മുആവിയ, പ്രതിഭയും തന്ത്രജ്ഞനുമായ ഭരണാധികാരിയായിരുന്നു. രണ്ടു ദശാബ്ദ ത്തിലേറെ നീണ്ട ഗവര്‍ണര്‍ ഭരണ പരിചയമാണ് അനുഭവസമ്പത്ത്. ഇക്കാലത്താണ് ബയ്‌സന്ത്യന്‍ സാമ്രാജ്യത്തിനെതിരെ പടയോട്ടം നടന്നത.് കരയിലൂടെയും കടലിലൂടെയും ഒരുമിച്ച് നടത്തിയ സൈനിക മുന്നേറ്റത്തില്‍ മധ്യധരണ്യാഴിയിലും ഏഷ്യാമൈനറിലും നിരവധി വിജയങ്ങള്‍ നേടി.
ഹി.42ല്‍ ബല്‍ഖ, ഹറാത്ത്, ബദഗീസു എന്നിവ അധീനപ്പെടുത്തി. 49ല്‍ കോണ്‍സ്റ്റാന്റി നോപ്പിള്‍ അക്രമിക്കാന്‍ സൈന്യത്തെ നിയോഗിച്ചു. എന്നാല്‍ ഏഴു വര്‍ഷത്തോളം ഉപരോധം നടത്തിയിട്ടും കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിക്കാനായില്ല.
എന്നാല്‍ ഉഖ്ബയുടെ നേതൃത്വത്തില്‍ സുഡാന്‍ വരെയുള്ള ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങള്‍ മുആവിയയുടെ കീഴില്‍ വന്നു. ഹി. 50ലാണിത്. ഇവിടെ കൂഫ മാതൃകയില്‍ ഒരു നഗരം പണിയുകയും ചെയ്തു. അതാണ് ലോകപ്രശസ്തമായ ഖൈറുവാന്‍.
ബുഖാറ, സമര്‍ഖന്ത്, കാന്തഹാര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇസ്്‌ലാമിന്റെ വെളിച്ചം കടന്നുചെന്നത് മുആവിയയുടെ കാലത്തു തന്നെയാണ്.
അക്കാലത്തെ മൂന്നു പ്രഗല്‍ഭ സ്വഹാബിമാരായിരുന്നു അംറുബ്‌നു ആസ്വ്(റ), മുഗീറത്തുബ്‌നു ശുഅ്ബ(റ), സിയാദുബ്‌നു അബീഹി(റ) എന്നിവര്‍. അംറിനെ ഈജിപ്തിലും മുഗീറയെ കൂഫയിലും സിയാദിനെ ഇറാഖിലും ഗവര്‍ണര്‍മാരാക്കി. കുഴപ്പങ്ങളുടെ നാടുകളായിരുന്നു ഇറാഖും കൂഫയും. ഇവിടങ്ങളിലെ കലാപകാരികളെ അടിച്ചമര്‍ത്തുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തു.
1700 കപ്പലുകളടങ്ങുന്ന നാവികപ്പട, കാര്‍ഷിക വികസനത്തിന് കനാലുകള്‍ നിര്‍മിച്ചത്, ഒട്ടകങ്ങളെ ഉപയോഗിച്ച് തപാല്‍ സമ്പ്രദായം കാര്യക്ഷമമാക്കിയത്, ജനങ്ങള്‍ക്ക് ക്ഷേമവും സമാധാനവും നിറഞ്ഞ അവസ്ഥ സംജാതമാക്കിയത് എന്നിവ മുആവിയയുടെ ഭരണ നേട്ടങ്ങളാണ്.
ഉമയ്യ കുടുംബത്തിലും പുറത്തും അര്‍ഹരായ നിരവധി പ്രമുഖരുണ്ടായിരിക്കെ മുആവിയ(റ) തന്റെ പിന്‍ഗാമിയായി മകന്‍ യസീദിനെ പ്രഖ്യാപിച്ചത് അക്കാലത്ത് ഏറെ വിവാദങ്ങളുണ്ടാക്കി. എന്നാല്‍ മുആവിയ തീരുമാനത്തില്‍ ഉറച്ചുനിന്നു.