ഖുര്‍ആനില്‍ രണ്ട് സ്ഥലത്താണ് 'വസീല' എന്ന പദം പ്രയോഗിച്ചത്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കാനുള്ള മാര്‍ഗം തേടുകയും അവന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം.''(5:35)
ഈ സൂക്തത്തില്‍ വിജയത്തിന് നിദാനമാകുന്ന മൂന്ന് കാര്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. (ഒന്ന്) അല്ലാഹുവിനെ സൂക്ഷിക്കുക. (രണ്ട്) അല്ലാഹുവിലേക്ക് സാമീപ്യം തേടുക. (മൂന്ന്) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തിന് അഥവാ ത്യാഗത്തിന് തയ്യാറാവുക.
അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചു ജീവിക്കുക, അവന്‍ കല്‍പിച്ചതും പ്രോത്സാഹിപ്പിച്ചതുമായ പുണ്യകര്‍മ്മങ്ങള്‍ കൂടുതല്‍ ചെയ്യുക. ഇതാണ് അവന്റെ പ്രീതി നേടാനുള്ള വസീല ആയി അല്ലാഹു പഠിപ്പിക്കുന്നത് (5:35).
ഈ സൂക്തത്തിലെ 'വസീല' എന്ന പദത്തിന് തഫ്‌സീര്‍ ബൈളാവിയില്‍ നല്‍കുന്ന അര്‍ത്ഥം ഇപ്രകാരമാണ്: സദ്കര്‍മ്മങ്ങള്‍ ചെയ്യുക, വിരോധിക്കപ്പെട്ടവയെ വര്‍ജ്ജിക്കുക എന്നതാണ് നിങ്ങള്‍ അല്ലാഹുവിലേക്ക് തേടുക എന്നത് (ബൈളാവി, 1:230).
ഈ ആശയം തന്നെയാണ് ക്വുര്‍ത്വുബി(3:2156), കശ്ശാഫ്(1:627), റാസി(3:379), ബഹ്‌റുല്‍ മുഹീത്വ് (3:472), തഫ്‌സീര്‍ മുനീര്‍(1:203), ഇബ്‌നുജരീര്‍(5:226), തഫ്‌സീര്‍ വാളിഹ്(2:49), മദാരിക്(1:219) തുടങ്ങി എല്ലാ തഫ്‌സീര്‍ ഗ്രന്ഥങ്ങളിലും ഉദ്ധരിച്ചു കാണുന്നത്. പ്രാമാണികരായ പണ്ഡിതന്മാര്‍ വസ്വീലക്ക് നല്‍കിയ വിശദീകരണത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ യാതൊരു അഭിപ്രായഭിന്നതയുമില്ല എന്ന് പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നുകഥീര്‍ വ്യക്തമാക്കുന്നു (ഇബ്‌നുകഥീര്‍, 2:53).
'വസീല' എന്ന പദം വന്നിട്ടുള്ള സൂറത്തുല്‍ ഇസ്‌റാഇലെ സൂക്തം ഇപ്രകാരമാണ്: നബിയേ, പറയുക. അല്ലഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്നു) വാദിച്ചു പോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്താനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല. ആരെയാണോ അവര്‍ വിളിച്ചു പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നത് അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു). അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിന്റെ രക്ഷിതാവിന്റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു (17:56,57).
'മുഴുവന്‍ നബിമാരും മലക്കുകളും അല്ലാഹുവോട് നേരിട്ട് പ്രാര്‍ത്ഥിക്കുന്നവരാണ്. അല്ലാഹുവിങ്കല്‍ സാമീപ്യം ലഭിക്കാന്‍ അവന്‍ നിര്‍ദ്ദേശിച്ച മാര്‍ഗം സ്വീകരിക്കുന്നവരുമാണ്. എന്നിട്ടും മലക്കുകളോടും പ്രവാചകന്മാരോടും മഹാത്മക്കളോടും മറ്റും പ്രാര്‍ത്ഥിക്കുന്നതിലെ അര്‍ത്ഥശൂന്യതയാണ് അല്ലാഹു ഉപരിസൂചിത സൂക്തത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ സൂക്തത്തിന്റെ വ്യാഖ്യാനം ഇമാം റാസി രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: ''നിശ്ചയം, ഉന്നത പദവിയിലുള്ള പ്രവാചകന്മാര്‍ പോലും അല്ലാഹുവിനെയല്ലാതെ ആരാധിക്കുന്നില്ല. അവങ്കലേക്കല്ലാതെ സാമീപ്യത്തെ ആഗ്രഹിക്കുന്നില്ല. നിശ്ചയം നിങ്ങളും അവരെ പിന്തുടരുവാന്‍ ബാധ്യസ്ഥരാണ്. അതിനാല്‍ അവനെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍ (റാസി, 20:232).
തഫ്‌സീര്‍ സ്വാവിയിലെ വിശദീകരണവും പ്രസക്തമാണ്: ''ആരാധ്യരാണെന്ന് നിങ്ങള്‍ ജല്‍പ്പിക്കുന്ന ബുദ്ധിയുള്ളവര്‍ അല്ലാഹുവിലേക്ക് അനുസരണം, കീഴ്‌വണക്കം എന്നിവയിലൂടെ അല്ലാഹുവിന്റെ സാമീപ്യത്തെ തേടുകയാണ്. അവര്‍ അവന്റെ അനുഗ്രഹത്തെ ആഗ്രഹിക്കുകയും അവന്റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്യുന്നു. അവരില്‍ കൂടുതല്‍ പദവിയുള്ളവര്‍ അല്ലാഹുവിന് കൂടുതല്‍ കീഴ്‌വണക്കം കാണിക്കുകയും കൂടുതല്‍ ഭയപ്പെടുകയും ചെയ്യുന്നു. അവര്‍ ഒരിക്കലും അല്ലാഹുവിന്റെ കൂടെ ആരാധിക്കപ്പെടുവാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല (സ്വാവി, 2:354).