Skip to main content

അബൂ സുഫ്‌യാൻ ബിൻ ഹർബ്(റ)

''നമ്മുടെ കച്ചവടസംഘത്തെ അല്ലാഹു രക്ഷപ്പെടുത്തിയിരിക്കുന്നു. യസ്‌രിബുകാര്‍ക്ക് നിങ്ങളെ കൊടുക്കാതെ നാട്ടിലേക്ക് മടങ്ങുക'' അബൂസുഫ്‌യാന്റെ കത്ത് വായിച്ച അബൂജഹ്ല്‍ അത് ചുരുട്ടിയെറിഞ്ഞു. ''യുദ്ധമില്ലാതെ ഇനി മക്കയിലേക്ക് മടക്കമില്ല'' അയാള്‍ പ്രഖ്യാപിച്ചു.

മക്കയിലെത്തിയ അബൂസുഫ്‌യാന്‍ അതീവ ഉത്കണ്ഠാകുലനായി. ബദ്‌റില്‍ നിന്നുള്ള വാര്‍ത്ത കള്‍ക്കായി അയാള്‍ കാത്തിരുന്നു. ദുരന്തം സംഭവിക്കരുതേയെന്ന് പ്രാര്‍ഥിച്ചു. എന്നാല്‍ രണ്ട് നാള്‍ക്കകം അയാള്‍ കേട്ടത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു.

''റബീഅയുടെ മക്കള്‍ ഉത്ബയും ശൈബയും ഹജ്ജാജിന്റെ മക്കള്‍ നബിതും മുന്നദ്വഹും അബൂല്‍ ബുഹ്ത്തുരിയും പിന്നെ ഉമയ്യ്വത്തുബ്‌നുഖലഫും അംറുബ്‌നു ഹിശാമും (അബൂജഹല്‍) വധിക്ക പ്പെട്ടു'' ബദ്‌റില്‍ നിന്നെത്തിയ ഹുസൈമാനുബ്‌നു അബ്ദില്ല ഉറക്കെ വിളിച്ചു പറഞ്ഞു.

സ്തബ്ധനായി അബൂസുഫ്‌യാന്‍. ബോധം വീണ്ടെടുത്ത അയാള്‍ ഹുസൈമാനോട് ഒന്നുകൂടി ചോദിച്ചു. ''എന്റെ മക്കള്‍?'' ''ഹന്‍ദലയെ അലി കൊന്നു, അംറ് ബന്ദിയായി'' അബൂസുഫ്‌യാന്‍ ഹുസൈന്റെ വായപൊത്തി.

മനസ്സ് വേദന കൊണ്ട് പുളഞ്ഞപ്പോള്‍ അയാള്‍ നേരെ വീട്ടിലേക്ക് നടന്നു.

ഭാര്യ ഹിന്ദുമായി അയാള്‍ വാര്‍ത്ത പങ്കിട്ടു. പിതാവിന്റെയും സഹോദരങ്ങളുടെയും മരണം അവളെയും ഞെട്ടിച്ചു.

''ബദ്‌റിന് പകരം വീട്ടാതെ ഞാനിനി നിന്നെ പ്രാപിക്കില്ല'' അബൂസുഫ്‌യാന്‍ പ്രതിജ്ഞ ചെയ്തു.

''പിതാവിന്റെയും സഹോദരങ്ങളുടെയും മരണത്തിന് കാരണക്കാരനായ ഹംസയെ എനിക്ക് കിട്ടിയാല്‍ ഞാനയാളുടെ പച്ചക്കരള്‍ കടിച്ചു തുപ്പും'' ലാത്ത സത്യം. ഹിന്ദ് ആണയിട്ടു.

അടുത്ത വര്‍ഷം ആര്‍പ്പുവിളികളുമായി ഉഹ്ദില്‍ നിന്നു മടങ്ങിയ ഖുറൈശിപ്പടയുടെ മുന്നണിയില്‍ ഈ ദമ്പതികളുണ്ടായിരുന്നു; പ്രതിജ്ഞ നിറവേറ്റിയ ആനന്ദവുമായി.

