സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ നിശ്ചിതമായ കണക്കനുസരിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സൗരയൂഥ ത്തിന്റെ കേന്ദ്രനക്ഷത്രമായ സൂര്യനെ എട്ട് ഗ്രഹങ്ങള്‍ ചുറ്റുന്നു. അതിലൊന്നായ ഭൂമിക്കുചുറ്റും അതിന്റെ ഉപഗ്രഹമായ ചന്ദ്രനും കറങ്ങുന്നു. ഇവക്കെല്ലാം സഞ്ചരിക്കാന്‍ അവയുടെ സ്രഷ്ടാവായ നാഥന്‍ നിശ്ചിത സഞ്ചാരപഥങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.
''സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണിത്. ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈത്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു'' (യാസീന്‍: 38, 39).
ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രന്‍. ഭൂമി സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ചന്ദ്രന്‍ ഭൂമിയെയും ചുറ്റുന്നു. ചന്ദ്രന്‍ ഭൂമിയെ ചുറ്റുമ്പോള്‍ ചില ഘട്ടങ്ങളില്‍ ഭൂമിയുടെയും സൂര്യന്റെയും ഇടയ്ക്കായി വരുന്നു. ആ സമയത്ത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുന്നു. അമാവാസി (ചന്ദ്രന്റെ പ്രകാശിതമാല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാണ് അമാവാസി അഥവാ കറുത്ത വാവ് എന്ന് പറയുന്നത്)ദിനത്തിലാണിത് സംഭവിക്കുന്നത്. ചന്ദ്രന്റെ മറവിന്നനുസരിച്ച് സൂര്യപ്രകാശം ഭൂമിയില്‍ ഭാഗികമായോ പൂര്‍ണമായോ പതിക്കാതിരിക്കുന്നു. ഈ പ്രതിഭാസത്തിനാണ് സൂര്യഗ്രഹണം എന്നു പറയുന്നത്. ഭൂമിയില്‍ നിന്ന് ആ സമയത്ത് സൂര്യനെ കാണാന്‍ കഴിയുകയില്ല.
ചന്ദ്രന്‍ ഭൂമിക്കുചുറ്റും സഞ്ചരിക്കുന്ന ഘട്ടത്തില്‍ ചിലപ്പോള്‍ ഭൂമി ചന്ദ്രന്റെയും സൂര്യന്റെയും ഇടയ്ക്ക് വരികയും സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കുന്നതിന് ഭൂമി മറയായിത്തീരുകയും ചെയ്യുന്നു. അന്ന് ഭൂമിയില്‍ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രനെ കാണാന്‍ കഴിയില്ല. ഈ അവസ്ഥക്ക് ചന്ദ്രഗ്രഹണം എന്നു പറയുന്നു. പൗര്‍ണമി ദിനത്തിലാണിത് സംഭവിക്കുന്നത്.
ഇപ്രകാരം സൂര്യചന്ദ്രന്മാര്‍ക്ക് ഗ്രഹണം ബാധിച്ചാല്‍ അല്ലാഹുവിനെ സ്മരിക്കുകയും പ്രത്യേകം പ്രാര്‍ഥന നടത്തുകയും വേണം. ഭൂമിയില്‍ മഹാന്മാരുടെ മരണത്തിലും ആപത്തിലും സൂര്യചന്ദ്രന്മാര്‍ പ്രകടിപ്പിക്കുന്ന ദുഃഖമാണ് ഗ്രഹണങ്ങളെന്ന അന്ധവിശ്വാസം അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നു. പ്രവാചകന്റെ മകന്‍ ഇബ്‌റാഹീം എന്ന കുട്ടി മരണപ്പെട്ട ദിനത്തില്‍ സൂര്യഗ്രഹണമുണ്ടായി. ജനങ്ങളുടെ തെറ്റായ ധാരണ ഇല്ലാതാക്കാന്‍ ഈ സന്ദര്‍ഭം നബി(സ്വ) ഉപയോഗപ്പെടുത്തി. ഗ്രഹണ നമസ്‌കാരത്തെത്തുടര്‍ന്ന് ചെയ്ത പ്രസംഗത്തില്‍ അവിടുന്നു പറഞ്ഞു: ''തീര്‍ച്ചയായും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ നിരവധി ദൃഷ്ടാന്തങ്ങളിലെ രണ്ടെണ്ണമാണ്. ആരുടെയും ജനനത്താലോ മരണത്താലോ അതിന് ഗ്രഹണം ബാധിക്കുകയില്ല'' (ബുഖാരി, മുസ്‌ലിം).
