ഒരാള്‍ മരണപ്പെടുന്നത് അല്ലാഹു മരണത്തിനു നിശ്ചയിച്ച അവധി എത്തുന്ന സന്ദര്‍ഭത്തിലാണെന്ന് ഖുര്‍ആനില്‍ പറയുന്നു. അപ്പോള്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നത് മരണത്തിന്റെ അവധി എത്തിയതുകൊണ്ടാണോ? എങ്കില്‍ എന്തിനാണ് അവനെ ശിക്ഷിക്കുന്നത്? എന്തിനാണ് രോഗമായാല്‍ ചികിത്‌സിക്കുന്നത്? ദീര്‍ഘായുസ്സിനു വേണ്ടി എന്തിനു പ്രാര്‍ഥിക്കണം?
മറുപടി: മനുഷ്യന്നു രണ്ടു രീതിയിലാണ് അല്ലാഹു ആയുസ്സ് നിര്‍ണയിക്കുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ 6:2 ല്‍ പറയുന്നു.
1. മരണത്തിന്ന് അല്ലാഹു ചില കാരണങ്ങള്‍ പ്രകൃതിയില്‍ നിര്‍ണയിച്ചിട്ടുണ്ട്. ദീര്‍ഘായുസ്സിനും ഇതുപോലെ ചില കാരണങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. വിഷം കഴിക്കുക, ശ്വാസം ലഭിക്കാതിരിക്കുക, രക്തം ശരീരത്തില്‍ നിന്ന് കൂടുതല്‍ പുറത്തുപോകുക മുതലായവ മരണത്തിന്റെ കാരണമായി അവന്‍ നിശ്ചയിച്ചിട്ടുണ്ട്. നല്ല ഭക്ഷണം കഴിക്കുക, രോഗമായാല്‍ നല്ല ചികിത്‌സ ചെയ്യുക, പ്രാര്‍ഥിക്കുക, ആരോഗ്യം സംരക്ഷിക്കുക മുതലായവ ദീര്‍ഘായുസ്സ് ലഭിക്കുവാനും കാരണമായി അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ഈ കാരണങ്ങളെ പരിഗണിച്ചു കൊണ്ടാണ് അല്ലാഹു മനുഷ്യന്ന് ആയസ്സു നിശ്ചയിക്കുന്നത്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.
ഒരു മനുഷ്യന്റെ നാല്പതാം വയസ്സില്‍ ഇന്ന ദിവസം ഇന്ന സമയത്ത് മരണത്തിലെ ഇന്ന കാരണത്തെ സമീപിക്കുമെന്ന് അല്ലാഹു അദൃശ്യജ്ഞാനിയായതിനാല്‍ മുന്‍കൂട്ടി അറിയുന്നു. ഈ മനുഷ്യനെ കൊണ്ട് പ്രത്യേകമായ ആവശ്യം അല്ലാഹുവിന്ന് ഇല്ലെങ്കില്‍ അവന്റെ വയസ്സ് ഈ സന്ദര്‍ഭത്തില്‍ നിശ്ചയിച്ചതുകൊണ്ട് അവന്‍ ആത്മഹത്യ ചെയ്യുന്നതല്ല. പ്രത്യുത മരണത്തിലെ കാരണത്തെ മരണം ഉദ്ദേശിച്ചുകൊണ്ട് അവന്‍ സമീപിച്ചതിനാല്‍ അല്ലാഹു ഈ സമയത്ത് അവന്റെ വയസ്സ് നിശ്ചയിച്ചതാണ്.
2. ഈ മനുഷ്യനെക്കൊണ്ട് അല്ലാഹുവിനു പ്രത്യേക താത്പര്യം ഉണ്ടെങ്കില്‍ മരണത്തിലെ കാരണത്തെ അവന്‍ സമീപിച്ചാലും അത്ഭുതകരമായി അവന്‍ രക്ഷപ്പെടുന്നു. ശേഷം കാര്യകാരണബന്ധത്തെ പരിഗണിക്കാതെ തന്നെ ഒരു ദിവസം അല്ലാഹു അവന്റെ അവധി നിശ്ചയിച്ച് അവനെ മരിപ്പിക്കുന്നു. ഇതുപോലെ തന്നെ ദീര്‍ഘായുസ്സിനു വേണ്ടി അല്ലാഹു പ്രകൃതിയില്‍ നിശ്ചയിച്ച കാരണത്തെ ഒരാള്‍ സമീപിക്കുമ്പോള്‍ ഈ കാരണത്തെ പരിഗണിച്ച് അല്ലാഹു അവന് ആയുസ്സ് നിര്‍ണയിക്കുന്നു. അല്ലാഹു അദൃശ്യജ്ഞാനിയായതിനാല്‍ ഒന്ന് ആദ്യം നിര്‍ണയിച്ച് ശേഷം ഇന്ന പ്രവൃത്തി ഉണ്ടാകുമ്പോള്‍ അതിനെ മാറ്റി മറിച്ച് തീരുമാനമെടുക്കലും വെട്ടലും തിരുത്തലും അവന്റെ രേഖയില്‍ ഉണ്ടാവുകയില്ല എന്നുമാത്രം.