മുഹമ്മദ് നബിയുടെയും നാലു ഖലീഫമാരുടെയും കാലശേഷം ഇസ്‌ലാമിക ലോകത്തിന്റെ ഭരണ സാരഥ്യമേറ്റവരാണ് ഉമവികള്‍. മുആവിയത്തുബ്‌നു അബീ സുഫ്‌യാനാണ് ഈ ഭരണത്തിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ പിതാമഹനും ഖുറൈശി കുലത്തിലെ പ്രധാനിയുമായ ഉമയ്യത്തുബ്‌നു അബ്ദിശ്ശംസിലേക്ക് ചേര്‍ത്തിയാണ് ഇതിനെ ഉമവി ഭരണം എന്നു വിളിക്കുന്നത്.
ഖലീഫമാര്‍ (തിരുനബിയുടെ പിന്‍ഗാമികള്‍) നാലുപേരാണ്. ഖിലാഫത്തിനുശേഷം വന്ന ഉമവി ഭരണത്തെ പൊതുവെ രാജവാഴ്ചയായാണ് ഇസ്‌ലാമിക ചരിത്രം കാണുന്നത്. അതുകൊണ്ടു തന്നെ ഉമവി ഭരണാധികാരികളെ അമീര്‍ എന്നതിനു പകരം മലിക് (രാജാവ്) എന്നാണ് അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല ഖലീഫമാരെ തെരഞ്ഞെടുത്തിരുന്നത് ബൈഅത്തിലൂടെയായിരുന്നു. എന്നാല്‍ മുആവിയയ്ക്കുശേഷം ഭരണം പിടിച്ചെടുക്കുകയാണ് ചെയ്തത്. മക്കളോ അടുത്ത ബന്ധുക്കളോ പിന്‍ഗാമികളായി നിശ്ചയിക്കപ്പെടുന്ന സമ്പ്രദായം ആരംഭിച്ചു. 90 വര്‍ഷക്കാലം (ക്രി. 661-750) നീണ്ടുനിന്ന അമവി ഭരണം ഇസ്‌ലാമിന്റെ സുവര്‍ണ കാലം കൂടിയായിരുന്നു.