Skip to main content

പ്രപഞ്ചവും ഖുര്‍ആനും

പ്രപഞ്ചം പിറന്നത് ഏതാണ്ട് 1370 കോടിവര്‍ഷം മുമ്പു നടന്ന മഹാവിസ്‌ഫോടനത്തിലൂടെയാണെന്ന് ആധുനികശാസ്ത്രം നിരീക്ഷിക്കുന്നു. അന്നുതൊട്ട് അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കയാണ് പ്രപഞ്ചം. സമയത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍,  പ്രാക്തനകാലത്ത് പ്രപഞ്ചത്തിന് ഇത്ര വികാസമുണ്ടായിരുന്നില്ലെന്നു മനസ്സിലാക്കാം. വീണ്ടും കാലത്തിന്റെ പിറകോട്ടുപോയി 13.7 ബില്യന്‍വര്‍ഷം മുമ്പ് പ്രപഞ്ചത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ആലോചിച്ചുനോക്കൂ. പദാര്‍ഥവും ഊര്‍ജവും സ്ഥലകാലങ്ങളുമെല്ലാം ഒരൊറ്റ സമുജ്വല പ്രാരംഭരാശിയായി നിന്നിരുന്നിരിക്കണം എന്ന ഒഴിച്ചുകൂടാനാവാത്ത നിഗമനത്തില്‍ നാം എത്തുന്നു. ഭാവിയില്‍ പ്രപഞ്ചം അതിന്റെ പ്രാഗ്‌രൂപത്തിലേക്ക് ചുരുട്ടപ്പെടാനുള്ള സാധ്യത (Big Crunch) തള്ളിക്കളയാനാവില്ലെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു. 

വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം ഇങ്ങനെ പറഞ്ഞുവെക്കുന്നു: ''വാനലോകങ്ങളും ഭൂമിയുമെല്ലാം ഒട്ടിച്ചേര്‍ന്ന രൂപത്തിലായിരുന്നുവെന്നും പിന്നീട് നാം അവയെ വിടര്‍ത്തിയെടുക്കുക യാണുണ്ടായതെന്നും സത്യനിഷേധികള്‍ നിരീക്ഷിക്കുന്നില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവ വസ്തുക്കളെയും അവന്‍ പടക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?'' (21:30).

ഇതേ അധ്യായത്തില്‍ 104ാം വചനത്തില്‍ പ്രപഞ്ചത്തിന്റെ പര്യവസാനം എങ്ങനെയായിരുക്കുമെന്നും ഖുര്‍ആന്‍ പ്രവചിക്കുന്നു: ''ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്നതുപോലെ വാനലോകത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം. ആദ്യമായി സൃഷ്ടിച്ചതുപോലെ നാമത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ വാഗ്ദാനമത്രെ അത്. നാം അത് നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്'' (21:104).

എന്നാല്‍ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് വളരെ വിചിത്രമായ പരാമര്‍ശങ്ങളാണ് ബൈബിളില്‍ കാണുന്നത്. ''ആദിയില്‍ കര്‍ത്താവ് പറഞ്ഞു: പ്രകാശമുണ്ടാവട്ടെ'' (Genesis 1:3).

ആദിയില്‍ ഫോട്ടോണുകള്‍ക്ക് (പ്രകാശ കണികകള്‍) സഞ്ചരിക്കാന്‍ പാകത്തിലായിരുന്നില്ല പ്രപഞ്ചമെന്ന് ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. മഹാവിസ്‌ഫോടനത്തിനു തൊട്ടുശേഷം പ്രാഥമിക മൂലകങ്ങളായ ഹൈഡ്രജനും ഹീലിയവും അല്പം ലിഥിയവുമാണ് പദാര്‍ഥികസത്തയായി വിശ്വം മുഴുവന്‍ വ്യാപിച്ചുകിടന്നത്. ബിഗ് ബാങ് നല്‍കിയ വന്‍ ഊഷ്മാവില്‍ ഈ വാതകങ്ങള്‍ അവിശ്വസനീയമാംവിധം ചൂടേറിയതുമായിരുന്നിരിക്കണം. ആ മൂലകങ്ങളുടെ ആറ്റങ്ങള്‍ കൊടുംചൂടില്‍ ഇലക്‌ട്രോണുകള്‍ നഷ്ടപ്പെട്ട് അയോണീകരിക്കപ്പെട്ടിട്ടുമുണ്ടാവും. അയോണീകരിക്കപ്പെട്ട ഈ വാതകങ്ങള്‍, നമ്മള്‍ക്ക് പരിചിതമായ പുക പോലെ കറുത്തിരുണ്ട് അതാര്യവുമായിരിക്കും. ആദിയില്‍ പ്രപഞ്ചം ദൃശ്യപ്രകാശത്തിന് സുതാര്യമായിരുന്നില്ല എന്നര്‍ഥം. ആ കറുത്തിരുണ്ട വാതകപടലം പുകപടലം പോലെ പ്രപഞ്ചശൂന്യതയില്‍ ഒഴുകി നടന്നു. മൂന്നുലക്ഷം വര്‍ഷം പിന്നിട്ടപ്പോള്‍ മാത്രമായിരുന്നു പ്രപഞ്ചം ദൃശ്യപ്രകാശത്തിന് സുതാര്യമായിത്തീര്‍ന്നത്. എന്നാല്‍ പ്രകാശത്തിലെ മറ്റു തരംഗ ദൈര്‍ഘ്യങ്ങള്‍ക്ക് പിന്നെയും ബില്ല്യണ്‍ വര്‍ഷം കാത്തിരിക്കേണ്ടിവന്നു, പ്രപഞ്ചം സുതാര്യമായിക്കിട്ടാന്‍. 

