Skip to main content

ഖവാരിജുകളും ഹദീസ് നിഷേധവും

അലി-മുആവിയ(റ) പക്ഷങ്ങള്‍ തമ്മില്‍ നടന്ന യുദ്ധം ഒത്തുതീര്‍പ്പാക്കിയതില്‍ പ്രതിഷേധിച്ച് അലി(റ)യുടെ പക്ഷത്ത് നിന്ന് വിഘടിച്ചുപോയ തീവ്രവാദികളാണ് ഖവാരിജുകള്‍. ഇസ്‌ലാമിക ചരിത്രത്തിലെ തീവ്രവിഭാഗമായി അറിയപ്പെടുന്ന ഖവാരിജുകള്‍, അലി(റ)യുടെ പക്ഷം ചതിക്കപ്പെട്ട പ്രസ്തുത ഒത്തുതീര്‍പ്പിനെയും സിഫ്ഫീന്‍, ജമല്‍ യുദ്ധങ്ങള്‍ക്ക് വഴിവെച്ച സംഭവവികാസങ്ങളെയും ഫിത്‌ന(കുഴപ്പം) എന്നാണ് വിശേഷിപ്പിക്കുന്നത്. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിക്കുക മാത്രമല്ല, ഹദീസ് നിഷേധത്തിന് അടിത്തറപാകുക കൂടി ചെയ്യാന്‍ ഖവാരിജുകള്‍ ധൃഷ്ടരായി. നബി(സ്വ)യില്‍ നിന്ന് ഹദീസുകള്‍ ഉദ്ധരിച്ച ബഹുഭൂരിഭാഗം സ്വഹാബിമാരെയും കാഫിറുകളാക്കിയ ഖവാരിജുകള്‍ അവരുടെ ഹദീസുകള്‍ തള്ളിക്കളയുകയും ചെയ്തു. 'ഉസ്മാന്റെ കാലത്തെ വിവാദങ്ങള്‍ ഉടലെടുക്കുന്നതിന് മുമ്പ് സ്വഹാബികളെല്ലാം നീതിന്മാരായിരുന്നു. പക്ഷേ പീന്നിടവര്‍ അക്രമികളായിത്തീര്‍ന്നു. അതിനാല്‍ ഉസ്മാന്‍, അലി, ത്വല്‍ഹ, സുബൈര്‍, ആഇശ(റ) തുടങ്ങിയവരും ജമല്‍യുദ്ധത്തില്‍ പങ്കെടുത്തവരും സിഫ്ഫീനിലെ മധ്യസ്ഥന്മാരും അവരെ അനുകൂലിച്ചവരുമെല്ലാം കാഫിറുകളാണ്. അതിനാല്‍ അവരുടെ ഹദീസുകളൊന്നും സ്വീകാര്യമല്ല' എന്നായിരുന്നു ഖവാരിജുകളുടെ വാദം.


മുസ്‌ലിംകള്‍ പ്രമാണമായി സ്വീകരിക്കുന്ന ഒട്ടേറെ ഹദീസുകള്‍ നിരാകരിക്കുന്നവരാണ് ഖവാരിജുകള്‍. ഇത് ഭാഗികമായ ഹദീസ് നിഷേധമാണ്.  അവരുടെ വികല വാദങ്ങളുടെ ഫലമായി പ്രമുഖസ്വഹാബികള്‍ റിപ്പോര്‍ട്ട് ചെയ്ത നിരവധി ഹദീസുകളെയാണ് അവര്‍ തള്ളിക്കളഞ്ഞത്. ഹദീസ് നിരാകരണത്തിന്റെ ആദ്യകാല വിധാതാക്കളായി ശീഅകളെയും ഖവാരിജുകളെയും കണക്കാക്കാവുന്നതാണ്.

Feedback