Skip to main content

സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി (4)

ലോക ചരിത്രത്തിലെ വിസ്മയങ്ങളിലൊന്നാണ് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി (ക്രി. 1174-1193).  കുരിശ് പടയില്‍ നിന്ന് ഖുദ്‌സ് തിരിച്ചുപിടിച്ച് മുസ്‌ലിം ലോകത്തിന്റെ കണ്ണീര് തുടച്ച ധീരജേതാവ്.  കുരിശേന്തിയ ഖുദ്‌സിനെ രക്തത്തില്‍ മുക്കിയ ക്രൈസ്തവസേനക്ക് നീതിയും സഹിഷ്ണുതയും മനുഷ്യത്വവും പഠിപ്പിച്ചു കൊടുത്ത സുല്‍ത്താന്‍.

ഹിജ്‌റ 532ല്‍ (ക്രി.വ. 1137) ഇറാഖിലെ തിക്‌രീത്തിലാണ് സ്വലാഹുദ്ദീന്‍ ജനിച്ചത്.  നൂറുദ്ദീന്‍ സങ്കിയുടെ  ഭരണത്തില്‍ ഉന്നത ഉദോഗ്യസ്ഥനായിരുന്ന നജ്മുദ്ദീന്‍ അയ്യൂബാണ് പിതാവ്.  അന്നാസിര്‍ സ്വലാഹുദ്ദീന്‍ യൂസുഫുബ്‌നു അയ്യൂബ് എന്നാണ് മുഴുവന്‍ പേര്.

പ്രായപൂര്‍ത്തിയായ സ്വലാഹുദ്ദീന്‍ അയ്യൂബി നൂറുദ്ദീന്‍ സങ്കിയുടെ സൈന്യത്തില്‍ ചേര്‍ന്നു.  ഈ സമയത്താണ് ഫാത്വിമികളില്‍ നിന്ന് ഈജിപ്ത് മോചിപ്പിക്കാന്‍ ശീര്‍കൂഹിന്റെ നേതൃത്വത്തില്‍ നൂറുദ്ദീന്‍ സൈന്യത്തെ അയച്ചത്.  ഇതില്‍ സ്വലാഹുദ്ദീനും ഉണ്ടായിരുന്നു.

എന്നാല്‍ ഈജിപ്തിലെ ഫാത്വിമി ഭരണകൂടത്തിലെ അവസാനത്തെ ഖലീഫ ആദ്വിദ് ശീര്‍കൂഹിനെ തന്റെ മന്ത്രിയായി സ്വീകരിക്കുകയാണ് ചെയ്തത്.  ശീര്‍കൂഹ് മരിച്ചപ്പോള്‍ പിന്നെ സ്വലാഹുദ്ദീനായി മന്ത്രി, ഹി. 564ലാണിത്.

567ല്‍ ആദ്വിദ് നിര്യാതനായതോടെ അധികാരം സ്വലാഹുദ്ദീനിലായി.  ഈജിപ്ത് അബ്ബാസി ഖിലാഫത്തിലേക്ക് തിരിച്ചെത്തി.  നൂറുദ്ദീന്‍ സങ്കിയുടെ ഗവര്‍ണറായ സ്വലാഹുദ്ദീന്‍ ഈജിപ്തിനെ ശീഈകളില്‍ നിന്ന് ശാഫിഈ സുന്നികളിലേക്ക് കൊണ്ടുവന്നു.  ഹിജ്‌റ 567 ലെ ആദ്യ ജുമുഅ ദിനത്തിലായിരുന്നു അത് (1171 സെപ്റ്റംബര്‍ 10) ഉബൈദീ (ഫാത്വിമീ) ഖലീഫയായി അന്നുണ്ടായിരുന്ന അല്‍ ആദ്വിദ്, അപ്പോഴേക്കും ശയ്യാവലംബിയായി ത്തീര്‍ന്നു. തന്റെ പിതാമഹന്മാരുണ്ടാക്കിക്കൊണ്ടുവന്ന രാഷ്്ട്രം ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന വിവരം പോലുമറിയാതെ, ഒരാഴ്ചക്കുശേഷം അദ്ദേഹം മരണപ്പെടുകയും ചെയ്തു. 'അല്‍ മലിക്കുന്നാസിര്‍' എന്ന പദവിയും അദ്ദേഹത്തിന് നല്‍കപ്പെട്ടു.

ഡമസ്‌കസ്, അര്‍റൂഹാ, ഹലബ്, അല്‍മൗസ്വില്‍, കൈറോ എന്നീ പ്രമുഖ നഗരങ്ങളടങ്ങുന്ന ഒരു വിശാല രാഷ്്ട്രം സ്വലാഹുദ്ദീന്റെ കൈകളിലായിത്തീര്‍ന്നു.

ഹി. 569ല്‍ യമന്‍ ഈജിപ്തിനു കീഴിലാക്കി, ഇതേ വര്‍ഷം ശവ്വാല്‍ 15ന് (മെയ് 1174) നൂറുദ്ദീന്‍ സങ്കി നിര്യാതനാവുകയും ചെയ്തു.  നൂറുദ്ദീന്റെ പിന്‍ഗാമികളാവാന്‍ യോഗ്യരായ ആണ്‍മക്കളുണ്ടായിരുന്നില്ല.  ക്രൈസ്തവര്‍ കൈയടക്കി വെച്ചുകൊണ്ടിരുന്ന ഖുദ്‌സ് തിരിച്ചു പിടിക്കണമെന്ന ഹൃദയാഭിലാഷം സഫലീകരിക്കാന്‍ ആര്‍ജവമുള്ള ഒരേയൊരാള്‍ മാത്രമാണ്  അന്നുണ്ടായിരുന്നുള്ളൂ.  അദ്ദേഹം തന്നെ നൂറുദ്ദീന്റെ രാജ്യമേറ്റെടുത്തു,  സ്വലാഹുദ്ദീന്‍ അയൂബി.

അങ്ങനെയാണ് ഈജിപ്തും സിറിയയും യമനുമടങ്ങുന്ന പ്രദേശങ്ങളില്‍ ക്രി. 1174ല്‍ (ഹി. 569) അയ്യൂബി ഭരണകൂടം സ്ഥാപിതമായത്.  അതിന്റെ ആദ്യ സുല്‍ത്താനാണ് സ്വലാഹുദ്ദീന്‍ അയ്യൂബി. വൈജ്ഞാനിക മുന്നേറ്റം ഏറെ ഉണ്ടാക്കിയെടുത്ത ഭരണകര്‍ത്താവാണ് സ്വലാഹുദ്ദീന്‍. പുസ്തക വില്‍പനക്കായി മാത്രമുള്ള ചന്തയും ഒട്ടനവധി ആശുപത്രികളും അദ്ദേഹം നിര്‍മിച്ചു. ഈജിപ്തിന് ഒരു കവചമെന്നോണം, മുഖത്ത്വം പര്‍വ്വത മുകളില്‍ കോട്ടയും പണിതു.

 

Feedback