Skip to main content

ഇന്ത്യ ഭരിച്ച ഭരണകൂടങ്ങള്‍ (19)

ഇസ്‌ലാം ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗത്തും പ്രചാരം നേടി. ലോകത്തിന്റെ പല ഭാഗങ്ങളിലും മുസ്‌ലിംകള്‍ ഭരണം നടത്തി. എന്നാല്‍ ഖുലഫാഉര്‍റാശിദുകളെ പോലെയുള്ള ഇസ്‌ലാമിക ഭരണമായിരുന്നു അവയെല്ലാം എന്നു പറഞ്ഞുകൂടാ. ഇസ്‌ലാമിനു വിരുദ്ധമായ നിലപാടു സ്വീകരിച്ചവര്‍ പോലും മുസ്‌ലിം ഭരണാധികാരികളില്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും ലോകത്ത് ഒരു പ്രബല ശക്തിയായി മുസ്‌ലിംകള്‍ വളര്‍ന്നു. പല ഭരണാധികാരികളും തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരുന്നു. അക്കൂട്ടത്തില്‍ ഇന്ത്യയിലേക്കും മുസ്‌ലിം ഭരണാധികാരികള്‍ കടന്നു വന്നു.


ഇന്ത്യ എന്നു കേള്‍ക്കുമ്പോള്‍ ഇന്നത്തെ സ്വതന്ത്ര്യ ഇന്ത്യ എന്ന സങ്കല്‍പമല്ല ആദ്യകാലത്തുള്ളത്. അഫ്ഗാനിസ്താന്‍ മുതല്‍ മ്യാന്‍മര്‍ വരെയും ഹിമാലയം മുതല്‍ കന്യാകുമാരി വരെയും പരന്നു കിടക്കുന്ന ഇന്ത്യാ ഉപഭൂഖണ്ഡം എണ്ണമറ്റ നാട്ടുരാജ്യങ്ങളായി കിടക്കുകയും എന്നും പരസ്പരം കലഹവും യുദ്ധവുമായി കഴിഞ്ഞുകൂടുകയുമായിരുന്നു. ഈ സാഹചര്യം മുതലെടുത്തു കൊണ്ട് സിന്ധ് പ്രവിശ്യയിലൂടെ ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തുകൂടെ പലപ്പോഴും വിദേശാക്രമണങ്ങള്‍ ഉണ്ടായികൊണ്ടിരുന്നു. മധ്യേഷ്യയില്‍ നിന്ന് മുഹമ്മദ് ഖാസിം ക്രി. എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉപഭൂഖണ്ഡത്തിലേക്ക് ആക്രമിച്ചു കടന്നു. നാട്ടുരാജാക്കന്മാരുടെ തമ്മില്‍ത്തല്ല് വിദേശീയര്‍ക്ക് സഹായകമായി. അക്കാലം മുതല്‍ 1947ല്‍ സ്വതന്ത്ര ഇന്ത്യ രൂപം കൊള്ളുന്നതു വരെ ഇന്ത്യ ഭരിച്ചത് വിദേശികളായിരുന്നു. 


1858ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ ഭരണം കൈക്കലാക്കുന്നത് വരെ ഇന്ത്യ ഭരിച്ചത് മുസ്‌ലിം ഭരണാധികാരികളായിരുന്നു. ഗസ്‌നവി, ഗോറി, അടിമ, ഖില്‍ജി, തുഗ്ലക്ക്, ബാമിനി, മുഗള്‍ എന്നീ പേരുകളിലറിയപ്പെട്ട ഭരണാധികാരികളാണ് ഡല്‍ഹി ആസ്ഥാനമായി ഭരണം നടത്തിയിരുന്നത്. ഡല്‍ഹി സുല്‍ത്താനേറ്റ് എന്നറിയപ്പെട്ട വ്യത്യസ്ത ഭരണകൂടങ്ങളുടെ കീഴിലുണ്ടായിരുന്ന ഇന്ത്യയുടെ വിസ്തൃതിയും വ്യത്യസ്തമായിരുന്നു. അതിനിടയിലും അനേകം നാട്ടുരാജ്യങ്ങള്‍ ഇന്ത്യയില്‍ നിലനിന്നിരുന്നു. തെക്കെ ഇന്ത്യയിലേക്ക് തങ്ങളുടെ ആധിപത്യം എത്തിക്കാന്‍ മിക്ക ഭരണകൂടങ്ങള്‍ക്കും കഴിഞ്ഞിരുന്നില്ല. മുസ്‌ലിം ഭരണാധികാരികള്‍ ഭരണം നടത്തിയ ഈ നീണ്ടകാലം ചരിത്രത്തില്‍ 'മുസ്‌ലിം ഇന്ത്യ' എന്ന പേരില്‍ വ്യവഹരിക്കപ്പെടാറുണ്ടെങ്കിലും അത് വസ്തുനിഷ്ഠമായ വിലയിരുത്തലല്ല. കാരണം ഈ ഭരണാധികാരികള്‍ ഇവിടെ ഇസ്‌ലാം നടപ്പാക്കുക ആയിരുന്നില്ല.

Feedback