സ്വലാഹുദ്ദീന്റെ മരണാനന്തരം അയ്യൂബി ഭരണകൂടം യഥാര്‍ഥത്തില്‍ പ്രതിസന്ധിയിലായി. കാരണം പിന്‍ഗാമിയെ നിശ്ചയിക്കാതെയാണ് സ്വലാഹുദ്ദീന്‍ മരിച്ചത്. മൂന്നു മക്കളും മൂന്ന് സഹോദരന്‍മാരുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇവര്‍ക്കിടയില്‍ രാജ്യം വീതിക്കപ്പെടുകയായിരുന്നു.
മലിക് അഫ്ദലിന് സിറിയ, ഫലസ്തീന്‍, മലിക് അസീസ് ഉസ്മാന് ഈജിപ്ത്, മലിക് സാഹിര്‍ ഗിയാസുദ്ദീന് അലപ്പോ എന്നിവ ലഭിച്ചു. സ്വലാഹുദ്ദീന്റെ സഹോദരന്‍മാരായ അല്‍ മലിക് ആദില്‍ ഒന്നാമന് കരാക്ക്, ശൗബക്, യൂഫ്രട്ടീസ് തീരത്തെ ചില പട്ടണങ്ങള്‍, തുറാന്‍ ഷാക്ക് യമന്‍, മറ്റൊരു സഹോദരന് മെസ്സ എന്നിവയും ലഭിച്ചു.
വൈകാതെ സുല്‍ത്താന്റെ മക്കള്‍ക്കിടയില്‍ ഭിന്നതയും അധികാര വടംവലിയും നടന്നു. ഇത് മൂന്നുപേരുടെയും നാശത്തിന് ഹേതുവായി. ഹി. 596 ആയപ്പോഴേക്കും ഈജിപ്തും സിറിയയും പിന്നീട് സ്വലാഹുദ്ദീന്‍ ഭരിച്ച ഏകദേശം മുഴുവന്‍ പ്രദേശങ്ങളും സഹോദരന്‍ ആദില്‍ ഒന്നാമന്റെ കൈകളിലമരുകയും ചെയ്തു.