Skip to main content

വുദൂഇന്റെ മര്യാദകള്‍

വുദൂഇല്‍, കഴുകുന്ന അവയവങ്ങളില്‍ വെള്ളം ചേരാന്‍ തടസ്സമായ രീതിയില്‍ വല്ല വസ്തുക്കളും ഉണ്ടെങ്കില്‍ അത് ആദ്യം നീക്കിക്കളയണം. വുദൂ ചെയ്യുമ്പോള്‍ പാത്രത്തിലാണു വെള്ളമെങ്കില്‍ അതില്‍ കൈയിടാന്‍ പാടില്ല എന്ന ഒരു ധാരണയുണ്ട്; അതുശരിയല്ല. നബി(സ്വ) മുന്‍ കൈ രണ്ടും വെള്ളം ഒഴിച്ചു കഴുകുകയും പിന്നെ പാത്രത്തില്‍ കൈയിട്ട് വെള്ളം കോരി ബാക്കി ഭാഗം കഴുകുകയുമായിരുന്നു ചെയ്തിരുന്നത്. വുദൂഇന്റെ രൂപം വിവരിച്ച ഹദീസില്‍ നിന്നുതന്നെ ഇതു വ്യക്തമാണ്.

വുദൂ ചെയ്യുന്നതിനിടയില്‍ സംസാരം നിഷിദ്ധമല്ല. വുദൂ ചെയ്യാന്‍ തുടങ്ങുമ്പോള്‍ 'ബിസ്മി' ചൊല്ലേണ്ടതാണ്. ബിസ്മി മറന്നുപോയാല്‍ അത് വുദൂഇനെ ബാധിക്കുകയില്ല. ഓരോ അവയവം കഴുകുമ്പോഴും പ്രത്യേകമായി ഒന്നും ചൊല്ലേണ്ടതില്ല. ഈ കാര്യത്തില്‍ പ്രബലമായി യാതൊന്നും നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല. വുദൂഇന്റെ അവയവങ്ങളില്‍ വെള്ളം ശരിയായി എത്തേണ്ടതുണ്ട്. നിര്‍ബന്ധമായ ഭാഗങ്ങളില്‍ അല്പഭാഗം പോലും നനയാതിരിക്കാന്‍ പാടില്ല.

ജാബിര്‍(റ) പറയുന്നു: ''എന്നോട് ഉമര്‍(റ) പറഞ്ഞു: ഒരാള്‍ വുദൂ ചെയ്തപ്പോള്‍ തന്റെ പാദത്തില്‍ ഒരു നഖത്തോളം സ്ഥലം (കഴുകാതെ) വിട്ടു. നബി(സ്വ) അതു കണ്ടപ്പോള്‍ 'നീ മടങ്ങിച്ചെന്ന് നിന്റെ വുദൂ നന്നായി ചെയ്യുക' എന്നു പറഞ്ഞു. ഉടനെ അയാള്‍ വീണ്ടും വുദൂ ചെയ്ത് നമസ്‌കരിച്ചു'' (മുസ്‌ലിം).

തലയും ചെവിയും തടവേണ്ടത് ഒരു പ്രാവശ്യം മാത്രമാണ്. മറ്റവയവങ്ങള്‍ മൂന്നുവട്ടം വീതം കഴുകണം. എന്നാല്‍ അവ രണ്ടു പ്രാവശ്യം വീതവും ചിലപ്പോള്‍ ഓരോ പ്രാവശ്യം മാത്രവും കഴുകിക്കൊണ്ട് നബി(സ്വ) വുദൂ ചെയ്തതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. മൂന്നു പ്രാവശ്യമാണ് പൂര്‍ണമായതെന്നും, അതില്‍ കുറച്ചായാലും മതിയാകുന്നതാണ് എന്നും ഇതില്‍ നിന്നു മനസ്സിലാക്കാം.

അവയവങ്ങള്‍ കഴുകുമ്പോള്‍ അല്പം കയറ്റിക്കഴുകല്‍ നല്ലതാണ്. എന്നാല്‍ ഒരിക്കലും വെള്ളം അനാവശ്യമായി കളയരുത്. വസ്‌വാസിനുവേണ്ടി വളരെ കൂടുതല്‍ കഴുകുന്നതും ശരിയല്ല. വുദൂ ചെയ്തുകഴിഞ്ഞാല്‍ താഴെ പറയുന്ന ദുആ ചെയ്യാന്‍ നബി(സ്വ) പഠിപ്പിച്ചതായി മുസ്‌ലിം റിപ്പോര്‍ട്ടു ചെയ്ത ഹദീസില്‍ കാണാവുന്നതാണ്.

'അശ്ഹദു അന്‍  ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു'(1) (ഏകനായ അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അര്‍ഹനായി മറ്റാരും ഇല്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)

Feedback