Skip to main content

സ്വഹാബികള്‍ (3)

മുഹമ്മദ് നബി(സ്വ)യില്‍ വിശ്വസിച്ച്, ഇസ്‌ലാം സ്വീകരിച്ച് നബിയോടൊത്ത് സഹവസിച്ച ആളെയാണ് സ്വഹാബി എന്ന് പറയുന്നത്. അനുചരന്‍ എന്ന് പറയാവുന്നതാണ്. ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവാചക ജീവിതം അവസാനിക്കുമ്പോള്‍ ലോകത്തിനു മുമ്പില്‍ ഒരു ഉത്തമസമൂഹം നിലവില്‍ വന്നിട്ടുണ്ടായിരുന്നു. അവരാണ് സ്വഹാബിമാര്‍. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ഉത്തമ തലമുറ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍.

സ്വഹാബികള്‍ മൂന്ന് പദവികളിലായി വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഒന്ന്: നുബുവ്വത്തിന്റെ ആദ്യഘട്ടത്തില്‍ (മക്ക) നബിയോടൊപ്പം കഷ്ടപ്പാടുകള്‍ ഏറെ സഹിച്ച് സത്യമത ത്തിനുവേണ്ടി ത്യാഗം ചെയ്ത്, ഒടുവില്‍ സ്വദേശം പോലും ത്യജിക്കേണ്ടി വന്ന മുഹാജിറുകള്‍ (59:8). വിശ്വാസം മാത്രം കൈമുതലായി ദേശം വെടിഞ്ഞ് പലായനം ചെയ്തവര്‍ക്ക്, എല്ലാവിധ സഹായവും നല്‍കി സ്വന്തമായി ഉള്ളത് പകുത്തുനല്‍കി മുഹാജിറുകളെ തങ്ങളുടെ കൂടെ കുടിയിരുത്തിയ (മദീന) അന്‍സ്വാറുകള്‍ (59:9). ഹിജ്‌റയുടെ ആഘാതവും പുനരധിവാസ പ്രകൃിയകളും കഴിഞ്ഞശേഷം ഇസ്‌ലാമിലേക്ക് കടന്നുവന്ന് പ്രവാചകനോടൊത്ത് കഴിഞ്ഞു കൂടിയവര്‍ (59:19).

'മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ടുവന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു' (9:100).

Feedback