സല്‍ജൂക് ഭരണത്തിന്റെ പ്രതാപം പാരമ്യത്തിലെത്തിയത് മലിക്ഷായുടെ ഭരണ കാലത്താണ് (ക്രി. 1072 - 1092). അലിബ്ബ് അര്‍സലാന്റെ മകനായ മലിക് ഷാ 18-ാം വയസ്സിലാണ് സുല്‍ത്താനായത്. ജലാലുദൗല എന്ന നാമവും സ്വീകരിച്ചു. മികച്ച സൈനികമേധാവി, വിജ്ഞാന സേവകന്‍, നീതിമാന്‍ എന്നീ ഗുണങ്ങള്‍ അദ്ദേഹത്തിലുണ്ടായിരുന്നു.
പടിഞ്ഞാറ് സിറിയ വരെയും തെക്ക് യമന്‍ വരെയും കിഴക്ക് ചൈന വരെയുമുള്ള വിശാല സാമ്രാജ്യമായി ഇക്കാലത്ത് സല്‍ജൂക് വളര്‍ന്നു. നിസാമുല്‍ മുല്‍ക്, താജുല്‍ മുല്‍ക് എന്നീ മന്ത്രിമാര്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.
ഇക്കാലത്ത് അല്‍ മുഖ്തദ്വിയായിരുന്നു അബ്ബാസീ ഖലീഫ. തന്റെ മകളെ മലിക് ഷാ ഖലീഫക്ക് വധുവായി നല്‍കി. അദ്ദേഹവുമായി ബന്ധം ഊഷ്മളമാക്കാനായിരുന്നു ഇത്.
റോഡുകള്‍, തോടുകള്‍, കിണറുകള്‍, സത്രങ്ങള്‍, പള്ളികള്‍, വിദ്യാലയങ്ങള്‍ എന്നിവ ആവശ്യപ്രകാരം നിര്‍മിച്ചു. സാമ്പത്തിക ഇടപാടുകളില്‍ ഡ്രാഫ്റ്റ് സമ്പ്രദായം കൊണ്ടുവന്നത് മലിക് ഷായാണ്. വാണിജ്യ-വ്യവസായ രംഗങ്ങളിലെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഈ സംവിധാനം ഏറെ സഹായിച്ചു.
മലിക് ഷായുടൈ നീതി നിഷ്ഠയെക്കുറിച്ച് ധാരാളം കഥകളുണ്ട്. രണ്ടു പതിറ്റാണ്ടു കാലം “കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സുല്‍ത്താനായി'' (The sultan of East and West) വാണ മലിക് ഷാ ക്രി. 1092ല്‍ (ഹിയ 485) നിര്യാതനായി.