ഭൂമിയുടെയും അതിന്റെ പ്രത്യേകതകളുടെയും അതിലെ ജീവജാലങ്ങളുടെയും പഠനമാണ് ഭൗമശാസ്ത്രം. ഭൗമശാസ്ത്രത്തെ പൊതുവായി രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു, ഭൗതിക ഭൗമശാസ്ത്രവും സാമൂഹിക ഭൗമശാസ്ത്രവും. ഭൗതിക ഭൗമശാസ്ത്രം ഭൂമിയുടെ ഘടനാപരവും കാലാവസ്ഥാപരവും ജൈവപരവുമായ കോണുകളില്‍ ശ്രദ്ധചെലുത്തുമ്പോള്‍, സാമൂഹിക ഭൗമശാസ്ത്രം സാമ്പത്തികപരവും സാംസ്കാരികപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളെ അപഗ്രഥനം ചെയ്യുന്നു.
മനുഷ്യന്റെ ജന്മഗേഹവും വാസസ്ഥലവുമാണ് ഭൂമി. നാം അധിവസിക്കുന്ന ഭൂമിയെപ്പറ്റിയും അതിലെ രാപകല്‍ വ്യതിയാനങ്ങളെപ്പറ്റിയും ജീവിത സംസ്കരണത്തിന് ഭൂമിയെ പാകപ്പെടുത്തിയ സ്രഷ്ടാവിന്റെ മഹത്വങ്ങളെപ്പറ്റിയും ചിന്തിക്കാനുള്ള നിരവധി ആയത്തുകള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. ആധുനിക ശാസ്ത്രമാകട്ടെ ഭൗമശാസ്ത്രത്തില് വളരെയേറെ മുന്നോട്ടു പോയിട്ടുമുണ്ട്. ഈ രണ്ട് തലങ്ങളിലും പഠനങ്ങള്‍ നടത്തി മികവുറ്റ സംഭാവനകള്‍ സമൂഹത്തിനു നല്കിയ അല്‍ മസൂദി, ഇബ്നു ഖുര്റാദ് ബെഹ് തുടങ്ങിയ നിരവധി ശാസ്ത്രജ്ഞന്മാര് മുസ്ലിംകള്ക്കിടയില് ഉണ്ടായിട്ടുണ്ട്.