വര്‍ഷങ്ങള്‍ കടന്നുപോയി. മക്ക വിജയദിനമെത്തി. ഖുറൈശികള്‍ക്ക് പ്രതിരോധത്തിനുപോലും ഇട നല്‍കാതെ തിരുനബിയുടെ അനുചാരന്‍മാര്‍ കഅ്ബയണയുകയാണ്. അതിന് മുമ്പ് അബ്ബാസിന്റെ അഭയത്തില്‍ അബൂസുഫ്‌യാന്‍ തിരുമുമ്പിലെത്തി. മുസ്‌ലിംകളുടെ ഒരുമയും ദൂതരോടുള്ള അവരുടെ ഇണക്കവും കണ്ട് വിസ്മയിച്ചിരിക്കുന്ന അബൂസുഫ്‌യാനോടായി തിരുനബി(സ്വ) മന്ദസ്മിതം തൂകി ചോദിച്ചു.

''അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും ഇനിയെങ്കിലും താങ്കള്‍ക്ക് സാക്ഷ്യപ്പെടുത്തിക്കൂടേ അബൂസുഫ്‌യാന്‍?''.

''അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ടാമത്തെ സാക്ഷ്യത്തിന് എനിക്കല്പം സമയം വേണം''. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതുകേട്ട് സ്വഹാബിമാര്‍ ഇളകി. ''ഞാന്‍ ഇയാളെ വധിക്കട്ടെ ദൂതരേ'' ഉമര്‍(റ) എഴുന്നേറ്റു.

''പോയ്‌ക്കോളൂ, അബൂസുഫ്‌യാന്‍, ആലോചിച്ച് നാളെ രാവിലെ വരൂ'' ദൂതര്‍ അബൂസുഫ്‌യാന് സമയം നല്കി. അടുത്ത പ്രഭാതത്തില്‍ നബി(സ്വ)യുടെയും സ്വഹാബിമാരുടെയും പ്രഭാത നമസ്‌കാരത്തിനായുള്ള ഒരുക്കവും നമസ്‌കാരവും പ്രാര്‍ഥനയുമെല്ലാം കണ്ട അബൂസുഫ്‌യാന്‍ മിഴിച്ചുപോയി. ''എന്തൊരു ഐക്യം, ഇണക്കം, വിധേയത്വം, ഞാനിതുവരെ ഇങ്ങനെയൊരു ജനതയെ കണ്ടിട്ടില്ല'' അയാള്‍ അത്ഭുതം കൂറി.

വൈകാതെ അബ്ബാസി(റ) നോടൊപ്പം അബൂസുഫ്‌യാന്‍ തിരുദൂതരുടെ മുമ്പിലെത്തി.     ''താങ്കള്‍ അല്ലാഹുവിന്റെ ദൂതര്‍ തന്നെ, ഞാന്‍ സാക്ഷി'' അദ്ദേഹം പ്രഖ്യാപിച്ചു. 

സന്തുഷ്ടനായ ദൂതര്‍ ഒരു സന്തോഷവാര്‍ത്ത തിരിച്ചും അറിയിച്ചു.

''അബൂസുഫ്‌യാന്‍ താങ്കള്‍ ഖുറൈശികളിലേക്ക് പോവുക, എന്നിട്ട് അവരെ ഇങ്ങനെ അറിയിക്കുക. ആരെങ്കിലും അബൂസുഫ്‌യാന്റെ വീട്ടില്‍ പ്രവേശിച്ചാല്‍ അവര്‍ സുരക്ഷിതരാണ്. കഅ്ബയില്‍ പ്രവേശിച്ചവരും സ്വന്തം വീടുകളില്‍ തങ്ങുന്നവരും സുരക്ഷിതരാണ്.

പ്രവാചകന്‍ പതിച്ചു നല്‍കിയ ബഹുമതിയുമായി അദ്ദേഹം മക്കയിലേക്ക് കുതിച്ചു.

ബാല്യവും കൗമാരവും

ഖുറൈശ് ഗോത്രത്തില്‍ അബ്ദുമനാഫിന്റെ താവഴിയില്‍ ഹര്‍ബുബ്‌നു ഉമയ്യയുടെ മകനായി ആനക്കലഹത്തിന്റെ പത്ത് വര്‍ഷം മുമ്പ് ജനിച്ചു. ഹസനില്‍ ഹിലാലിയുടെ മകള്‍ സ്വഫിയ്യയാണ് മാതാവ്. സഖ്ര്‍ എന്ന് യഥാര്‍ത്ഥ പേര്. കുടുംബം സ്‌നേഹത്തോടെ വിളിച്ചതാണ് അബൂസുഫ്‌യാന്‍ എന്നത്.

