ലോകത്തിന്റെ ഏതു ഭാഗത്തുള്ള ആളുകള്‍ നമസ്കരിക്കുമ്പോഴും എല്ലാവരും ഒരൊറ്റ കേന്ദ്രത്തിലേക്കാണ് തിരിഞ്ഞു നില്‍ക്കേണ്ടത്. ആ കേന്ദ്രം സുഊദി അറേബ്യയിലെ മക്കയില്‍ സ്ഥിതി ചെയ്യുന്ന കഅ്ബാ മന്ദിരമാണ്. ഇതിന് ഖിബ്ല എന്നു പറയുന്നു. ഖിബ്ല എന്ന പദത്തിനര്‍ഥം ഉന്നം, തിരിഞ്ഞുനില്‍ക്കേണ്ട ഭാഗം, ലക്ഷ്യം വെക്കുന്ന കേന്ദ്രം എന്നൊക്കെയാണ്. ഏതൊരു സമൂഹത്തിന്റെയും സുഭദ്രമായ നിലനില്‍പ്പിന്, ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. വ്യക്തമായ പ്രമാണം, അനുകരണീയനായ നേതാവ്, പൊതുവായ ഒരു സംസ്കാരിക കേന്ദ്രം തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടവയത്രെ. ഭാഷാപരവും നാഗരികവുമായ വൈജാത്യങ്ങള്‍ മേല്പറഞ്ഞ പൊതു ഐക്യ ഘടകങ്ങളിലൂടെ ഇല്ലാതാവുന്നു. വിശുദ്ധ ഖുര്‍ആന്‍ പ്രമാണവും മുഹമ്മദ് നബി(സ) അനുകരണീയ മാതൃകയുമാണ്. ലോകത്തിന്റെ ഏതു ഭാഗത്തുള്ള മുസ്ലിമിന്റെയും ആരാധനാ രൂപങ്ങളും പ്രാര്‍ഥനാ വചനങ്ങളും ഒന്നുതന്നെ. മറ്റു ചില മതങ്ങളില്‍ കാണുന്നതുപോലെ പ്രാദേശികമായ ആരാധനാ മൂര്‍ത്തികളോ ആരാധനാ രീതികളോ ഇല്ല. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഒരേ ദിക്കിലേക്ക് തിരിഞ്ഞു നില്‍ക്കുകപോലും ചെയ്യുന്ന അതുല്യമായ ഐക്യം. ആ കേന്ദ്രമാണ് മക്കയിലെ കഅ്ബ. അതത്രെ മുസ്ലിംകളുടെ മുഖ്യ തീര്‍ഥാടന കേന്ദ്രവും.
എല്ലാവര്ക്കും തിരിഞ്ഞു നില്ക്കാന് അല്ലാഹു ഏര്‍പ്പെടുത്തിയതാകട്ടെ ലോകത്തിലെ ഏറ്റവും പുരാതനമായ ആരാധനാലയവും. അല്ലാഹുവിനെ ആരാധിക്കാനായി ഭൂമിയില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ഭവനം മക്കയിലെ കഅ്ബയത്രെ. ''ജനങ്ങള്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ഭവനം ബക്കയിലുള്ളതത്രെ''(3:96) (കഅ്ബ) എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നബി(സ്വ) മദീനയില്‍ എത്തിയശേഷം ഖുബായിലും മദീനയിലും പള്ളികള്‍ സ്ഥാപിക്കുകയും നമസ്കാരം ജമാഅത്തായി നിര്‍വഹിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ആദ്യകാലത്ത് ഒരു താത്കാലിക നടപടി എന്ന നിലക്ക് ജറൂസലമിലെ മസ്ജിദുല്‍ അഖ്സ്വയിലേക്കായിരുന്നു നമസ്കാരത്തില്‍ തിരിഞ്ഞു നിന്നിരുന്നത്. പിന്നീട് കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു നമസ്കരിക്കാന്‍ അല്ലാഹു കല്പിച്ചു.
