ക്രി.വ. 680ല്‍ പിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് വസ്വിയ്യത്ത് പ്രകാരം മുആവിയയുടെ മകന്‍ യസീദ് ഭരണാധികാരിയായി (680-683). തന്റെ പുത്രനെ പിന്‍ഗാമിയാക്കി ഇസ്‌ലാമിക രീതി തെറ്റിച്ച മുആവിയയുടെ വസ്വിയ്യത്തിനെതിരെ മദീനയിലെ പ്രമുഖര്‍ രംഗത്തു വന്നു. ഹുസൈനുബ് അലി, അബ്ദുല്ലാഹിബ്‌നു സുബൈര്‍, അബ്ദുല്ലാഹിബ്‌നു ഉമര്‍, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അബ്ദുറഹ്മാനിബ്‌നു അബൂബക്കര്‍ എന്നിവരാണതിലുണ്ടായിരുന്നത്. അനുസരണ പ്രതിജ്ഞ(ബൈഅത്ത്)യിലൂടെ അധികാരം എന്നതിനുപകരം അധികാരത്തിലൂടെ അനുസരണ പ്രതിജ്ഞ എന്ന നിലപാട് സ്വീകരിക്കില്ലെന്ന വാദമുയര്‍ത്തിയാണ് ഇവര്‍ രംഗത്തുവന്നത്.
ഇതിനു പിന്നാലെയാണ് ഇസ്‌ലാമിക ചരിത്രത്തിലെ ദുരന്തങ്ങളായ കര്‍ബല സംഭവവും മക്കയിലെയും മദീനയിലെയും രക്തരൂഷിത സംഘട്ടനങ്ങളും അരങ്ങേറിയത്. നബി(സ്വ)യുടെ പേരമകന്‍ ഹുസൈനുബ്‌നു അലി ഉള്‍പ്പെടെ നൂറുകണക്കിന് പ്രമുഖര്‍ ഇതില്‍ രക്തസാക്ഷികളായി.
വടക്കെ ആഫ്രിക്കയിലേക്ക് സൈനിക നിയോഗം നടത്തിയതു മാത്രമാണ് യസീദിന്റെ കാലത്തെ മറ്റൊരു പ്രധാന സംഭവം. എന്നാല്‍ ഇത് തിരിച്ചടിയായെന്നു മാത്രമല്ല ഖൈറുവാന്‍, റോഡ്‌സ, ക്രീറ്റി എന്നീ പ്രദേശങ്ങള്‍ മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുകയും സമുദ്രാധിപത്യത്തില്‍ തിരിച്ചടിയുണ്ടാവുകയും ചെയ്തു.
ഹുസൈന്റെ വധത്തില്‍ യസീദ് ഏറെ സങ്കടപ്പെടുകയും അതിന് കാരണക്കാരനായ പടനായകന്‍ ഉബൈദുല്ലാഹിബ്‌നു സിയാദിനെ അദ്ദേഹം ശാസിക്കുകയും ചെയ്തിരുന്നു.
മികച്ച കവി കൂടിയായിരുന്നു യസീദ്. മൂന്നുവര്‍ഷം മാത്രമേ അധികാരത്തിലിരുന്നുള്ളൂ. ക്രി 685ല്‍ (ഹി: 63) യസീദ് വിടപറഞ്ഞു.