മുഹമ്മദ് നബിയുടെ കൂടെ മുസ്‌ലിമായി ജീവിച്ചവരാണ് സ്വഹാബിമാര്‍. ഉത്തമ തലമുറ എന്ന് നബി(സ്വ) വിശേഷിപ്പിച്ച സമൂഹമാണത്. സമൂഹങ്ങളില്‍ ഏറ്റവും ഉത്തമമായവര്‍ സ്വഹാബിമാരാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. എന്നാല്‍ ആരുടെയും പര്യവസാനം എന്താണെന്ന് ആര്‍ക്കും പറയുക വയ്യ. അതേസമയം ഏതാനും സ്വഹാബിമാരെപ്പറ്റി ഇവര്‍ സ്വര്‍ഗത്തിലാണെന്ന് നബി(സ്വ) അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സുവിശേമറിയിച്ചിരുന്നു. അവര്‍ പത്തുപേരാണ്. അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ നാലു ഖലീഫമാരും ത്വല്‍ഹ, സുബൈര്‍, അബൂഉബൈദ, സഅ്ദുബ്‌നു അബീവഖ്ഖാസ്, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്, സഈദുബ്‌നു സൈദ് എന്നീ പ്രമുഖ സ്വഹാബികളുമാണവര്‍. വേറെയും ചില സ്വഹാബിമാരെപ്പറ്റി ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവര്‍ സ്വര്‍ഗാവകാശികളാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
ഒരാള്‍ സ്വര്‍ഗത്തിലാണ് എന്നോ നരകാവകാശിയാണ് എന്നോ പറയാന്‍ ദിവ്യബോധനം (വഹയ്) ലഭിക്കുന്ന ഒരു ദൈവദൂതനല്ലാതെ പറയാന്‍ കഴിയില്ല. നബിക്കു ശേഷം ആര്‍ക്കും വഹ്‌യ് ഇല്ലാത്തതിനാല്‍ ആര്‍ക്കും അങ്ങിനെ പറഞ്ഞുകൂടാ.