Skip to main content

ഇബ്‌നു സുഹ്ര്‍

മധ്യകാലഘട്ടത്തില്‍  അല്‍ അന്തലൂസില്‍ (ഇപ്പോഴത്തെ സ്‌പെയിന്‍) ജീവിച്ചിരുന്ന മുസ്‌ലിം വൈദ്യശാസ്ത്രജ്ഞന്‍, ശാസ്ത്രക്രിയ വിദഗ്ധന്‍, കവി. ലാറ്റിന്‍ ഭാഷയില്‍ അവന്‍സോര്‍ എന്ന പേരിലും അറിയപ്പെടുന്നു. മുഴുവന്‍ പേര് അബു മര്‍വാന്‍ അബ്ദുല്‍ മാലിക് ഇബ്‌നു അബീ അല്‍ അലാ ബിന്‍ സുഹ്ര്‍. 

സ്‌പെയിനിലെ സെവില്ലെയില്‍ 1094ല്‍ ജനനം. പിതാവ് അബുല്‍ അലാ സുഹ്‌റും പ്രഗത്ഭനായ വൈദ്യശാസ്ത്രജ്ഞനായിരുന്നു. പിതാവില്‍ നിന്നാണ് ഇബ്‌നു സുഹ്‌റും വൈദ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.  ഇബ്‌നു തുഫൈല്‍, അവറോസ് എന്നീ പണ്ഡിതന്‍മാരുടെ സമകാലികനാണ്. യുക്തിസഹവും അനുഭവപൂര്‍ണവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വൈദ്യശാസ്ത്ര കണ്ടുപിടിത്തങ്ങളെ ഇബ്‌നു സുഹ്ര്‍ വിവരിച്ചിരുന്നത്. 'അല്‍ തൈസാര്‍ ഫില്‍ മുദാവാത്ത് വല്‍ തദ്ബീര്‍' (Book of simplification Concerning Therapeutics and Diet) ആണ് ഏറ്റവും പ്രശസ്തമായ ഗ്രന്ഥം. ലാറ്റിന്‍, ഹിബ്രു ഭാഷയിലേക്ക് തര്‍ജമ ചെയ്യപ്പെട്ട ഈ ഗ്രന്ഥം ശസ്ത്രക്രിയ രംഗത്തെ പുരോഗതിയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1490നും 1554നുമിടയ്ക്ക് ഈ ഗ്രന്ഥം ലാറ്റിന്‍ ഭാഷയില്‍ അച്ചടിക്കപ്പെട്ടത് എട്ട് തവണയാണ്.

മധ്യകാല ഇസ്‌ലാമിക ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ പണ്ഡിതനും ഭിഷഗ്വരനും തത്വജ്ഞാനിയുമായ ഇബ്‌നു റുശ്ദ് ആവശ്യപ്പെട്ട പ്രകാരമാണ് ഇബ്‌നു സുഹ്ര്‍ അല്‍ തൈസീര്‍ എഴുതുന്നത്. ഇബ്‌നു റുശ്ദിന്റെ അല്‍ കുല്ലിയാത്തും ഇബ്‌നു സുഹ്‌റിന്റെ അല്‍ തൈസീറും ചേര്‍ന്നാല്‍ ചികിത്സാമാര്‍ഗങ്ങളുടെ സമ്പൂര്‍ണ ഗ്രന്ഥം (സിനാഅത്തല്‍ തിബ്) ആകുമെന്ന് ഇബ്‌നു റുശ്ദ് കരുതി. ഇബ്‌നു സുഹ്ര്‍ അല്‍ തൈസിറില്‍ തല, കഴുത്ത്, നെഞ്ച്, വയര്‍, അടിവയര്‍, എല്ലുകള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍, രോഗനിര്‍ണയ മാര്‍ഗങ്ങള്‍, ചികിത്സാവിധികള്‍ എന്നിങ്ങനെ വിശദമായി പ്രതിപാദിക്കുന്നു. പൊതുവായ രോഗബാധകള്‍, പനി, പകര്‍ച്ചവ്യാധികള്‍ എന്നിവയും ഇതോടൊപ്പമുണ്ട്. കൂടാതെ രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ വരെ അതിന്റെ അവസാനഭാഗത്തില്‍ ചേര്‍ത്തിട്ടുണ്ട്. ചികിത്സാരംഗത്തെ ആദ്യത്തെ സംയുക്ത സംരംഭവും ഈ ഗ്രന്ഥമാണ്.

പല രോഗങ്ങളുടെയും അവസ്ഥകളും അവയുടെ ചികിത്സയും കണ്ടെത്തിയതിലൂടെ ശസ്ത്രക്രിയ രംഗത്തും ചികിത്സകള്‍ സംബന്ധിച്ചും വലിയ മാറ്റം വരുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ലോകത്താദ്യമായി ശ്വസനനാള ശസ്ത്രക്രിയ പരീക്ഷിച്ചതും ഇബ്‌നു സുഹ്ര്‍ ആണ്. ശ്വസനനാളത്തിന്റെ ഗുരുതരമായ അസുഖത്തിനുള്ള ചികിത്സയ്ക്ക് മാര്‍ഗ്ഗങ്ങള്‍ തേടുന്നതിനിടെയാണ് ആടുകള്‍ക്കും സമാനമായ അസുഖമുണ്ടാകാറുണ്ടെന്നും അവയ്ക്ക് ശമനമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം അറിഞ്ഞത്. ഇതോടെ അദ്ദേഹം ആടില്‍ തന്റെ പരീക്ഷണം നടത്തി. കഴുത്തില്‍ ദ്വാരമുണ്ടാക്കി ശ്വസനനാളവുമായി ബന്ധിപ്പിക്കുന്ന ചികിത്സാ രീതി ട്രക്കിയോടമി ഫലപ്രദമായി ആദ്യപരീക്ഷണം നടത്തിയത് ഇബ്‌നു സുഹ്ര്‍ ആണ്. സ്വന്തം പരീക്ഷണങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുള്ള പരിശീലനങ്ങള്‍ക്കും മൃഗങ്ങളില്‍ പരീക്ഷണം നടത്തുന്നതില്‍ പ്രഗത്ഭനായിരുന്നു അദ്ദേഹം. പോസ്റ്റ്‌മോര്‍ട്ടം പരിശീലനങ്ങള്‍ക്കും മറ്റും ആടുകളെയാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ആറു തലമുറയോളം മികച്ച ഭിഷഗ്വരന്‍മാരെ സംഭാവന ചെയ്ത കുടുംബമാണ് ഇബ്‌നു സുഹ്‌റിന്റേത്. ഇബ്‌നു സുഹ്‌റിന്റെ മകളും അവരുടെ മകളും പ്രഗത്ഭരായ ഫിസിഷ്യന്‍മാരായിരുന്നു. ആടിലായിരുന്നു അദ്ദേഹം ഈ പരീക്ഷണം നടത്തിയത്. ഗോരോചന കല്ലിന്റെ ഔഷധഗുണത്തെ കുറിച്ചും വൈദ്യശാസ്ത്രത്തിന് ആദ്യമായി വിവരം നല്‍കിയതും ഇബ്‌നു സുഹ്ര്‍ ആണ്. സെവില്ലയില്‍ 1162ലാണ് അന്ത്യം സംഭവിച്ചത്.


 

Feedback