ആരാധനാ കര്‍മങ്ങളില്‍ നിരവധി ഇളവുകള്‍ അല്ലാഹു അനുവദിച്ച ഒരു സന്ദര്‍ഭമാണല്ലോ യാത്ര. യാത്രാവേളകളില്‍ മിക്കവാറും നാം വാഹനത്തിലായിരിക്കും. വാഹനങ്ങളിലായിരിക്കെ നമസ്‌കരിക്കേണ്ടി വരുമ്പോള്‍ ഖിബ്‌ലക്കു നേരെ തിരിഞ്ഞു നില്‍ക്കുക എന്നത് ചിലപ്പോള്‍ പ്രയാസകരമോ അസാധ്യമോ ആയിരിക്കും.
നബി(സ്വ)യുടെ കാലത്ത് ആധുനികരീതിയിലുള്ള വാഹനങ്ങളുണ്ടായിരുന്നില്ല. ഒട്ടകം, കുതിര തുടങ്ങിയ മൃഗങ്ങളാണ് അന്നത്തെ വാഹനം. നബി(സ്വ) വാഹനത്തിലിരുന്നുകൊണ്ട് തന്നെ നമസ്‌കരിച്ചതായി നിരവധി ഹദീസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ റുകൂഉം സുജൂദും ചെയ്യാന്‍ കഴിയില്ല. ഖിബ്‌ലയില്‍ നിന്ന് തെറ്റാതെ സൂക്ഷിക്കാനും സാധ്യമല്ലല്ലോ.
ഇബ്‌നു ഉമര്‍(റ) പറയുന്നു. നബി(സ്വ) മക്കയില്‍ നിന്ന് മദീനയിലേക്ക് തിരിച്ചു പോകുമ്പോള്‍ തന്റെ വാഹനത്തിനു മേല്‍ അതു തിരിഞ്ഞ ഭാഗത്തേക്ക് നമസ്‌കരിക്കാറുണ്ടായിരുന്നു. 'നിങ്ങള്‍ എവിടേക്ക് തിരിഞ്ഞുവോ അവിടെ അല്ലാഹുവിന്റെ മുഖമുണ്ട്' എന്നര്‍ഥമുള്ള ആയത്ത് അവതരിച്ചത് ഇക്കാര്യത്തിലാണ് (അഹ്മദ്, മുസ്‌ലിം, തിര്‍മിദി).
യഅ്‌ലബ്‌നു മുര്‍റ(റ) പറയുന്നു: നബി(സ്വ)യും സ്വഹാബികളും ഒരു ഇടുങ്ങിയ സ്ഥലത്തെത്തി. നബി(സ്വ) വാഹനത്തിന്മേലായിരുന്നു. മേല്‍ഭാഗത്ത് മഴയും താഴെ നനവുമായിരുന്നു. അപ്പോഴാണ് നമസ്‌കാര സമയമായത്. നബി(സ്വ)യുടെ നിര്‍ദേശമനുസരിച്ച് ബാങ്ക് വിളിക്കുന്ന ആള്‍ അത് നിര്‍വഹിച്ചു. ഇഖാമത്തും വിളിച്ചു. അനന്തരം റസൂല്‍(സ്വ) തന്റെ വാഹനത്തിന്‍മേല്‍ തന്നെ മുന്നോട്ടു വന്നു അവരെയുംകൂട്ടി നമസ്‌കരിച്ചു. സുജൂദിന് റുകൂഇനെക്കാള്‍ താഴ്ന്ന നിലയില്‍ ആംഗ്യം കാണിച്ചുകൊണ്ടാണ് നബി(സ്വ) നമസ്‌കരിച്ചത് (അഹ്മദ്, തിര്‍മിദി, നസാഈ).
