നമസ്‌കാരം അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയാണ്. അതിലേക്കു വരേണ്ടത് മനോഹരമായി വസ്ത്രമുടുത്ത് ഭക്തിയോടും വിനയത്തോടുമായിരിക്കണം. ഖുര്‍ആന്‍ പറയുന്നു: ''ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാ വേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക'' (7:31).
നബി(സ്വ) പറഞ്ഞു: ''തന്റെ വീട്ടില്‍ നിന്ന് ഒരാള്‍ ശുദ്ധീകരണം നടത്തിയിട്ട് അല്ലാഹുവിന്റെ ഒരു ഭവനത്തിലേക്ക് ഒരു നിര്‍ബന്ധ നമസ്‌കാരം നിര്‍വഹിക്കാന്‍ നടന്നെത്തിയാല്‍ അവന്റെ ഓരോ കാല്‍വെപ്പിനും പകരം അല്ലാഹു അവന് ഒരു പദവി ഉയര്‍ത്തിക്കൊടുക്കുകയും ഒരു പാപത്തെ താഴ്ത്തിക്കൊടുക്കുകയും ചെയ്യാതിരിക്കില്ല'' (മുസ്‌ലിം 3:183, ഇബ്‌നുമാജ 1:774).
ജാബിര്‍(റ) പറയുന്നു: ''ഞങ്ങളുടെ ഭവനങ്ങള്‍ പള്ളിയില്‍നിന്നും അകലെയായിരുന്നു. പള്ളിയുടെ അടുത്തേക്ക് വരാന്‍ വേണ്ടി ആ ഭവനങ്ങള്‍ വില്‍ക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചു. അപ്പോള്‍ നബി(സ്വ) ഞങ്ങളെ അതില്‍ നിന്ന് തടഞ്ഞു കൊണ്ട് പറഞ്ഞു. ഓരോ കാല്‍വെപ്പിനും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്'' (മുസ്‌ലിം 3:172).
പള്ളിയില്‍ പ്രവേശിച്ച ഉടനെ നിര്‍വഹിക്കേണ്ട തഹിയ്യത്ത് നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധ നമസ്‌കാരം പ്രതീക്ഷിച്ച് നിശ്ശബ്ദനായിരിക്കണം. അല്ലെങ്കില്‍ പ്രാര്‍ഥനയിലോ ദിക്‌റുകളിലോ മുഴുകാം. ഇതിന്റെ മാഹാത്മ്യം പ്രവാചകന്‍ വ്യക്തമാക്കുന്നത് കാണുക.
''ഒരു ദാസന്‍ നമസ്‌കാരം പ്രതീക്ഷിച്ചു കൊണ്ട് അവന്റെ നമസ്‌കാര സ്ഥലത്ത് ഇരിക്കുന്നേടത്തോളം അവന്‍ നമസ്‌കാരത്തില്‍ തന്നെയാണ്. അവന്‍ അവിടെ നിന്ന് പോകുന്നതുവരെ, അല്ലെങ്കില്‍ അവന്റെ വുദ്വൂ മുറിയുന്നതുവരെ മലക്കുകള്‍ പറഞ്ഞുകൊണ്ടിരിക്കും: ''അല്ലാഹുവേ, ഇദ്ദേഹത്തിനു നീ പൊറുത്തുകൊടുക്കേണമേ. അല്ലാഹുവേ, ഇദ്ദേഹത്തിനു നീ കരുണ ചെയ്യേണമേ'' (മുസ്‌ലിം 3:179).
ഒരു സംഘനമസ്‌കാരം കാണുമ്പോള്‍ റക്അത്തു കിട്ടുക എന്ന ഉദ്ദേശ്യത്തോടെ ധൃതികാണിച്ച് ഓടിച്ചെല്ലാന്‍ പാടില്ല. സാവകാശം നടന്നടുത്ത് നമസ്‌കാരത്തില്‍ തുടരണം. നബി(സ്വ) പറഞ്ഞു: ''നിങ്ങള്‍ ഇഖാമത്ത് വിളി കേട്ടാല്‍ നമസ്‌കാരത്തിലേക്ക് സാവകാശത്തോടെയും ഭക്തിയോടെയും നടന്നുചൊല്ലുക. ധൃതികാണിക്കരുത്. നിങ്ങള്‍ക്ക് (ഇമാമിനോടൊപ്പം) ലഭിച്ചത് നമസ്‌കരിക്കുക. നഷ്ടപ്പെട്ടത് പൂര്‍ത്തിയാക്കുകയും ചെയ്യുക'' (ബുഖാരി 1:118, മുസ്‌ലിം 1:420).
