Skip to main content

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് (3)

1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രമായി. പാകിസ്താന്‍ എന്ന പുതിയ രാഷ്ട്രവും പിറന്നു. ഇതിനിടെ അവിഭക്ത ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍വേന്ത്യാ മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിക്കകത്ത് ചൂടേറിയ ചര്‍ച്ച നടക്കുകയായിരുന്നു, പാര്‍ട്ടി ഇനി എന്തു ചെയ്യും?

1947 നവംബര്‍ 9ന്, മുസ്‌ലിം ലീഗിന്റെ ഉന്നത നേതാവും അക്കാലത്തെ ബംഗാള്‍ പ്രധാനമന്ത്രിയുമായിരുന്ന ഹുസൈന്‍ ശഹീദ് സുഹൃമര്‍ദി തന്റെ കൊല്‍ക്കത്തയിലെ വീട്ടില്‍ യോഗം വിളിച്ചു. പാര്‍ട്ടി പിരിച്ചു വിടലായിരുന്നു അജണ്ട.

പിരിച്ചുവിടാനുള്ള തീരുമാനം എടുക്കവെ കെ എം സീതി സാഹിബ് എഴുന്നേററു നിന്നു. ''ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായി സംഘടിച്ചില്ലെങ്കില്‍ അപകടം വരുത്തും. പാര്‍ട്ടി പിരിച്ചുവിടണമെങ്കില്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ കൗണ്‍സില്‍ തീരുമാനം വേണം.'' -സീതി സാഹിബിന്റെ അഭിപ്രായം അംഗീകരിക്കപ്പെട്ടു. സീതി സാഹിബിന്റെ കൂടെ അന്ന് ഖാഇദെ മില്ലത്ത് ഇസ്മാഈലുമുണ്ടായിരുന്നു.

1947 ഡിസംബര്‍ 15ന് കറാച്ചിയില്‍ സര്‍വേന്ത്യാ ലീഗ് ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നു. 1906 ഡിസംബര്‍ 30ന് ധാക്കയില്‍ രൂപം കൊണ്ട പാര്‍ട്ടി പിരിച്ചുവിടപ്പെട്ടു. ഭാവികാര്യങ്ങള്‍ ഇന്ത്യയിലെയും പാകിസ്താനിലെയും നേതാക്കള്‍ക്ക് വിടുകയും ചെയ്തു.

പുതിയ പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ 1948 മാര്‍ച്ച് 10ന് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ ചെന്നൈയിലെ രാജാജി ഹാളില്‍ യോഗം വിളിച്ചു. അവിടെ വച്ചു തന്നെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്തു. 'ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്.' മുഹമ്മദ് ഇസ്മാഈല്‍ പ്രസിഡന്റും മഹബൂബ് അലി ബേഗ് ജനറല്‍ സെക്രട്ടറിയും ഹസനലി പി ഇബ്‌റാഹീം ഖജാഞ്ചിയുമായിരുന്നു.

ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേടിക്കൊടുക്കുകയും അവര്‍ക്ക് അഭിമാനകരമായ അസ്തിത്വം പ്രദാനം ചെയ്യാനായി നിലകൊള്ളുകയും ചെയ്യുക-ഇതായിരുന്നു മുസ്‌ലിം ലീഗിന്റെ പ്രഖ്യാപിത ലക്ഷ്യം. 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446