Skip to main content

മോഡേണിസം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍

18-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ-നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി രംഗത്തു വന്ന സര്‍ സയ്യിദ് അഹ്മദ്ഖാനില്‍ മോഡേണിസ്റ്റുകളുടെ ഹദീസ് നിഷേധ പ്രവണത സ്വാധീനം ചെലുത്തിയിരുന്നു. പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെട്ടുപോകാന്‍ സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ മുസ്‌ലിംകളെ ആഹ്വാനം ചെയ്തു. അതേസമയം അദ്ദേഹത്തിന്റെ മോഡേണിസ്റ്റ് ചിന്തകളെ ജമാലുദ്ദീന്‍ അഫ്ഗാനി തന്റെ 'ഉര്‍വതുല്‍വുസ്ഖാ' എന്ന പത്രത്തില്‍ വിമര്‍ശിക്കുകയുണ്ടായി. 

സര്‍ സയ്യിദിനുശേഷം മൗലവി ചിറാഗ്അലി, അബ്ദുല്ലാ ചക്ടാലവി, അസ്‌ലം ജിറാജ്പുരി എന്നിവരിലൂടെ കടന്നുവന്ന് ഹദീസ് നിഷേധപ്രവണത പഞ്ചാബുകാരനായ ഗുലാം അഹ്മദ് പര്‍വേസിന്റെ നേതൃത്വത്തില്‍ ശക്തിപ്പെട്ടു. നബിചര്യ നിലകൊള്ളുന്ന നിവേദനങ്ങളുടെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിച്ചും നബിചര്യ പ്രമാണമാക്കേണ്ടതും അവലംബിക്കേണ്ടതുമാണെന്ന വസ്തുത നിഷേധിച്ചും ഈ ഫിത്‌ന വ്യാപാകമാക്കാന്‍ അവര്‍ ശ്രമിച്ചു. പാശ്ചാത്യ രാജ്യങ്ങളിലെ ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ പ്രയോഗിക്കുന്ന അടവുകളില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ചുകൊണ്ട് അവയെ വിശദീകരിച്ച് ബഹുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് അവര്‍ നടത്തിയത്. ഹദീസുകളില്‍ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്നത് അസംബന്ധങ്ങളും ലജ്ജാവഹമായ കാര്യങ്ങളും ആണെന്ന് ജല്‍പ്പിച്ച് സസൂക്ഷ്മം ഹദീസ് സമാഹാരങ്ങളില്‍ പരതി തങ്ങളുടെ  വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ കെട്ടിച്ചമച്ച് സമക്ഷം സമര്‍പ്പിക്കുക, അതിലൂടെ  ഹദീസുകളോട് പൊതുവില്‍ വിരോധവുമുണ്ടാക്കുക തുടങ്ങിയ കുത്സിത നീക്കങ്ങളാണ് ഹദീസ് നിഷേധത്തിന്റെ വഴിയില്‍ അവര്‍ നടത്തിയത്.

ഖുര്‍ആന്‍ വ്യക്തമായി സൂചിപ്പിക്കാത്ത ഒരു മതാനുഷ്ഠാനവും വേണ്ടെന്ന് ഇന്‍കാറെ ഹദീസ് എന്ന കൃതിയിലൂടെ ഗുലാം അഹ്മദ് പര്‍വേസ് വാദിച്ചു. സമുദായത്തിലെ ഫുഖഹാക്കള്‍, മുഹദ്ദിസുകള്‍, മുഫസ്സിറുകള്‍, ഭാഷാപിതാക്കള്‍ എന്നിവരെല്ലാം ഖുര്‍ആന്റെ യഥാര്‍ഥ അധ്യാപനങ്ങളെ മറച്ചുവെക്കാന്‍ വേണ്ടി ഗൂഢപദ്ധതി ലക്ഷ്യമിട്ട് നടന്നവരാണെന്ന് വരുത്തിത്തീര്‍ത്ത് ഹദീസ് നിഷേധത്തിന് ന്യായങ്ങള്‍ ചമയ്ക്കുകയാണ് മോഡേണിസ്റ്റുകള്‍ ചെയ്തത്.

വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും(ഹദീസ്) തിരിഞ്ഞു നോക്കാതെ പാരമ്പര്യാചാരങ്ങളുമായി നടന്നിരുന്ന വിവിധ ത്വരീഖത്തുകള്‍ ഒരു വശത്ത്. ഹദീസിന്റെ പ്രാമാണികതയെ തന്നെ ചോദ്യം ചെയ്ത് ഇസ്‌ലാമിക തത്ത്വങ്ങളെ വികലമാക്കുന്ന മോഡേണിസം മറുഭാഗത്ത്. ഈ ദശാസന്ധിയിലാണ് വിശുദ്ധ ഖുര്‍ആനും ഹദീസുമാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്ന് ജനങ്ങളെ പഠിപ്പിച്ചു കൊണ്ട് ഇസ്വ്‌ലാഹീ ആദര്‍ശവുമായി സയ്യിദ് സനാഉല്ലാ അമൃതസരി രംഗത്തു വരുന്നത്. തന്റെ സമശീര്‍ഷരായ സിദ്ദീഖ് ഹസന്‍ ഖാന്‍, നദീര്‍ ഹസന്‍ മുതലായ പണ്ഡിതന്‍മാരുമായി ചേര്‍ന്ന് അദ്ദേഹം ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചു. വിശുദ്ധ ഖുര്‍ആനിന്റെ ആധികാരികതയെ തള്ളിപ്പറയാന്‍ കഴിയാത്തതിനാല്‍ ഇസ്‌ലാമിന്റെ എതിരാളികള്‍ പിടിച്ചു തൂങ്ങിയത് ഹദീസിലായിരുന്നു. അതുകൊണ്ട് തന്നെ ഹദീസിന്റെ പ്രാമാണികത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അഹ്‌ലുല്‍ ഹദീസ് (അഹ്‌ലെ ഹദീസ്) എന്ന പേരില്‍ സംഘടിത പ്രവര്‍ത്തനം നടത്തുകയായിരുന്നു ആ മഹാന്‍ ചെയ്തത്. 1906 ലാണ് ജംഇയ്യത്ത് അഹ്‌ലെ ഹദീസ് രൂപീകരിച്ചത്. അത് ഇന്നും കര്‍മസജ്ജമാണ്.

Feedback