Skip to main content

ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ (1)

അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്കു ശേഷം പ്രവാചകന്‍മാരുടെ ദൗത്യം ഏടെുത്ത് നടത്തേണ്ടത് പണ്ഡിതന്‍മാരാണ്. വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രമാണമാക്കി കാലാകാലങ്ങളായി പണ്ഡിതന്‍മാര്‍ അത് നിര്‍വഹിച്ചു പോരുന്നുണ്ട് താനും. സ്വഹാബിമാരും, താബിഉകളും അവരുടെ അടുത്ത തലമുറകളിലുമുള്ള നിരവധി പണ്ഡിതന്മാരുമാണ് ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും ഹദീസ് ക്രോഡീകരണവും നടത്തിയത്. ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇസ്‌ലാം വ്യാപിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണ്ഡിതന്‍മാര്‍ ഉണ്ടായി. അറേബ്യന്‍ ഉപദ്വീപിനേക്കാള്‍ പണ്ഡിതന്‍മാര്‍ പുറത്തു നിന്നാണ് ഉണ്ടായത്. ബുഖാരി, മുസ്‌ലിം തുടങ്ങിയവരുള്‍പ്പടെ അറിയപ്പെട്ട മുസ്‌ലിം പണ്ഡിതന്‍മാരെല്ലാം അറേബ്യക്കു പുറത്തുനിന്നുള്ളവരാണ്.

ഇന്ത്യാരാജ്യത്ത് ആദ്യനൂറ്റാണ്ടുകളില്‍ തന്നെ ഇസ്‌ലാം എത്തിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഭരണത്തിലിരുന്ന മുസ്‌ലിം സുല്‍ത്താന്‍മാരില്‍ പലരും വിദ്യാഭ്യാസത്തിന് പ്രധാന്യം നല്‍കി. പണ്ഡിതരെ ആദരിച്ചു. ഇന്ത്യയില്‍ നിന്ന് വിവിധ കാലഘട്ടങ്ങളിലായി നിരവധി മുസ്‌ലിം പണ്ഡിതന്‍മാര്‍ ഉണ്ടായിട്ടുണ്ട്. ഹദീസ് വിജ്ഞാനീയത്തിനു മാത്രം വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ലോകപ്രശസ്ത ഹദീസ് പണ്ഡിതന്‍മാര്‍ ഇന്ത്യയിലുണ്ടായിരുന്നു. പതിനെട്ട് പത്തൊന്‍പത് നൂറ്റാണ്ടുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നവോത്ഥാന സംരംഭത്തില്‍ ശാഹ്‌വലിയ്യല്ലാഹിദ്ദഹ്‌ലവി, സയ്യിദ് സനാഉല്ലാ അമൃതസരി തുടങ്ങിയവരും തെന്നിന്ത്യയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വന്ന സനാഉല്ലാ മഖ്തി തങ്ങള്‍, വക്കം മൗലവി തുടങ്ങിയ മഹാരഥന്‍മാരും അക്കൂട്ടത്തിലുണ്ട്. കൂടാതെ ലബ്ധപ്രതിഷ്ടനായ സര്‍ഗസാഹിത്യകാരനും വിശ്വമഹാകവിയുമായ ഇഖ്ബാലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉന്നതസ്ഥാനത്തെത്തിയ അബുല്‍കലാം ആസാദും മതപണ്ഡിതന്‍മാര്‍ കൂടിയായിരുന്നു. ആധുനിക കാലത്തെ ചരിത്രത്തില്‍ അബുല്‍ഹസന്‍ അലി നദ്‌വിയെന്ന ലോകപ്രശസ്ത പണ്ഡിതനെ ഒഴിച്ചുനിര്‍ത്താനാവില്ല.


 

Feedback