Skip to main content

രണ്ടാം ഉമര്‍

ഇസ്‌ലാമിക ചരിത്രത്തില്‍ രണ്ടാം ഉമര്‍ എന്ന പേരില്‍ ഖ്യാതി നേടിയ ഉമറുബ്‌നു അബ്ദില്‍ അസീസ് ക്രി. വ. 717 (ഹി. 99) 37-ാം വയസ്സിലാണ് ഭരണമേറ്റെടുത്തത്.

സുലൈമാന്‍ തന്നെ പിന്‍ഗാമിയാക്കിയതിലൂടെ ഭരണമേറ്റെടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ജനം ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ പേര് പറയുകയും ബൈഅത്ത് നല്‍കുകയും ചെയ്തപ്പോഴാണ് ഖിലാഫത്ത് ഏറ്റെടുത്തത്. അതാണ് ഇസ്‌ലാമിക രീതി എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

അമീറിന്റെ രാജകീയ വാഹനങ്ങള്‍ വില്ക്കാനും ആ പണം പൊതു ഖജനാവിലടക്കാനുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകല്പന. അത്രമാത്രം വിശുദ്ധിയും സൂക്ഷ്മതയും ഭരണത്തിലുടനീളം ഉമര്‍ കാണിച്ചു.

ജനങ്ങളോട് അന്യായം കാണിക്കുകയും അക്രമത്തിന്റെ പാത പിന്തുടരുകയും ചെയ്യുന്ന ഗവര്‍ണര്‍മാരെ അദ്ദേഹം താക്കീതുചെയ്തു. ചമ്മട്ടിയും വാളുമല്ല, സത്യവും നീതിയുമാണ് ജനങ്ങളുടെ മേല്‍ നടപ്പാക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ കല്‍പന. ഇത് അദ്ദേഹം കാണിച്ചുകൊടുക്കുകയും ചെയ്തു.

നീതി മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല ക്രൈസ്തവരടക്കമുള്ള അമുസ്‌ലിംകള്‍ക്കിടയിലും കര്‍ശനമായി പാലിച്ചു. സിന്ധിലെ രാജാ ദാഹിറിന്റെ മകന്‍ ജയ്‌സിങ് ഇസ്‌ലാം സ്വീകരിച്ചത് ഉമറിന്റെ നീതിനിഷ്ഠയില്‍ ആകൃഷ്ടനായാണ്.

വലീദിന്റെ കാലത്ത് തുടങ്ങിയ ക്ഷേമ പദ്ധതികളെല്ലാം തുടരുകയും നവജാത ശിശുവിനുപോലും റേഷന്‍ പോലുള്ള ജനക്ഷേമ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ അനര്‍ഹരായവരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞു. അഴിമതിയും ഉദ്യോഗസ്ഥ ഭരണവും അവസാനിപ്പിച്ചു.

ഇക്കാലയളവിലാണ് സാമ്രാജ്യത്തോട് ചേര്‍ക്കപ്പെട്ട വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ കൂട്ടമായി ഇസ്‌ലാമിലേക്കു വന്നത്. ഉമര്‍(റ) നടപ്പാക്കിയ പദ്ധതികളും നീതിയുമായിരുന്നു കാരണം. അധികാരത്തിന്റെ തണലില്‍ കഴിഞ്ഞിരുന്ന ചില കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു ഉമറി(റ)ന് എതിരാളികളായുണ്ടായിരുന്നത്. രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദായി ചരിത്രം കണ്ട ഈ മഹാന്റെ ഭരണത്തില്‍ സകാത്ത് വാങ്ങാന്‍ അര്‍ഹരില്ലാത്ത അവസ്ഥയുണ്ടായി.  ക്രി. 720 (ഹി 101)ല്‍ 29 മാസത്തെ ഭരണത്തിന് വിരാമമിട്ട് ഉമര്‍(റ) അന്ത്യയാത്രയായി. അന്ന് വയസ്സ് 39 ആയിരുന്നു.

 

Feedback