യുദ്ധവും തന്ത്രങ്ങളും ഒപ്പം വ്യാപാരവും പിതാവില്‍ നിന്ന് പഠിച്ച സഖ്ര്‍ പൊതുസമ്മതനായി വളര്‍ന്നു. അക്കാലത്തെ ഉന്നത കുലജാതര്‍ കൂടുതല്‍ വിവാഹം കഴിച്ചിരുന്നു. എട്ടോളം ഭാര്യമാരുണ്ടായിരുന്നു അബൂസുഫ്‌യാന്. ഇവരില്‍ പ്രമുഖ ഉത്ത്ബയുടെ മകള്‍ ഹിന്ദ് ആണ്. പന്ത്രണ്ടിലധികം മക്കളും ജനിച്ചു. മുആവിയ(റ), യസീദ്(റ) തിരുനബിയുടെ ഭാര്യയായിത്തീര്‍ന്ന ഉമ്മുഹബീബ(റ) അന്‍ബസ(റ), ജുവൈരിയ്യ(റ) എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്.

ഭര്‍ത്താവ് ഉബൈദുല്ലയോടൊപ്പം ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിക്കുകയും എത്യോപ്യയിലേക്ക് ഹിജ്‌റ പോവുകയും ചെയ്ത ഉമമുഹബീബ(റംലയെന്ന് യഥാര്‍ത്ഥ പേര്) അവിടെ വെച്ച് വിധവയായി. അങ്ങനെയാണ് അവരെ നബി(സ്വ) വിവാഹം കഴിക്കുന്നത്.

ബദ്ര്‍ യുദ്ധത്തില്‍ മുന്‍നിര നേതാക്കള്‍ മരിച്ചതോടെയാണ് അബൂസുഫ്‌യാന്‍ ഖുറൈശി നേതാവാകുന്നത്. ഇസ്‌ലാമിനെയും നബി(സ്വ)യെയും ഇല്ലാതാക്കാന്‍ യത്‌നിക്കുകയും ചെയ്തു. 

അബൂസുഫ്‌യാന്‍ - ഇസ്‌ലാമില്‍

മക്കാവിജയത്തോടെ ഇസ്‌ലാം പുണര്‍ന്ന അബൂസുഫ്‌യാന്  തിരുനബി(സ്വ) അര്‍ഹമായ ആദരവ് നല്‍കി. ഭാര്യാ പിതാവ് എന്ന പരിഗണനയും വകവെച്ചുകൊടുത്തു.

ഹുനൈന്‍ യുദ്ധത്തില്‍ സംബന്ധിച്ചിരുന്നു അദ്ദേഹം. മക്കളായ മുആവിയ(റ), യസീദ്(റ) എന്നിവരും സേനയിലുണ്ടായിരുന്നു. മൂന്ന് പേര്‍ക്കും 100 ഒട്ടകം, 40 ഊഖിയ വെള്ളി എന്നിവ വീതം നല്‍കി.

സഖീഫ് ഗോത്രക്കാര്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അവരുടെ പൂജാവിഗ്രഹമായ ലാത്ത വിഗ്രഹത്തെ തകര്‍ക്കാന്‍ ത്വാഇഫിലേക്ക് നബി(സ്വ) അയച്ചത് അബൂസുഫ്‌യാനെയായിരുന്നു.

അബൂബക്ര്‍(റ) ഖലീഫയായിരിക്കെ നടന്ന സിറിയന്‍ പടയോട്ടത്തിലും യര്‍മുക്ക് യുദ്ധത്തിലും അബൂസുഫ്‌യാന്‍ പങ്കെടുത്തു. മകന്‍ യസീദായിരുന്നു ഒരു വിഭാഗത്തിന്റെ നായകന്‍. ഖലീഫ ഉമറിന്റെ(റ) കാലത്ത് മറ്റൊരു മകന്‍ മുആവിയയെ സിറിയയിലെ ഗവര്‍ണറാക്കുകയും ചെയ്ത് അബൂസുഫ്‌യാനെ ആദരിച്ചു.

88ാം വയസ്സില്‍ ഖലീഫ ഉസ്മാന്റെ(റ) ഭരണകാലത്താണ് അദ്ദേഹം മരണമടഞ്ഞത്.
 

Feedback