ഇസ്‌ലാമികലോകത്ത് യവന തത്ത്വശാസ്ത്രവും ഇന്ത്യന്‍ ഫിലോസഫിയും പ്രചാരം നേടിയത് ഹിജ്റാബ്ദം രണ്ടും മൂന്നും ശതകങ്ങളിലാണ്. അവയുടെ മറ പിടിച്ചുകൊണ്ട് ക്രൈസ്തവരും ജൂതരും നിരീശ്വരവാദികളും ഇസ്‌ലാമിന് നേരെ ദുരാരോപണങ്ങള്‍ അഴിച്ചുവിട്ടു. ഇതിനെ നേരിടാന്‍ വേണ്ടി ഇസ്‌ലാമിനെ ശാസ്ത്രീയമായി അവതരിപ്പിക്കാന്‍ ചില ധിഷണശാലികള്‍ വ്യഗ്രത കാണിച്ചു. ഇതിന് ഖുര്‍ആന്‍ വചനങ്ങളെയും ഇസ്‌ലാമിക ദര്‍ശനങ്ങളെയും അവര്‍ ദുര്‍വ്യാഖ്യാനിച്ചു. അവര്‍ ജനങ്ങളില്‍ നിന്ന് ക്രമേണ ഒറ്റപ്പെട്ടവര്‍ അഥവാ മുഅ്തസിലികള്‍ എന്നറിയപ്പെട്ടു.
മുഅ്തസിലികള്‍ ആഭ്യന്തരശൈഥില്യങ്ങളുടെ ഫലമായി വിവിധ വിഭാഗങ്ങളായിത്തീര്‍ന്നു. ഒരോരുത്തര്‍ക്കും പ്രത്യേക ചിന്താസരണികളുണ്ടാവുകയും ആദര്‍ശങ്ങളുണ്ടായിത്തീരുകയും ചെയ്തു. ഹദീസിനോടുള്ള സമീപനത്തില്‍ മുഅ്തസിലികളിലെ വിവിധ വിഭാഗങ്ങള്‍ വിപരീത ദിശകളില്‍ സഞ്ചരിക്കുന്നതായി കാണാം. ഒരാള്‍ മാത്രം നിവേദനം ചെയ്ത ഹദീസുകളെ സ്വീകരിക്കുന്നത് ബുദ്ധിയുടെ തേട്ടമാണെന്ന് വാദിച്ച അബുല്‍ ഹുസൈനില്‍ ബസരിയും അനുയായികളും മുഅ്തസിലുകളാണെന്ന് ആമുദി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ അബൂബക്ര്‍ ജുബായിയുടെ വീക്ഷണം ഇതിനുനേരെ വിപരീതമായിരുന്നു. ഏകനിവേദകന്‍റെ ഹദീസ് തിരസ്കരിക്കലാണ് ബുദ്ധിയുടെ വിധിയെന്ന് അദ്ദേഹം വാദിച്ചു. മുഅ്തസിലികളില്‍പ്പെട്ട ഹദ്റമിയ്യ വിഭാഗം ആത്യന്തികമായി അപകടകരമായ ആദര്‍ശമാണ് വെച്ചുപുലര്‍ത്തിയത്. മറ്റു മുസ്‌ലിം കളെല്ലാം ദൃഢജ്ഞാനം നല്‍കുമെന്ന് വിശ്വസിക്കുന്ന മുതവാതിറായ ഹദീസുകള്‍ പോലും വ്യാജങ്ങളാവാമെന്നും അവ തെളിവല്ലെന്നും അവര്‍ വാദിച്ചു.
ഹദീസുകളുടെ പ്രഥമനിവേദകരായ സ്വഹാബികളെക്കുറിച്ചുള്ള മുഅ്തസിലുകളുടെ പരസ്പരവിരുദ്ധങ്ങളായ സമീപനങ്ങളാണ് ഹദീസുകളുടെ കാര്യത്തിലും അവരുടെ നിലപാടുകളെ വികലമാക്കിയത്. മുഅ്തസിലികളുടെ ഉപജ്ഞാതാവെന്ന് വിശേഷിപ്പിക്കാവുന്നയാളാണ് വാസ്വിലുബ്നു അത്വാഅ്. അദ്ദേഹത്തിന്‍റെ വീക്ഷണപ്രകാരം ജമല്‍യുദ്ധത്തില്‍ പങ്കെടുത്തവരില്‍ ഒരുവിഭാഗം ദുര്‍മാര്‍ഗികളാണ്. അതിനാല്‍ രണ്ടുവിഭാഗത്തില്‍ പെട്ടവര്‍ ഒന്നിച്ച് സാക്ഷ്യം വഹിച്ചാല്‍ അത് സ്വീകാര്യമല്ല. കാരണം അവരില്‍ ഒരാള്‍ ഫാസിഖാണെന്നതില്‍ (ദുര്‍മാര്‍ഗി) സന്ദേഹമില്ലത്രേ. എന്നാല്‍ ഒരു വിഭാഗത്തിലെ രണ്ടുപേര്‍ സാക്ഷ്യം വഹിച്ചാല്‍ അത് സ്വീകാര്യമാണ്. കാരണം അവര്‍ ദുര്‍മാര്‍ഗികളാണോ എന്ന കാര്യം സുനിശ്ചിതമല്ല. മുഅ്തസിലികളുടെ മറ്റൊരു നേതാവായിരുന്ന അംറുബ്നു ഉബൈദിന്‍റെ വാദമനുസരിച്ച് ജമല്‍ യുദ്ധത്തില്‍ പങ്കെടുത്ത ഇരുഭാഗത്തുള്ളവരും ദുര്‍മാര്‍ഗികളാണ്. അതിനാല്‍ അവരുടെ സാക്ഷ്യവും സ്വീകാര്യമല്ല. മുഅ്തസിലികളില്‍പ്പെട്ട ചിലര്‍ സ്വഹാബികളെല്ലാം കപടന്മാരും വിവരംകെട്ടവരും നരകാവകാശികളുമാണെന്ന ഗുരുതര വാദമാണ് ഉയര്‍ത്തുന്നത്.
സ്വഹാബികളെക്കുറിച്ചുള്ള വീക്ഷണവൈരുധ്യങ്ങള്‍ക്കനുസരിച്ച് ഹദീസിനോടുള്ള സമീപനത്തിലും അവര്‍ക്കിടയില്‍ അന്തരമുണ്ടായി. അവരില്‍ ചിലര്‍ സ്വഹാബികളുടെ ഹദീസുകള്‍ ഒട്ടും സ്വീകരിക്കാത്തവരാണെങ്കില്‍ മറ്റു ചിലര്‍ ചിലതെല്ലാം സ്വീകരിക്കുന്നു. ചിലരാകട്ടെ 'ആഹാദായ' ഹദീസുകളെ നിരാകരിക്കുന്നവരാണെങ്കില്‍ മറ്റു ചിലര്‍ മുതവാതിറുകളെപ്പോലും അംഗീകരിക്കാത്തവരാണ്.
ചുരുക്കത്തില്‍ ഖവാരിജുകള്‍, ശീഅകള്‍, മുഅ്തസിലുകള്‍ തുടങ്ങിയവര്‍ സഹാബികളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നവരാണ്. സ്വഹാബികളെ ദുര്‍മാര്‍ഗികളും അധര്‍മകാരികളുമായി കാണുന്നതിനാല്‍ അവരുടെ ഹദീസുകള്‍ സ്വീകാര്യമല്ല എന്ന നിലപാടില്‍ ഇവര്‍ യോജിക്കുന്നു.