നമസ്‌കാരത്തില്‍ ഏകാഗ്രത വേണം. അതിനാല്‍ വിശന്നുകൊണ്ടോ വിസര്‍ജനത്തിന് തോന്നുമ്പോഴോ നമസ്‌കരിക്കരുത്. അത്തരം ആവശ്യം പൂര്‍ത്തിയാക്കി സ്വസ്ഥമനസ്സോടെയാണ് നമസ്‌കാരത്തിനു വരേണ്ടത്. നബി (സ്വ) പറഞ്ഞു: ''നമസ്‌കാരത്തിന് വിളിക്കപ്പെട്ടിരിക്കെ ഭക്ഷണം തയ്യാറാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആദ്യം ഭക്ഷണം കഴിക്കുക. ധൃതിപ്പെടരുത്; അത് കഴിച്ചു തീരുന്നതുവരെ'' (ബുഖാരി:642, മുസ്‌ലിം:559).
''ഭക്ഷണത്തിന്റെ സാന്നിധ്യത്തിലോ, മലമൂത്ര വിസര്‍ജനത്തിനു മുട്ടുമ്പോഴോ നമസ്‌കരിക്കാന്‍ പാടുള്ളതല്ല'' (മുസ്‌ലിം 560).
നമസ്‌കാരത്തില്‍നിന്ന് ശ്രദ്ധ അകറ്റുന്ന ചിത്രങ്ങളോ അലങ്കാരങ്ങളോ മുമ്പിലുണ്ടാവാതിരിക്കണം. ആഇശ(റ) യുടെ വീട്ടിലെ ഒരു വിരി ചിത്രപ്പണികളുള്ളതായിരുന്നു. അത് നമസ്‌കാരത്തില്‍ പ്രവാചകനെ അശ്രദ്ധനാക്കിയപ്പോള്‍ അവിടുന്ന് പറഞ്ഞു: ''നിന്റെ ഈ വിരി എടുത്തു മാറ്റൂ. എന്റെ നമസ്‌കാരത്തില്‍ അതിലെ ചിത്രങ്ങള്‍ എനിക്കു മുമ്പില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു'' (ബുഖാരി).
നമസ്‌കാരം വൃത്തിയും ശുദ്ധിയുമുള്ള സ്ഥലത്തു വെച്ചാണ് നിര്‍വ്വഹിക്കേണ്ടതെന്നതില്‍ സംശയമില്ല. നമസ്‌കാരത്തിന്റെ പവിത്രതയ്ക്കും നമസ്‌കരിക്കുന്നവന്റെ ഏകാഗ്രമനസ്സിനും ഉതകാത്ത അറപ്പും വെറുപ്പും തിരക്കും ഉണ്ടാകുന്ന സ്ഥലത്തുവെച്ച് നമസ്‌കരിക്കാവതല്ല. കുളിപ്പുര, വഴി, അങ്ങാടി, ഖബ്‌റിടം, ചപ്പുചവറുകളിടുന്ന സ്ഥലം, കശാപ്പുശാല, തൊഴുത്തുകള്‍, കഅ്ബയുടെ മുകള്‍ഭാഗം എന്നീ സ്ഥലങ്ങളില്‍വച്ച് നമസ്‌കരിക്കുന്നത് നബി(സ്വ) വിലക്കിയിട്ടുണ്ട് (തിര്‍മിദി 346).
സൂര്യന്‍ ഉദിക്കുന്ന സമയത്തും അസ്തമിക്കുന്ന സമയത്തും സൂര്യന്‍ ആകാശമധ്യത്തില്‍ നില്‍ക്കുന്ന സമയത്തും നമസ്‌കരിക്കുന്നത് നബി(സ്വ) നിരോധിച്ചിട്ടുണ്ട്.