ആറുപതിറ്റാണ്ട് രാജ്യം ഭരിച്ച ഖലീഫയെന്ന ഖ്യാതിയും ഫാത്വിമി ഖിലാഫത്തിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടെന്ന അപഖ്യാതിയും കേട്ട ഭരണാധികാരി (ക്രി. 1035-1094). ഖിലാഫത്തില്‍ നിന്ന് സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പുറത്തു ചാടിയതും റൊട്ടിക്കഷ്ണത്തിന് 25 ദിനാര്‍ നല്‍കേണ്ടവിധം സമ്പദ്‌രംഗം ആടിയുലഞ്ഞതും മുന്‍തന്‍സ്വിറിന്റെ വാഴ്ചക്കാ ലത്താണ്.
അബുല്‍ഹസന്‍ ദ്വാഹിറിന്റെ മകന്‍. ക്രി. 1029 ല്‍ ജനനം. മആദ് അബൂ തമീം യഥാര്‍ഥ നാമം. 7-10 വയസ്സില്‍ ഖിലാഫത്ത് ഏറ്റു. മാതാവാണ് നിയന്ത്രിച്ചിരുന്നത്. ഇവരുടെ മുന്‍ യജമാനനായ ജൂതന്‍ ഭരണത്തില്‍ നിര്‍ണായക പദവി വഹിച്ചു.
ഫാത്വിമീ ഖിലാഫത്തിന്റെ തകര്‍ച്ചയുടെ തുടക്കമായി. സിറിയ കൈവിട്ടു പോയി. ഫലസ്തീനില്‍ കലാപം തുടങ്ങി. ആഫ്രിക്കയില്‍ സാമന്തന്‍മാര്‍ കപ്പം നിഷേധിച്ചു. ചിലര്‍ പഴയ അബ്ബാസി ഖിലാഫത്തിനു കീഴിലേക്ക് മടങ്ങി. ക്രൈസ്തവര്‍ സിസിലി തിരിച്ചു പിടിച്ചു. ഫാത്വിമി ഭരണം ഈജിപ്തിലും പരിസരത്തും മാത്രമായി ചുരുങ്ങി. ഇതിനിടെ നൈല്‍ താഴ്‌വരയില്‍ പട്ടിണിയും പകര്‍ച്ച വ്യാധികളും പരന്നു. അന്നത്തിനും ഔഷധത്തിനുമായി അവര്‍ അലഞ്ഞു.
ഒടുവില്‍ അല്‍ മുസ്തന്‍സ്വിര്‍ അധികാരം മന്ത്രി ബദ്ര്‍ ജമാലിക്കു നല്‍കി. ഇതോടെ ഖലീഫ പാവയും മന്ത്രി രാജാവുമായി. ഗൂഢാലോചനകളുടെ കേന്ദ്രമായി കൊട്ടാരം മാറി. സൈന്യത്തിലെ സുഡാനികള്‍, ബര്‍ബറുകള്‍, തുര്‍ക്കികള്‍, പേര്‍ഷ്യക്കാര്‍ എന്നീ വംശജര്‍ നടത്തിയ അധികാര വടംവലികള്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിച്ചു. വൈകാതെ മന്ത്രി ജമാലി മരിച്ചു. ക്രി. 1094 (ഹി. 484)ല്‍ മുസ്തന്‍സ്വിറും അന്ത്യയാത്രയായി.
ഫാത്വിമീ ഖിലാഫത്ത് പിന്നെയും ആറരപ്പതിറ്റാണ്ട് നീണ്ടു നിന്നെങ്കിലും തകര്‍ച്ചയുടെ ആരംഭം മുസ്തന്‍സ്വിര്‍ കുറിച്ചു കഴിഞ്ഞിരുന്നു.