Skip to main content

ഫാത്വിമി ഖിലാഫത്തിന്റെ അന്ത്യം

അല്‍ മുസ്തന്‍സ്വിറിന് ശേഷം ഫാത്വിമീ ഭരണം തകര്‍ച്ചയിലേക്ക് മുഖം കുത്തുകയായിരുന്നു.  മുക്കാല്‍ നൂറ്റാണ്ട് (ക്രി. 1094-1171) പിന്നെയും ആ ഭരണം നീണ്ടെങ്കിലും അതിനിടെ ആറു ഖലീഫമാരാണ് ഭരണത്തിലിരുന്നത്.  അവരുടെ പേരും വയസ്സും ഭരണകാലവും ചുവടെ.

1. അല്‍ മുസ്തഅ്‌ലി അബുല്‍ഖാസിം അഹ്മദ്, അഞ്ച് വയസ്സ്, ക്രി. 1094-1101 (ഹി. 487-495).

2. അല്‍ ആമിര്‍ അബൂഅലി അല്‍ മന്‍സ്വൂര്‍, ക്രി. 1101-1130 (ഹി. 495-524).

3. അല്‍ ഹാഫിദ്വ്് അബൂമയ്മൂന്‍ അബ്ദുല്‍ മജീദ് ക്രി. 1130-1149 (ഹി. 524-544).

4. അദ്വാഫിര്‍ അബുല്‍ മന്‍സൂര്‍ ഇസ്മാഈല്‍ ക്രി. 1149-1154 (ഹി. 544-549).

5. അല്‍ഫാഇസ് അബുല്‍ ഖാസിം ഈസാ, നാലു വയസ്സ്, ക്രി. 1154-1160 (ഹി. 549-555).

6. അല്‍ ആദ്വിദ് അബൂ മുഹമ്മദ് അബ്ദുല്ല, ഒന്‍പത് വയസ്സ്, ക്രി. 1160-1171 (ഹി. 555-567).

അല്‍ മുസ്തന്‍സ്വിറിന്റെ കാലത്ത് ഭരണച്ചുമതല മന്ത്രി ഖദ്ര്‍ ജമാലിക്ക് കൈമാറിയിരുന്നു.  ഇത് തുടര്‍ന്ന് പോരുകയും ജമാലിയുടെ മക്കള്‍ ഇതിന്റെ പിന്തുടര്‍ച്ചക്കാരാവുകയും ചെയ്തു.  ഈ മന്ത്രിമാരാണ് നാലും ഒമ്പതും വയസ്സുള്ള ഖലീഫമാരുടെ മക്കളെ ഖിലാഫത്തില്‍ വാഴിച്ചത്.  അവര്‍ക്ക് അധികാരം വാഴാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.  ഫാത്വിമീ ഖിലാഫത്ത് തകര്‍ന്നതിന്റെ പ്രധാന കാരണവും ഇതു തന്നെ.

ഫാത്വിമീ ഭരണകാലത്ത് ഈജിപ്തും സിറിയയും വിജ്ഞാനം, കല, സാഹിത്യം, ശാസ്ത്രം എന്നീ രംഗങ്ങളില്‍ പ്രശോഭിതമായി.  ചിത്രപ്പണികള്‍, നെയ്ത്ത്, ലോഹ വ്യവസായം എന്നിവയിലൂടെ നാഗരിക മുന്നേറ്റവും സാധ്യമായി.

സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയായ നൈലിന്റെ തീരത്ത് കെയ്‌റോ നഗരം തലയുയര്‍ത്തി നില്ക്കുന്നതും വിജ്ഞാനങ്ങളുടെ പ്രഭ ചൊരിഞ്ഞ് അല്‍ അസ്ഹര്‍ സര്‍വകലാശാല വിളക്കുമാടമായി പരിലസിക്കുന്നതും ഫാത്വിമീ ഭരണത്തിന്റെ അനശ്വര സ്മൃതിയുണര്‍ത്തുന്നതു തന്നെ.


 

Feedback