Skip to main content

പ്രാര്‍ഥന: അര്‍ഥവും ഉദ്ദേശ്യവും

പ്രാര്‍ഥന എന്ന പദത്തിന് അപേക്ഷ, യാചന എന്നെല്ലാം അര്‍ഥങ്ങളുണ്ട്. എന്നാല്‍ മനുഷ്യന്‍ ഭൗതിക ജീവിതത്തിലെ കാര്യസാധ്യത്തിനായി നടത്തുന്ന അപേക്ഷകള്‍ക്കും യാചനയ്ക്കും പ്രാര്‍ഥന എന്ന് സാങ്കേതികമായി പ്രയോഗിക്കാറില്ല. തൊഴില്‍ സ്ഥാപനത്തില്‍ ജോലിക്ക് വേണ്ടി മാനേജര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ അത് ഒരിക്കലും പ്രാര്‍ഥനയായി പരിഗണിക്കുകയോ പ്രയോഗിക്കുകയോ ചെയ്യാറില്ല. പ്രാര്‍ഥന എന്ന പദപ്രയോഗം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് സര്‍വശക്തനായ സ്രഷ്ടാവിനോടോ, അഭൗതിക ശക്തിയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന വ്യക്തിയോടോ വസ്തുവോടോ ശക്തിയോടോ അഭൗതിക മാര്‍ഗത്തിലൂടെ സഹായവും രക്ഷയും ലഭിക്കാനുള്ള തേട്ടം എന്നതാണ്.

വിശുദ്ധ ഖുര്‍ആനില്‍ 'ദുആഅ്' എന്ന പദമാണ് പ്രാര്‍ഥന എന്നതിന് പ്രയോഗിക്കപ്പെടുന്നത്. ക്ഷണിക്കുക, വിളിക്കുക എന്നൊക്കെ ഭാഷയില്‍ ഈ പദത്തിന് അര്‍ഥമുണ്ട്. അഭൗതിക മാര്‍ഗത്തിലൂടെ സഹായം ലഭിക്കാനോ കഷ്ടപ്പാട് നീക്കാനോ ഉള്ള തേട്ടം സര്‍വശക്തനായ സ്രഷ്ടാവായ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്നതാണ് ഇസ്‌ലാമിലെ വിശ്വാസത്തിന്റെ കാതല്‍. ആ അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ 'ദുആഅ്' എന്ന പദം പ്രയോഗിക്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിനോട് മാത്രമാണ് ദുആ ചെയ്യുന്നത് (72:20) അതിനാല്‍ അല്ലാഹുവോട് കൂടെ മറ്റാരോടും നിങ്ങള്‍ ദുആ ചെയ്യരുത് (72:18).

ബുദ്ധിയും വിവേകവുമുള്ള മനുഷ്യന്‍ എത്ര തന്നെ ശക്തനെന്ന് അഭിമാനം പറഞ്ഞാലും അവന്റെ ദുര്‍ബലാവസ്ഥയുടെ നിദര്‍ശനങ്ങളായി പല വിഷമഘട്ടങ്ങളെയും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. നിസ്സഹായനും പരാ്രശിതനുമായ മനുഷ്യന്‍ സര്‍വശക്തനായ അല്ലാഹുവെ ഇത്തരം ഘട്ടങ്ങളില്‍ ആശ്രയിക്കാന്‍ നിര്‍ബന്ധിതനാവുന്നു. സ്രഷ്ടാവായ അല്ലാഹുവെ ആശ്രയിച്ച് അവനോട് സഹായം തേടുമ്പോള്‍ അവന്‍ പ്രാര്‍ഥന നടത്തുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: ''മനുഷ്യരേ, നിങ്ങളെല്ലാവരും അല്ലാഹുവോട് ആശ്രയത്വമുള്ളവരാണ്. പരാശ്രയം വേണ്ടാത്തവനും സ്തുത്യര്‍ഹനും അല്ലാഹു മാത്രമാണ്'' (35:15). മനുഷ്യന്‍ അകപ്പെട്ട പ്രയാസങ്ങളില്‍ നിന്നുള്ള മോചനവും പ്രതിസന്ധികളില്‍ നിന്നുള്ള പരിഹാരവും തേടി സര്‍വശക്തനായ അല്ലാഹുവില്‍ പ്രാര്‍ഥനയിലൂടെ പ്രതീക്ഷയര്‍പ്പിക്കുകയാണ് അവന്‍ ചെയ്യുന്നത്. ഭാവിയെക്കുറിച്ചുള്ള ആശങ്കകളകറ്റി പ്രതീക്ഷ പ്രദാനം ചെയ്യുന്ന ശക്തമായ ആയുധമാണ് പ്രാര്‍ഥന.

Feedback