Skip to main content

മുആവിയ ഇബ്‌നു അബീസുഫ്‌യാന്‍ (1)

വ്യാപാര പ്രമുഖനും ഖുറൈശി നേതാവും നബി(സ്വ)യുടെയും ഇസ്‌ലാമിന്റെയും പ്രത്യക്ഷവിരോധിയുമായിരുന്ന അബൂസുഫ്‌യാന്റെയും ഹിന്ദിന്റെയും മകനാണ് മുആവിയ (661- 680). മക്കാ വിജയവേളയിലാണ് ഈ കുടുംബം ഇസ്‌ലാം സ്വീകരിക്കുന്നത്. പിന്നീട് ഹിന്ദ് ഉള്‍പ്പെടെയുള്ള കുടുംബം മുഴുവന്‍ ഇസ്‌ലാമിക പ്രബോധന ഭൂമികയില്‍ വിശ്വാസത്തിന്റെ കരുത്ത് കാട്ടി.

മുആവിയ തിരുദൂതരുടെ വിശ്വസ്തനും ദിവ്യ വെളിപാടുകള്‍ എഴുതിവെക്കുന്നവരില്‍ ഒരാളുമായി. ധീരനായ ഇദ്ദേഹം മക്കാ വിജയാനന്തരം നടന്ന യുദ്ധങ്ങളിലും പങ്കുകൊണ്ടു. ഹദീസുകള്‍ നിവേദനം ചെയ്തു.

അബൂബക്ര്‍(റ) ഖലീഫയായിരിക്കെ ഉപസൈന്യത്തിന്റെ നായകനാക്കി. ഉമര്‍(റ) ആദ്യം ജോര്‍ദാനിലും പിന്നീട് ദമസ്‌കസിലും ഗവര്‍ണറാക്കി. ഉസ്മാന്‍(റ)യുടെ കാലത്ത് സിറിയയുടെ മുഴുവന്‍ ചുമതല മുആവിയക്ക് നല്‍കി. അലി(റ) ഖലീഫയായപ്പോള്‍ ബൈഅത്ത് ചെയ്യാതിരുന്നതും ഖിലാഫത്ത് ഏറ്റ ഉടനെ അലി(റ) മുആവിയയെ സിറിയന്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്നു നീക്കിയതുമാണ് പിന്നീട് ഇരുവരും തമ്മിലുണ്ടായ സ്വിഫ്ഫീന്‍ യുദ്ധത്തിലേക്കെത്തിച്ചത്.

ഖലീഫ അലി(റ)യുടെ മരണാനന്തരം മകന്‍ ഹസന്‍(റ) സ്വഹാബികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഖലീഫ സ്ഥാനമേറ്റു. എന്നാല്‍ മുആവിയ(റ)യുമായി കലഹിച്ച് അധികാരത്തില്‍ തുടരാന്‍ താല്പര്യമില്ലാത്തിതിനാല്‍ ഹസന്‍(റ) ആറുമാസത്തിനകം ഖിലാഫത്ത് ഒഴിയുകയും മുആവിയ(റ)ക്ക് ബൈഅത്ത് ചെയ്യുകയുമായിരുന്നു. അങ്ങനെയാണ് അതുവരെ സിറിയ ഗവര്‍ണര്‍ മാത്രമായിരുന്ന മുആവിയ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭരണതലപ്പത്തെത്തിയത്. ക്രി. വ. 661 (ഹിജ്‌റ 41)ലാണ് ഇത്. രാജ്യതലസ്ഥാനം കൂഫയില്‍നിന്ന് ദമസ്‌ക്കസിലേക്ക് മാറ്റുകയും ചെയ്തു.

ഭിന്നതയെ തുടര്‍ന്ന് കലുഷമായിരുന്ന ഇസ്‌ലാമിക സാമ്രാജ്യത്തില്‍ ഈ രഞ്ജിപ്പ് ശാന്തിയും സമാധാനവും തിരിച്ചുകൊണ്ടുവന്നു. അതുകൊണ്ട് ഈ വര്‍ഷം ആമുല്‍ ജമാഅ (ഐക്യവര്‍ഷം) എന്ന പേരില്‍ അറിയപ്പെട്ടു.

20 വര്‍ഷക്കാലം ഭരണത്തിലിരുന്ന് വിസ്തൃതവും സമ്പദ്‌സമൃദ്ധവുമായ ഒരു രാജ്യം പിന്‍ഗാമികള്‍ക്ക് നല്‍കിയാണ് 680 (ഹി. 60)ല്‍ മുആവിയ(റ)യുടെ അന്ത്യയാത്ര.

 

Feedback