''ആദിയില്‍ പ്രകാശമുണ്ടാവട്ടെ'' എന്ന ബൈബിളിലെ പരാമര്‍ശത്തിന് ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെന്നു മനസ്സിലാക്കാം. എന്നാല്‍ മഹാവിസ്‌ഫോടനത്തിനു ശേഷം പ്രപഞ്ചം പുകപടലത്തിന്റെ രൂപത്തിലായിരുന്നുവെന്ന വസ്തുതതയും നമ്മെ അറിയിക്കാന്‍ ഖുര്‍ആന്‍ വിട്ടുപോകുന്നില്ല. ''അതിനു പുറമെ അവന്‍ വാനലോകത്തിന്റെ നേര്‍ക്കു തിരിഞ്ഞു. അതു പുകപടലമായിരുന്നു'' (41:11).

ഈ വിഷയം ഖുര്‍ആന്‍ വിശദീകരിക്കുന്നതിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്: നീ പറയുക: രണ്ടുദിവസ(ഘട്ട)ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന് നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്. അതില്‍ (ഭൂമിയില്‍) - അതിന്റെ ഉപരിഭാഗത്ത് - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ് (അവനത് ചെയ്തത്.) ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍. അതിനു പുറമെ അവന്‍ ആകാശത്തിന്റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. (41: 9-11).

ഈ വചനത്തില്‍ പ്രയോഗിച്ച സവാഅ് എന്ന പദത്തിന് ശരിയായത്, പൂര്‍ണമായത്, തൃപ്തമായത് എന്നല്ലാം അര്‍ഥമുണ്ട്. സാഇലീന്‍ എന്ന പദത്തിന് പ്രാര്‍ഥിക്കുന്നവര്‍, ചോദിക്കുന്നവര്‍, തേടുന്നവര്‍ എന്നൊക്കെയാണ് അര്‍ഥം. പിന്നെ എന്ന അര്‍ഥം വരുന്ന സുമ്മ എന്ന അവ്യയം സംഭവങ്ങളുടെ കാലക്രമത്തെ സൂചിപ്പിക്കാന്‍ മാത്രമല്ല, വിവരണത്തിലെ ക്രമാനുഗതികത്വത്തെ വെളിപ്പെടുത്താനും സ്വീകരിക്കാറുണ്ട്. അനന്തരം എന്ന അര്‍ഥത്തിനപ്പുറം 'എന്നു മാത്രമല്ല', 'അതിനു പുറമെ' എന്ന അര്‍ഥവും ഈ വാക്കിനുണ്ട്. വാനലോകത്തിന്റെ സൃഷ്ടിപ്പിനും സംവിധാനത്തിനുമൊക്കെ ശേഷമുള്ള രണ്ടു ദിവസത്തിലാണ് ഭൂമി സൃഷ്ടിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ പലയിടങ്ങളിലും സന്ദേഹത്തിനു പഴുതില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്. 

പ്രപഞ്ചസൃഷ്ടി നടന്ന് ആദ്യ നാലു ദിവസം പിന്നിട്ടപ്പോഴും ഭൂമി പിറന്നിരുന്നില്ല. ഭൂമി പിറന്ന് വളരെയേറെക്കാലം പിന്നിട്ടപ്പോള്‍ മാത്രമായിരുന്നു മനുഷ്യന്‍ പിറന്നത്. അതുപോലെ, ഭൂമി ഉത്ഭൂതമാകുന്നതിനു മുമ്പ് ഭൂമിയോട് അനുസരണയോടെ വരാന്‍ കല്‍പ്പിക്കുന്നതും ഖുര്‍ആനിലെ കാല്പനിക സൗന്ദര്യത്തിന്റെ വശ്യതയില്‍ നിന്നു വേണം വായിച്ചെടുക്കാന്‍.

Feedback