ഗ്രഹണ നമസ്‌കാരം
ഗ്രഹണം ബാധിച്ചതായി കണ്ടാല്‍ പള്ളിയില്‍ ഒരുമിച്ചുകൂടി നമസ്‌കാരവും അതിനെത്തുടര്‍ന്ന് ഇമാം ഒരു പ്രസംഗവും നടത്തണം. രണ്ടു റക്അത്തിലായി നാലു റുകൂഉം നാലു നിര്‍ത്തവും നാലു സുജൂദും നിര്‍വഹിച്ചു കൊണ്ടാണ് ഇത് നിര്‍വഹിക്കേണ്ടത്.'' (ഫിഖ്ഹുല്‍ ഇമാം അബൂസൗര്‍: 269, ഉംദതുല്‍ഖാരിഅ് 5:40, 6:152, മഹല്ലി 5:145). ഈ നമസ്‌കാരത്തിന് സ്വലാതുല്‍ കുസൂഫ് (ഗ്രഹണ നമസ്‌കാരം) എന്ന് പറയുന്നു.
അസ്മാഅ്(റ) പറയുന്നു: ''നബി(സ്വ) സൂര്യഗ്രഹണ നമസ്‌കാരം നിര്‍വഹിച്ചു. ദീര്‍ഘമായി നിന്നു. പിന്നെ റുകൂ അ് ചെയ്തു. റുകൂഅ് ദീര്‍ഘിപ്പിച്ചു. പിന്നെയും നിന്നു. ദീര്‍ഘമായി നിന്നു. പിന്നെ റുകൂഅ് ചെയ്തു. റുകൂഅ് ദീര്‍ഘിപ്പിച്ചു. പിന്നെ തലയുയര്‍ത്തി. പിന്നീട് സുജൂദ് ചെയ്തു. സുജൂദ് ദീര്‍ഘിപ്പിച്ചു. പിന്നെ സുജൂദില്‍ നിന്ന് എഴുന്നേറ്റ് പിന്നെയും സുജൂദ് ചെയ്തു. സുജൂദ് ദീര്‍ഘിപ്പിച്ചു. പിന്നീട് എഴുന്നേറ്റ് നിന്നു. ദീര്‍ഘമായി നിന്നു. പിന്നെ റുകൂഅ് ചെയ്തു. ദീര്‍ഘമായി റുകൂഅ് ചെയ്തു. പിന്നെ ഉയര്‍ന്നു. ദീര്‍ഘമായി നിന്നു. പിന്നെ റുകൂഅ് ചെയ്തു. റുകൂഅ് ദീര്‍ഘിപ്പിച്ചു. പിന്നെ ഉയര്‍ന്നു. പിന്നെ സുജൂദ് ചെയ്തു. സുജൂദ് ദീര്‍ഘിപ്പിച്ചു. പിന്നീട് (നമസ്‌കാരം അവസാനിപ്പിച്ച്) പിരിഞ്ഞുപോയി'' (ബുഖാരി).
ഗ്രഹണം ദീര്‍ഘിക്കുന്നതിനനുസരിച്ച് നമസ്‌കാരം ദീര്‍ഘിപ്പിക്കുന്നതാണ് നബിചര്യ. ഗ്രഹണ നമസ്‌കാരം സംഘമായിട്ടേ നമസ്‌കരിക്കാവൂ.
