Skip to main content

അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ (2)

പ്രപഞ്ചത്തിലെ ചെറുതും വലുതുമായ സകലവിധ പ്രതിഭാസങ്ങളുടേയും സൃഷ്ടി-സ്ഥിതി-സംഹാരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏകാസ്തിത്വത്തിന് അറബിയില്‍ പറയുന്ന പേരാണ് അല്ലാഹു. ആരാധ്യന്‍ എന്നര്‍ത്ഥമുള്ള അറബിപദമായ ഇലാഹ് എന്ന പൊതുനാമത്തെ അല്‍ എന്ന അവ്യയം ചേര്‍ത്ത് വിശേഷവല്‍ക്കരിച്ചതാണ് അല്ലാഹു എന്ന പദമെന്നാണ് പദോത്പത്തി ശാസ്ത്രജ്ഞന്മാരുടെ പക്ഷം. അപ്പോള്‍ അല്ലാഹു എന്ന പദത്തിനര്‍ത്ഥം ആരാധിക്കപ്പെടുവാന്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവന്‍ എന്നാണ്. അല്ലാഹു എന്ന പദത്തിന്റെ ഉത്പ്പത്തിയെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും സത്യദൈവം എന്ന നിലക്കാണ് വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവെന്ന സംജ്ഞയെ പരിചയപ്പെടുത്തുന്നത്.

സൂക്ഷ്മവും സ്ഥൂലവുമായ സകലമാന വസ്തുക്കളുടെയും സ്രഷ്ടാവും സംരക്ഷകനും നിയന്താവും സര്‍വശക്തനും സര്‍വജ്ഞനുമായവനാണ് അല്ലാഹു. ഏതെങ്കിലും     ഒരു പ്രത്യേക വിഭാഗത്തിന്റെയോ ഗോത്രത്തിന്റെയോ ദൈവം എന്ന അര്‍ത്ഥത്തിലല്ല ഖുര്‍ആന്‍ അല്ലാഹുവെന്ന് പ്രയോഗിച്ചിരിക്കുന്നത്. ദേശ-ഭാഷാ-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ സ്രഷ്ടാവും പ്രപഞ്ചകര്‍ത്താവുമായ ദൈവത്തിന് വ്യത്യസ്ത ഭാഷകളില്‍ വ്യത്യസ്ത പേരുകള്‍ ഉപയോഗിക്കുന്നുണ്ട്. സംസ്‌കൃതത്തില്‍ പരബ്രഹ്മം എന്നും ബൈബിള്‍ പഴയ നിയമത്തില്‍ ഏല്‍, ഏലോഹി, യഹ്‌വെ (യഹോവ) തുടങ്ങിയ നാമങ്ങളുമെല്ലാം ദൈവത്തെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ ആരാധിക്കപ്പെടാന്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ ഖുര്‍ആന്‍ പ്രയോഗിച്ച അല്ലാഹു എന്ന പദത്തിന് തുല്യമായി മറ്റു ഭാഷകളിലൊന്നും തന്നെ ഒറ്റവാക്കുകളില്ലെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനും പരിപാലകനുമെന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു പറയുന്നു : ‘‘അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് (സന്മാര്‍ഗത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത് ''(40:62).

സര്‍വ്വലോക സ്രഷ്ടാവായ ദൈവത്തെ പരിചയപ്പെടുത്താന്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്ന അല്ലാഹു എന്ന പദം അറബികള്‍ക്കിടയില്‍ പ്രവാചകന് മുമ്പ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. യഥാര്‍ത്ഥ ദൈവത്തിലേക്കുള്ള ഇടയാളന്മാരായി കണക്കാക്കി ലാത്ത, ഉസ്സ, മനാത്ത, ഹുബ്‌ല് തുടങ്ങിയവയെ ആരാധിച്ചിരുന്നവര്‍ പോലും അവയൊന്നും അല്ലാഹുവാണെന്ന് വിശ്വസിച്ചിരുന്നില്ല. അല്ലാഹു പറയുന്നു: ‘‘ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിക്കുകയും സൂര്യനേയും ചന്ദ്രനേയും കീഴ്‌പ്പെടുത്തിവെക്കുകയും ചെയ്തവന്‍ ആര്. എന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും അല്ലാഹു(ആണെന്ന്)''(29:61). 

ബഹുദൈവാരാധനകരായ അറേബ്യന്‍ മുശ്‌രിക്കുകള്‍ മാത്രമല്ല, അവിടെ ജീവിച്ചിരുന്ന യഹൂദരും ക്രൈസ്തവരുമെല്ലാം യാഥര്‍ത്ഥ ദൈവത്തെ അല്ലാഹുവെന്ന് തന്നെയായിരുന്നു വിളിച്ചിരുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഉസൈര്‍ ദൈവപുത്രനാണെന്ന് യഹൂദന്മാര്‍ പറഞ്ഞു. മസീഹ് ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. ‘‘അതവരുടെ വായകൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയായിരുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്’’(9:30).

Feedback