചിടപ്പെടുന്നു. എന്നാല്‍ ഏകദൈവത്തിലുള്ള അടിയുറച്ച വിശ്വാസം മാത്രമാണ് മനുഷ്യമനസ്സില്‍ നിന്ന് സകല ഭയാശങ്കകളെയും പിഴുതെറിയുന്നത്. ദൈവത്തിലുള്ള അചഞ്ചല വിശ്വാസത്തിലൂടെ നിര്‍ഭയത്വം സ്വജീവിതത്തില്‍ അനുഭവിക്കുകയും ആ വിശ്വാസം പകര്‍ന്നുകൊടുത്ത് ജനങ്ങളെ ഭയമുക്തരാക്കാന്‍ അഹോരാത്രം യത്നിക്കുകയും ചെയ്ത പ്രവാചക ശ്രേഷ്ഠന്‍ ഇബ്റാഹീം(അ) ക്രൈസ്തവ-യഹൂദ മതവിഭാഗങ്ങള്‍ക്കിടയില്‍ സര്‍വാദരണീയനായിരുന്നു. സ്വപിതാവ് ഉള്‍പ്പെടെയുള്ള ബിംബാരാധനയില്‍ മുഴുകിയ സമൂഹത്തോട് വിഗ്രഹങ്ങളെ സംബന്ധിച്ച ഭയത്തിന്‍റെ വ്യര്‍ത്ഥതയാണ് ആദ്യമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് (21:51,52). കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത, യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുവെ ആരാധിക്കുന്നതിലെ അര്‍ത്ഥശൂന്യത ഇബ്റാഹീം(അ) ചോദ്യംചെയ്തു. എന്നാല്‍ ഭക്ത്യാദരപൂര്‍വ്വം വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ച് അവയെ ആരാധിക്കുന്ന സമൂഹത്തെ അടക്കിഭരിച്ചിരുന്നത് ഭയാശങ്കകളായിരുന്നു. ബഹുദൈവാരാധക സമൂഹം ഒറ്റക്കെട്ടായി നിന്ന് ഭീഷണികള്‍ മുഴക്കിയപ്പോള്‍ ഇബ്റാഹീം(അ) മനുഷ്യനെ ഭയത്തില്‍ നിന്ന് മോചിപ്പിക്കുന്ന ദൈവിക മതത്തിന്‍റെ അന്തസ്സത്ത അവര്‍ക്കു മുമ്പില്‍ അസന്നിഗ്ധമായി തെളിയിച്ചു (6:80,81). 

വിശ്വാസിക്ക് നിര്‍ഭയത്വവും സമാധാനവും അനുഭവിക്കാനാവുന്നതിന്‍റെ കാരണം ജീവിതം മുഴുക്കെ ദൈവിക പരീക്ഷണത്തിന് വിധേയനാവേണ്ടവനാണെന്ന ഉറച്ചബോധ്യമുണ്ടാകുന്നതിനാലും നന്മകള്‍ സംഭവിക്കുമ്പോള്‍ നന്ദിബോധവും തിന്മകള്‍ അനുഭവിക്കേണ്ടി വരുമ്പോള്‍ ക്ഷമയും സഹനവും പാലിക്കുന്നതിനാലുമാണ്. തന്‍റെ രക്ഷിതാവിങ്കല്‍ അവയെല്ലാം പ്രതിഫലാര്‍ഹമായിത്തീരുമെന്ന പ്രതീക്ഷ അവാച്യമായ സമാധാനമാണ് പകര്‍ന്ന് തരുന്നത്. നിര്‍ഭയത്വത്തിന്‍റെ അചഞ്ചലമായ പ്രതീകമായിരുന്ന മഹാനായ പ്രവാചകന്‍ ഇബ്റാഹീം(അ) വിഗ്രഹങ്ങളുടെ ശാപകോപങ്ങളേയോ വിഗ്രഹ ഭക്തരുടെ രോഷത്തെയോ തെല്ലും ഭയക്കാതെ നിര്‍ഭയത്വം പ്രാവര്‍ത്തികമാക്കി കാണിച്ചു കൊടുത്തു. വിഗ്രഹങ്ങളെക്കുറിച്ചുള്ള ഭയാശങ്കകളകറ്റി സാക്ഷാല്‍ ജഗന്നിയന്താവിലേക്ക് സ്വജനതയുടെ ശ്രദ്ധ തിരിച്ചുകൊണ്ടുവരാനായി വിഗ്രഹങ്ങളുടെ കാര്യത്തില്‍ തന്ത്രം പ്രയോഗിച്ചു (21:57). സ്വയം ദൈവം ചമഞ്ഞ സ്വേഛാധിപതിയോട് ഉത്തരം മുട്ടിക്കുന്ന ശൈലിയില്‍ ന്യായവാദം നടത്തി (2:58). അക്ഷരാര്‍ത്ഥത്തില്‍ അഗ്നിപരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നപ്പോള്‍ ഭയാശങ്കകളേതുമില്ലാതെ സധൈര്യം സര്‍വതിനേയും നേരിടാന്‍ കരുത്ത് പകരുന്നത് ജഗന്നിയന്താവിലുള്ള ദൃഢവിശ്വാസം കൊണ്ട് സാധ്യമായിട്ടുള്ള നിര്‍ഭയത്വം കൊണ്ടുതന്നെയായിരുന്നു. 

താഴ്മയും സമര്‍പ്പണവും പ്രാര്‍ഥനയും കൊണ്ട് ധന്യമായിരുന്ന, അല്ലാഹുവിന്‍റെ ഉറ്റ മിത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട, ഇബ്റാഹീം(അ)യുടെ ജീവിതം പിന്തുടരപ്പെടേണ്ട ജീവിത സരണിയായി ഖുര്‍ആന്‍ പഠിപ്പിക്കുന്നു. നിര്‍ഭയത്വവും നിശ്ചയദാര്‍ഢ്യവും വളര്‍ത്തുന്ന ദൈവിക ആദര്‍ശത്തിന്‍റെ സ്ഥായീഭാവത്തെ അല്ലാഹു ഉപമിക്കുന്നത് ഒരു നല്ല മരത്തോടാണ്. ഭൂമിയിലേക്ക് വേരുകള്‍ ആഴ്ത്തി ആകാശത്തിലേക്ക് ശാഖകള്‍ പന്തലിച്ച് നില്‍ക്കുന്ന വൃക്ഷം അല്ലാഹുവിന്‍റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു അല്ലാതെ ആരാധ്യനായി മറ്റാരുമില്ല എന്ന ഇസ്‌ലാമിന്‍റെ മൗലിക വിശ്വാസ ദര്‍ശനം മനസ്സില്‍ വേരുറക്കുന്നതോടെ ഇഹപര ജീവിതത്തില്‍ നന്മയും വിജയവും സുസ്ഥിരതയും കൈവരുന്നു. 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446