''നിന്റെ മുഖം ആകാശത്തില്‍ നോക്കി ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. നിശ്ചയമായും നീ തൃപ്തിപ്പെടുന്ന ഒരു ഖിബ്ലയിലേക്ക് നാം ഇതാ നിന്നെ തിരിക്കുന്നു. അതുകൊണ്ട് നീ നിന്റെ മുഖത്തെ (നമസ്കാരത്തില്‍) ആദരണീയമായ ആ പള്ളിയുടെ (മസ്ജിദുല്‍ഹറാം) നേര്‍ക്കു തിരിച്ചുകൊള്ളുക. നിങ്ങള്‍ എവിടെയായാലും നിങ്ങളുടെ മുഖങ്ങള്‍ അതിന്റെ ഭാഗത്തേക്ക് തിരിച്ചുകൊള്ളണം. ഇത് നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള സത്യമാണെന്ന്, നിശ്ചയമായും വേദം നല്‍കപ്പെട്ടവര്‍ക്ക് അറിയാം. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല'' (2:144).
അനസ്(റ) പറയുന്നു. റസൂല്‍ (സ്വ) മദീനയില്‍ വന്ന ഉടനെ അന്സ്വാറുകളില് പെട്ട തന്റെ പിതാമഹന്മാരുടെയോ മാതുലന്മാരുടെയോ അടുത്താണ് ഇറങ്ങിയത്. അദ്ദേഹം പതിനാറു മാസമോ പതിനേഴു മാസമോ ബൈതുല്‍ മുഖദ്ദസിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നമസ്കരിക്കുകയുണ്ടായി. തന്റെ തിരിയല്‍ കഅ്ബാ മന്ദിരത്തിന്റെ ഭാഗത്തേക്കാക്കാന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.
(കഅ്ബയിലേക്ക് തിരിഞ്ഞുകൊണ്ട്) അദ്ദേഹം ആദ്യമായി നമസ്കരിച്ചത് അസ്വ്റായിരുന്നു. അദ്ദേഹത്തോടൊപ്പം കുറെ ആളുകള്‍ നമസ്കരിച്ചു. അനന്തരം അദ്ദേഹത്തോടൊപ്പം നമസ്കരിച്ചവരില് പെട്ട ഒരാള്‍ ഒരു പള്ളിക്കാരുടെ അടുത്തുകൂടെ പോയി. അവര്‍ റുകൂഇലായിരുന്നു. അയാള്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: 'ഞാന്‍ റസൂലി(സ്വ)ന്റെ കൂടെ മക്കയുടെ ഭാഗത്തേക്ക് തിരിഞ്ഞുനിന്നു നമസ്കരിച്ചിരിക്കുന്നു. ഇത് അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.' ഉടനെ അവര്‍ അതേ നിലയില്‍തന്നെ മക്കയുടെ ഭാഗത്തേക്ക് തിരിഞ്ഞു. പ്രസ്തുത പള്ളി, മസ്ജിദുല്‍ ഖിബ്ലതൈനി എന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്നു. നബി(സ്വ) ബൈത്തുല്‍ മുഖദ്ദസിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നമസ്കരിച്ചിരുന്നത് ജൂതന്മാരെയും വേദക്കാരെയും സംതൃപ്തരാക്കിയിരുന്നു. എന്നാല്‍ നബി(സ്വ) അവിടുത്തെ മുഖം കഅ്ബയുടെ ഭാഗത്തേക്ക് തിരിച്ചപ്പോള്‍ അവര്‍ അതിനെ വെറുക്കുകയാണുണ്ടായത്'' (ബുഖാരി).
ഒരു പള്ളിക്കാര് (അഹ്ലുല്മസ്ജിദ്) എന്ന് സൂചിപ്പിച്ചത് ഖുബാ പള്ളിയില്‍ നമസ്കരിച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റിയാണെന്ന് ബുഖാരിയിലും മുസ്ലിമിലും ഉദ്ധരിക്കപ്പെട്ട മറ്റു ഹദീസുകളില്‍ വന്നിരിക്കുന്നു.
നബി(സ്വ) അരുളിയതായി അബൂഹുറയ്റ(റ) പറയുന്നു: ''നീ നമസ്കാരത്തിനൊരുങ്ങിയാല്‍ ശരിയായ രീതിയില്‍ വുദൂചെയ്യുക. പിന്നെ ഖിബ്ലയെ അഭിമുഖീകരിച്ചുകൊണ്ട് തക്ബീര്‍ ചൊല്ലി (നമസ്കാരത്തില്‍ പ്രവേശിക്കുക)'' (മുസ്ലിം). ഖിബ്ലയെ അഭിമുഖീകരിക്കല്‍ വുദൂ പോലെത്തന്നെ നമസ്കാരത്തിന്റെ സ്വീകാര്യതക്ക് അനിവാര്യമാണ് (ശര്ത്വുസ്സലാത്ത്) എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.