നഗ്നത മറച്ചുവയ്ക്കുക എന്ന ഒരു ബോധം മനുഷ്യര്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ്. പരിഷ്‌കാരമോ നാഗരികതയോ എന്തെന്നറിയാത്ത വനാന്തരത്തിലെ കാട്ടു മനുഷ്യരും നഗ്നത മറച്ചിരുന്നതായി കാണാം. മനുഷ്യന്‍ ഭൂമുഖത്തു ജീവിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ മനുഷ്യത്വത്തിന്റെ ഭാഗമായി അതുണ്ടായി എന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ''അവരിരുവരും (ആദമും ഹവ്വയും) ആ വൃക്ഷത്തില്‍ നിന്നു രുചി നോക്കിയതോടെ അവര്‍ക്ക് തങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയുവാന്‍ തുടങ്ങി (2:22). തത്ഫലമായി മനുഷ്യന് വസ്ത്രം ആവശ്യമായി വന്നു. വസ്ത്രത്തിന് രണ്ടുതരം ആവശ്യമുണ്ട്. ഒന്ന് കേവലം നഗ്നത മറയ്ക്കല്‍; മറ്റൊന്ന് അലങ്കാരവും സൗന്ദര്യവും. ഖുര്‍ആന്‍ പറയുന്നു: ''ആദം സന്തതികളേ, നിങ്ങള്‍ക്ക് നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നാം നല്‍കിയിരിക്കുന്നു'' (7:26).
നഗ്നത മറയ്ക്കുക എന്ന ഈ സാംസ്‌കാരിക വശം, നമസ്‌കാരത്തിന്റെ സ്വീകാര്യതയ്ക്ക് ഒരു അവശ്യഘടകമാക്കി ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ''ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിലും (അഥവാ എല്ലാ ആരാധനാ വേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ധരിച്ചുകൊള്ളുക'' (7:31).
ഇതിന് ഒരു പശ്ചാത്തലം കൂടിയുണ്ട്. നഗ്നരോ അര്‍ധനഗ്നരോ ആയിക്കൊണ്ട് പ്രാര്‍ഥിച്ചാലേ ഭക്തിക്കിണങ്ങുകയുള്ളൂ എന്ന ഒരു ധാരണ പല പ്രാകൃത സമൂഹങ്ങളിലും നിലനിന്നിരുന്നു. ഏറെക്കുറെ അത് ഇന്നും നിലനില്‍ക്കുന്നു. പല പൂജാരിമാരും അര്‍ധ നഗ്നരാണ്. പ്രാകൃതവേഷം ധരിച്ചവരെ സിദ്ധനോ വലിയ്യോ ആയി കണക്കാക്കുന്ന പലരുമുണ്ട് ഇക്കാലത്തും. ആറാം നൂറ്റാണ്ടിലെ അറബികള്‍ കഅ്ബ ത്വവാഫ് ചെയ്തിരുന്നത് പൂര്‍ണ നഗ്നരായിട്ടായിരുന്നു. ഇന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലും നഗ്നാരാധനകള്‍ നടമാടുന്നു.
മനുഷ്യത്വത്തിന്റെ പ്രാഥമികാവശ്യമായ നഗ്നത മായ്ക്കലിന് വേണ്ട വസ്ത്രം ആരാധനാ വേളയില്‍ നിര്‍ബന്ധമായും വേണമെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. കഴിയുമെങ്കില്‍ അലങ്കാര വസ്ത്രം ഉപയോഗിക്കുകയും ചെയ്യാം. ഇസ്‌ലാമിന്റെ ഈ സംസ്‌കാരം വേരോടിയതു മൂലമാണ് മുസ്‌ലിംകള്‍ കടന്നുചെന്ന നാടുകളിലെ പല സമൂഹങ്ങളിലും വസ്ത്രം ധരിക്കാന്‍ തുടങ്ങിയത് എന്നതു ശ്രദ്ധാര്‍ഹമാണ്.
നമസ്‌കാരത്തിന്റെ നിബന്ധനയായി നിര്‍ദേശിച്ച വസ്ത്രധാരണം, നമസ്‌കാരത്തില്‍ മാത്രം ബാധകമല്ല. ജനമധ്യേ പ്രത്യക്ഷപ്പെടുന്ന ഏതു സമയത്തും അതു പാലിക്കേണ്ടതാണ്. ഗോപ്യസ്ഥാനങ്ങള്‍ (ഔറത്ത്)നിര്‍ബന്ധമായും മറച്ചിരിക്കണം. കൂടുതല്‍ വസ്ത്രവും അലങ്കാര വസ്ത്രവും ആവശ്യവും നല്ലതുമാണ് എന്ന് നമുക്ക് മനസ്സിലാക്കാം