ഒരു സമൂഹത്തിന്റെ ചരിത്രം എഴുതപ്പെടുന്നില്ലെങ്കില്‍ കാലപ്രവാഹത്തില്‍ മറഞ്ഞു പോകുന്ന ആ സമൂഹത്തിന് ഒരു ചരിത്രമുണ്ടാകില്ല. എന്നല്ല ചരിത്രത്തില്‍ അങ്ങനെയൊരു സമൂഹമേ ഉണ്ടാവില്ല എന്നതാണ് യാഥാര്‍ഥ്യം. ചരിത്രത്തെക്കുറിച്ചുള്ള വീക്ഷണഗതികള്‍ക്കനുസരിച്ച് അതിന്റെ നിര്‍വചനങ്ങളും ഏറെയാണ്. തിരുത്തപ്പെടാത്ത തെറ്റുകള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുമ്പോള്‍ അത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്, സമൂഹത്തോടും.
''ഒരു സാമൂഹ്യ ജീവിയെന്ന നിലയില്‍ മനുഷ്യന്റെ വൈയക്തികവും സംഘടിതവുമായ, സ്ഥല-കാല ബന്ധിത പ്രവര്‍ത്തന പരിണാമ ഘടകങ്ങളെ അവയുടെ ഭൗതിക-മാനസിക പശ്ചാത്തലത്തില്‍ അനേഷിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് ചരിത്രം''-ഏണസ്റ്റ് ബെന്‍ഹ(ര്‍)ം.
വിജ്ഞാനം, അന്വേഷണം, ഗവേഷണം എന്നീ വിവക്ഷയില്‍ ചരിത്രത്തിന്റെ പ്രാകൃതരൂപമായ 'ഹിസ്റ്ററിയ' എന്ന പദം ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത് ഗ്രീക്കുകാരാണ്. 'ചരിത്ര'ത്തെ ആദ്യമായി നിര്‍വചിച്ചതും അതിന്റെ പ്രഥമ പ്രയോക്താക്കളും ഗ്രീക്കുകാര്‍ തന്നെ. പുരാവൃത്തങ്ങ(Myth)ളില്‍ നിന്ന് കഥാഗാന(Ballads)ങ്ങളിലേക്കും കഥാഗാനങ്ങളില്‍ നിന്ന് ചരിത്രാഖ്യാനങ്ങളിലേക്കുമുള്ള ചരിത്രത്തിന്റെ പ്രയാണം സുദീര്‍ഘമാണ്.