രണ്ടാം കുരിശു യുദ്ധത്തിനിറങ്ങിയ ക്രൈസ്തവസേനയെ തുരത്തിയോടിച്ച വീര സാഹസികനാണ് നൂറുദ്ദീന്‍ സങ്കി. സങ്കി ഭരണകൂടസ്ഥാപകന്‍ ഇമാദുദ്ദീന്‍ സങ്കിയുടെ രണ്ടാമത്തെ മകനായ നൂറുദ്ദീന്‍ 1118 മൗസുലില്‍ ജനിച്ചു.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് രാജ്യം രണ്ടായി വിഭജിക്കുകയും മൗസുല്‍ പ്രവിശ്യ സൈഫുദ്ദീന്‍ ഗാസിക്കും അലപ്പോ നൂറുദ്ദീനും ലഭിക്കുകയും ചെയ്തു. ക്രി. 1146ല്‍ (ഹി. 541) അലപ്പോയിലെ സുല്‍ത്താനായി നൂറുദ്ദീന്‍ അധികാരമേല്‍ക്കുകയും ചെയ്തു.
അസാമാന്യ പ്രതിഭയും നേതൃഗുണവും ഒത്തൊരുമിച്ച നൂറുദ്ദീന്‍ രാജ്യവികസനത്തില്‍ ശ്രദ്ധിച്ചു. കുരിശുസേനക്കെതിരെ യോജിച്ച മുന്നേറ്റത്തിന് മുസ്‌ലിം പിന്തുണയും ഐക്യവും വേണമെന്ന് അദ്ദേഹം ഉറപ്പിച്ചു. ഭരണമേറ്റവര്‍ഷം തന്നെ റഹായിലെ അവശേഷിക്കുന്ന ക്രൈസ്തവരെ കൂടി തുരത്തി. അത് രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു. ക്രി. 1150ല്‍ ദമസ്‌കസും അലപ്പോയുടെ കീഴിലായി.
അക്കാലത്ത് സിറിയന്‍ തീരങ്ങളിലുണ്ടായിരുന്ന യൂറോപ്യരുടെ അധിനിവേശം. ദമസ്‌കസിലെ അമീറിനാവട്ടെ അവരെ തടയാനുള്ള ശേഷിയുമില്ല. ദമസ്‌കസുകാര്‍ നഗരം നൂറുദ്ദീനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും കൂടി ചെയ്തപ്പോള്‍ അദ്ദേഹം അധികാരം അവിടേക്ക് കൂടി വ്യാപിപ്പിച്ചു. ബഅ്‌ലബക്, ജബര്‍ കോട്ട എന്നിവയും പിടിച്ച നൂറുദ്ദീന്‍ ഒടുവില്‍ മൗസുല്‍ കൂടി തന്റെ അധികാര പരിധിയില്‍ കൊണ്ടുവന്നു.
കുരിശുയോദ്ധാക്കളും മുസ്‌ലിംകളും തമ്മില്‍ നടന്ന ഉഗ്ര പോരാട്ടങ്ങളിലൊന്നായ ഹാരിമിലെ യുദ്ധം നൂറുദ്ധീന്റെ നേതൃത്വത്തിലാണ് നടന്നത്. കുരിശു പടയുടെ നായകന്മാരായ നാലുപേരെയും നൂറുദ്ദീന്‍ ബന്ദികളാക്കി.
ഫാത്വിമീ ഖലീഫയുടെ ദുര്‍ബലത മുതലെടുത്ത് യൂറോപ്യന്‍ സേന ഈജിപ്തിനെ ആക്രമിക്കാന്‍ തീരുമാനിച്ചു. ഇതോടെ ഖലീഫ ആദിദ് നൂറുദ്ദീനോട് സഹായം തേടി. തന്റെ ധീര സൈനികരായിരുന്ന ശീര്‍ക്കൂഹിനെയും സ്വലാഹുദ്ദീന്‍ അയ്യൂബിയേയും നൂറുദ്ദീന്‍ ഈജിപ്തിലേക്കയക്കുകയും യൂറോപ്യന്‍ സേനയെ തുരത്തുകയുംചെയ്തു. ക്രി. 1169 ലായിരുന്നു ഇത്.
ഈജിപ്തില്‍ പിന്നീട് ആദ്യം ശീര്‍ക്കൂഹും അദ്ദേഹത്തിന്റെ മരണശേഷം സ്വലാഹുദ്ദീന്‍ അയ്യൂബിയും ഗവര്‍ണര്‍മാരായി.
നൂറുദ്ദീന്‍ സങ്കി മുസ്‌ലിം പുണ്യകേന്ദ്രങ്ങളെ ക്രൈസ്തവാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനാണ് തന്റെ ഭരണകാലം ചെലവഴിച്ചത്. ഇസ്‌ലാമിനെയും വിജ്ഞാനത്തെയും അങ്ങേയറ്റം സ്‌നേഹിച്ചു അദ്ദേഹം. ജയിച്ചടക്കിയ പ്രദേശങ്ങളിലെല്ലാം പള്ളികള്‍, മതപാഠശാലകള്‍, സത്രങ്ങള്‍ എന്നിവ നിര്‍മിച്ചു.
ലോകത്ത് ആദ്യമായി അനാഥാലയങ്ങള്‍ നിര്‍മിച്ചത് നൂറുദ്ദീന്‍ സങ്കിയാണെന്ന് ചരിത്രകാരന്മാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ജീവിത വൃത്തിക്ക് സ്വന്തമായി തൊഴില്‍ ചെയ്ത് പണം കണ്ടെത്തിയ ഈ സാമ്രാജ്യാധിപന്‍ ലളിത ജീവിതത്തില്‍ ഉമറുബ്‌നു അബ്ദുല്‍ അസീസിനെ മാതൃകയാക്കി. ക്രൈസ്തവര്‍, ജൂതര്‍ എന്നിവരോടും ഉദാര നയം സ്വീകരിച്ചു.
ഖുദ്‌സ് തിരിച്ചു പിടിക്കുമ്പോള്‍ മസ്ജിദുല്‍ അഖ്‌സ്വയില്‍ സ്ഥാപിക്കാനായി ഇദ്ദേഹം മിമ്പര്‍ നിര്‍മിച്ചു വെച്ചിരുന്നു. ക്രി. 1174ലായിരുന്നു (ഹി. 569) അന്ത്യം.