ജാബിര്‍(റ) പറയുന്നു: ''നബി(സ്വ) തന്റെ വാഹനത്തിന്മേലായി എല്ലാ ഭാഗത്തേക്കും തിരിഞ്ഞ് സുന്നത്ത് നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സുജൂദിന് റുകൂഇനേക്കാള്‍ താഴ്ന്ന നിലയില്‍ ആംഗ്യം കാണിക്കുമായിരുന്നു'' (അഹ്മദ്).
അനസുബ്‌നു മാലിക്(റ) പറയുന്നു: ''റസൂല്‍(സ്വ) അവിടുത്തെ വാഹനത്തിന്മേല്‍ വച്ച് സുന്നത്ത് നമസ്‌കരിക്കാനുദ്ദേശിച്ചാല്‍ ഖിബ്‌ലയുടെ നേരെ തിരിഞ്ഞ് നമസ്‌കാരത്തില്‍ പ്രവേശിക്കുന്ന തക്ബീര്‍ ചൊല്ലും. പിന്നെ തന്റെ വാഹനത്തെ വിടുകയും അതു തന്നെയുംകൊണ്ട് തിരിഞ്ഞ് പോകുന്ന ഭാഗത്തേക്ക് നമസ്‌കരിക്കുകയും ചെയ്യും'' (അഹ്മദ്, അബൂദാവൂദ്).
ഉപര്യുക്ത ഹദീസുകളില്‍നിന്ന് നമുക്ക് താഴെപറയുന്ന കാര്യങ്ങള്‍ വ്യക്തമാണ്. ഒന്ന്: നബി(സ്വ) യാത്രയിലായിരിക്കെ വാഹനപ്പുറത്ത് വച്ച് നമസ്‌കരിച്ചിരുന്നു. രണ്ട്: ഫര്‍ദ് നമസ്‌കാരവും സുന്നത്ത് നമസ്‌കാരവും ഇങ്ങനെ നിര്‍വഹിക്കാം. മൂന്ന്: യാത്രാസംഘത്തിന് വാഹനത്തില്‍ വച്ച് തന്നെ ജമാഅത്തായി (സംഘം) നമസ്‌കരിക്കാം. നാല്: സ്വന്തം നിയന്ത്രണത്തിലുള്ള വാഹനമാണെങ്കില്‍ നമസ്‌കാരത്തില്‍ പ്രവേശിക്കുമ്പോള്‍ ഖിബ്‌ല ശ്രദ്ധിക്കുന്നത് നല്ലതാണ്. പിന്നെ വാഹനം പോകുന്ന ഭാഗത്തേക്ക് തിരിഞ്ഞാല്‍മതി. അഞ്ച്: ഇങ്ങനെ പോകുമ്പോള്‍ ഖിബ്‌ല, നമസ്‌കരിക്കുന്നവന്റെ പിന്‍ഭാഗത്തായാലും വിരോധമില്ല. ആറ്: വാഹനത്തില്‍ വച്ച് നമസ്‌കരിക്കുമ്പോള്‍ റുകൂഅ്, സുജൂദ് തുടങ്ങിയവ കൃത്യമായി നിര്‍വഹിക്കാന്‍ പ്രയാസമായതിനാല്‍ ആംഗ്യം കാണിച്ചാല്‍ മതിയാകുന്നതാണ്.
ഇക്കാലത്ത് ബസ്സ്, തീവണ്ടി, കപ്പല്‍, വിമാനം തുടങ്ങിയ വാഹനങ്ങളില്‍ ദിവസങ്ങളോളം യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്ക് നബി(സ്വ) കാണിച്ചുതന്ന ഈ ഇളവുകള്‍ സ്വീകരിച്ചുകൊണ്ട് നമസ്‌കാരം കൃത്യസമയത്ത്തന്നെ നിര്‍വഹിക്കാനാകും. എന്നാല്‍ സമുദായം ഈ കാര്യങ്ങള്‍ വേണ്ടതുപോലെ ഗ്രഹിക്കാത്തതിനാല്‍ പലരും യാത്രയില്‍ നമസ്‌കാരംതന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണുകാണുന്നത്.