പള്ളിയിലെ ഗ്രഹണ നമസ്‌കാരത്തില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം. ''അസ്മാഅ്(റ) പറയുന്നു: പ്രവാചകന്റെ കാലത്ത് സൂര്യഗ്രഹണമുണ്ടായി. അപ്പോള്‍ നബി(സ്വ) വെപ്രാളപ്പെട്ടു. ധൃതി നിമിത്തം വസ്ത്രമെടുത്തത് മാറിപ്പോയി. പിന്നെ മേല്‍തട്ടമെടുത്തു. അവര്‍ പറയുന്നു. ഞാനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റി പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ നമസ്‌കാരത്തില്‍ നില്ക്കുകയാണ്. ഞാനും അവിടുത്തോടു കൂടി നമസ്‌കരിക്കാന്‍ നിന്നു. നിര്‍ത്തം ദീര്‍ഘിപ്പിച്ചു. അങ്ങനെ ഞാന്‍ ഇരിക്കാന്‍ ഒരുങ്ങി. തൊട്ടടുത്തു ദുര്‍ബലയായ ഒരു സ്ത്രീയെ ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ വിചാരിച്ചു. ഇവള്‍ എന്നേക്കാളും ബലഹീനയാണ്. അങ്ങനെ ഞാന്‍ നിന്നു. നബി(സ്വ) റുകൂഅ് ചെയ്തു. ദീര്‍ഘമായി റുകൂഅ് ചെയ്തു. പിന്നെ തലയുയര്‍ത്തി ദീര്‍ഘമായി നിന്നു. മറ്റൊരാള്‍ കണ്ടെങ്കില്‍ വിചാരിക്കും നബി റുകൂഅ് തന്നെ ചെയ്തിട്ടില്ലെന്ന്'' (മുസ്‌ലിം: 906).
ഈ ഹദീസില്‍ അസ്മാഅ്(റ) പള്ളിയില്‍ പങ്കെടുത്തെന്നും തന്റെ തൊട്ടടുത്ത് ഒരു സ്ത്രീയുണ്ടായിരുന്നുവെന്നും പറഞ്ഞതില്‍ നിന്ന് ആ ഗ്രഹണ നമസ്‌കാരത്തില്‍ വേറെയും സ്ത്രീകള്‍ പങ്കെടുത്തിരുന്നുവെന്ന് മനസ്സിലാക്കാം.
മുസ്‌ലിം ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ (ഹദീസ് നമ്പര്‍: 903) ആഇശ(റ) തന്റെ അടുത്തുള്ള സ്ത്രീകളോടു കൂടി പള്ളിയിലേക്ക് ഗ്രഹണ നമസ്‌കാരത്തിനു പുറപ്പെട്ടുവെന്ന് ഉദ്ധരിക്കുന്നുണ്ട്.
സൂര്യഗ്രഹണത്തിന് പതുക്കെയും ചന്ദ്രഗ്രഹണത്തിന് ഉറക്കെയും ഓതണമെന്നാണ് കര്‍മശാസ്ത്ര പണ്ഡിതന്മാരില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. പക്ഷേ, അതിന് ഉപോദ്ബലകമായ തെളിവുകളൊന്നും തന്നെയില്ല. സൂര്യഗ്രഹണത്തിലും നബി(സ്വ) ഉറക്കെയാണ് ഓതിയിരുന്നത് (അബൂദാവൂദ്). ആദ്യത്തെ റുകൂഇല്‍നിന്ന് എഴുന്നേല്‍ക്കുന്ന സന്ദര്‍ഭത്തിലും 'സമിഅല്ലാഹു ലിമന്‍ ഹമിദ' എന്നുതന്നെ ചൊല്ലണം (ബുഖാരി). ശേഷം കൈ കെട്ടി ഫാതിഹ ഓതി സൂറത്ത് പാരായണം ചെയ്യുക. ഗ്രഹണ നമസ്‌കാരത്തില്‍ ഒരു റക്അത്തില്‍ രണ്ട് നിറുത്തവും രണ്ട് റുകൂഉകളും ഉണ്ടാവുമെന്നര്‍ഥം.