ഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ല. എന്നാല്‍ മനുഷ്യരാശിയെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമെന്ന നിലയില്‍ അതിന് ഭൂതകാലത്തെ അവഗണിക്കാനുമാവില്ല. പൂര്‍വ്വകാല പ്രവാചകരുടെയും അവരുടെ പ്രബോധനത്തിന്റെയും പ്രതിയോഗികളുടെ പ്രതികരണങ്ങളുടെയും ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ പ്രേരണ നല്‍കുന്നതാണ് ഖുര്‍ആനിലെ ചരിത്രകഥനത്തിന്റെ ലക്ഷ്യം.
ഖുര്‍ആനിക ആഹ്വാനം ചരിത്രപഠനത്തിന് അനല്പമായ പ്രേരണയാണ് ചെലുത്തിയത്. വിവിധ സമൂഹങ്ങളുടെ ചെയ്തികള്‍ എങ്ങനെ അവരെ നാശത്തിലേക്കെത്തിച്ചെന്ന് ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ പ്രവൃത്തികള്‍ക്കുള്ള ഗുണവും ദോഷവും, അവന്‍ അനുഭവിക്കുമെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ പ്രകൃതി (ദൈവിക) നിയമം, അന്ധമോ സ്വേച്ഛാപരമോ അല്ലെന്നും ചരിത്രപരമായ കാരണങ്ങളാലാണ്, മാറ്റത്തിലേക്കും വിപ്ലവത്തിലേക്കും സമൂഹങ്ങളെ നയിക്കുന്നതെന്നും ഉദ്‌ഘോഷിക്കുന്നു.
''ഭൂമിയില്‍ സഞ്ചരിച്ച് പ്രാചീന സംസ്‌കാര കേന്ദ്രങ്ങള്‍ എങ്ങനെ നശിച്ചുവെന്ന് അന്വേഷിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതിന്റെ പ്രസക്തി ഇതാണ്. പ്രാചീന ജനതയെക്കുറിച്ചും അവരുടെ നാഗരികതയെക്കുറിച്ചുമുള്ള ഖുര്‍ആനിന്റെ പരാമര്‍ശരീതിയും അവരുടെ ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനുള്ള ആഹ്വാനവും ഇസ്‌ലാം മുഖ്യമായും ചരിത്രബോധമുള്ള ഒരു മതമാണെന്നാണ് കാണിക്കുന്നത്.'' (Faraqi N A, Early Muslim Historiography, Page 6, 1979).
മാതൃകാ പുരുഷനായ നബി തിരുമേനി(സ്വ)യുടെ ചര്യകളും അധ്യാപനങ്ങളും (ഹദീസ്) സൂക്ഷ്മമായി രേഖപ്പെടുത്താനുള്ള വ്യഗ്രതയും ചരിത്രപഠനത്തിന് പ്രേരകമായ മറ്റൊരു ഘടകമാണ്. മദീന കേന്ദ്രമായി ആരംഭിച്ച ഹദീസ് പഠന അക്കാദമി, ചരിത്ര ഗവേഷണത്തിന്റെ സ്രോതസ്സായി മാറി. സ്വീകാര്യമായ ഹദീസ്, തെറ്റായ പ്രസ്താവനകളില്‍ നിന്ന് അരിച്ചെടുക്കുന്ന 'ഇസ്‌നാദ്' (Chain of Reporters) രീതി, ശാസ്ത്രീയവും വിമര്‍ശനാത്മകവുമായ ഒരു സമീപനം പണ്ഡിതരില്‍ ഉണര്‍ന്നുവരാന്‍ ഇടയാക്കി. “കഥാ കഥനക്കാര്‍ അവാസ്തവ കഥകള്‍ മെനയാന്‍ തുടങ്ങിയപ്പോള്‍ അവരുടെ വെല്ലുവിളി നേരിടാന്‍ ഞങ്ങള്‍ ചരിത്രനിര്‍മാണം തുടങ്ങി”യെന്ന് അബൂത്വുഫൈലു സൗരി പറഞ്ഞതിന്റെ പൊരുളും ഇതാണ്.
ആദ്യകാല ഇസ്‌ലാമിക ചരിത്രപഠനം കൈകാര്യം ചെയ്തിരുന്നത് മതപണ്ഡിതരായിരുന്നു. പ്രവാചകന്റെ അനുയായികളില്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ ജീവചരിത്ര രചനകള്‍ ആയിരം ആണ്ടിനിടയില്‍ പുറത്തുവന്നു. (Faraqi N A, Early Muslim Historiography, Page 6, 1979).
സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ആളില്‍ നിന്ന് ദൃക്‌സാക്ഷി വരെയുള്ളവരുടെ ശൃംഖല നിര്‍മിച്ച് സത്യാവസ്ഥ നിജപ്പെടുത്തുന്ന രീതിയാണ് 'ഇസ്‌നാദ്'. ഇതോടൊപ്പം റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയെക്കുറിച്ചുള്ള വ്യക്തി വിവരണവും (who's who-അസ്മാഉര്‍രിജാല്‍) ഉപയോഗപ്പെടുത്തുന്നു. ഇത്തരം രീതി ആദ്യമായി ഉപയോഗിച്ചത് അറബികളായിരുന്നു. അറബ് ചരിത്രരചനയിലെ ആദ്യകാലത്തെ രണ്ടുവിഭാഗമാണ് മഗാസീയും സീറയും.
സൈനിക നീക്കങ്ങളെ പ്രതിപാദിക്കുന്ന രചനകളായ മഗാസീ സാഹിത്യം, പൂര്‍വകാല ഇസ്‌ലാമിക ചരിത്രത്തെ സംബന്ധിച്ചെടത്തോളം ഒരു ഖനിയായാണ് കരുതപ്പെടുന്നത്. സൈനിക നീക്കങ്ങളുടെ ലക്ഷ്യം, ഫലം, സേനാനായകര്‍, സൈനികരുടെ പേരുകള്‍ തുടങ്ങി വിപുലമായ വിവരങ്ങളാണ് മഗാസീ ആഖ്യാനങ്ങള്‍ നല്കിയിരുന്നത്. ഹദീസ് ശേഖരിക്കുന്ന പണ്ഡിതരോടുകൂടിയാണ് മഗാസീ രചനകള്‍ ആരംഭിക്കുന്നത്. അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ പുത്രി അസ്മയുടെ മകനായ ഉര്‍വതുബ്‌നു സുബൈറിന്റെ(ഹി. 23-94) പിന്‍മുറക്കാരായി ഒരു സംഘം മഗാസീ രചയിതാക്കള്‍ രംഗത്തുവന്നു. അബാനുബ്‌നു ഉസ്മാന്‍(ചരമം ഹി.100), വഹബുബ്‌നു മുനബ്ബിഹ് (ഹി. 34-100), ശറഹ്ബ്‌നുസഈദ്(ചരമം ഹി.123), സുഹ്‌രി എന്നിവരായിരുന്നു ആദ്യകാല മഗാസീ രചയിതാക്കള്‍.
ആസ്വിമുബ്‌നു ഉമറുബ്‌നുല്‍ഖതാബ് അല്‍ അന്‍സാരി (ചരമം ഹി. 120), നബി തിരുമേനിയുടെയും അനുചരന്‍മാരുടെയും സൈനിക നീക്കങ്ങളെക്കുറിച്ച് ദമസ്‌കസില്‍ പ്രഭാഷണം നടത്തിയിരുന്നു. ഇവ കുറച്ചൊക്കെ എഴുതപ്പെടുകയും ചെയ്തിട്ടുണ്ട്. ഇബ്‌നു ഇസ്ഹാഖിന്റെ സമകാലികനായ മൂസബ്‌നു ഉത്ബ(ചരമം ഹി. 141)യുടെ മഗാസീയുടെ ഒരു ഭാഗം (1904) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ചരിത്രകാരനെന്ന നിലയിലുള്ള ഇബ്‌നു ഉത്ബയുടെ സത്യസന്ധതയും പ്രാധാന്യവും മാലികുബ്‌നു അനസ്, ശാഫിഈ, അഹ്മദുബ്‌നു ഹമ്പല്‍(റ) എന്നിവര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. മഗാസീ രചനകള്‍ പൂര്‍ണ രൂപത്തിലുള്ള ചരിത്രാഖ്യാനങ്ങളല്ലെങ്കിലും അവയുടെ പ്രാധാന്യം അവഗണിക്കാവതല്ല. നബിയുടെ ജീവിതകഥയുടെയും സമകാല മുസ്‌ലിം ചരിത്രത്തിന്റെയും സുപ്രധാന ആധാര ശിലകളാണ് അവയെന്ന് സ്‌കോട്ടിഷ് ചരിത്രകാരന്‍ വില്യം മോണ്ട്‌ഗോമറി വാട്ട് സാക്ഷ്യപ്പെടു ത്തുന്നു (watt. M Muhammed at mecca p. 28).