Skip to main content

നല്ല മനുഷ്യരുടെ ആത്മാവ് ബര്‍സഖില്‍

'ലാഇലാഹ ഇല്ലല്ലാഹ്' എന്ന പരിശുദ്ധ വാക്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന സത്യവിശ്വാസി ഐഹിക ജീവിതത്തില്‍ ആദര്‍ശ സ്ഥിരതയുള്ളവനും മനഃസമാധാനമുള്ളവനുമായി കഴിയുന്നു. അതേ ആദര്‍ശ സ്ഥിരതയോടെയും മനഃശാന്തിയോടെയും അവന് മരണത്തെയും ശേഷമുള്ള ബര്‍സഖിലെ (ഖബറിലെ) ചോദ്യം ചെയ്യലിനെയും നേരിടാന്‍ സാധിക്കുന്നു. ''ഐഹിക ജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിറുത്തുന്നതാണ് (14: 27) എന്ന സൂക്തത്തിലെ 'സുസ്ഥിരമായ വാക്കുകൊണ്ട്' അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുമെന്നതിനെ ഖബ്‌റിലെ ചോദ്യവേളയില്‍ 'ലാഇലാഹഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ്' എന്ന പ്രഖ്യാപനം വഴി വിശ്വാസികളെ ഉറപ്പിച്ച് നിറുത്തുമെന്നാണ് വിവക്ഷിക്കുന്നതെന്ന് നബി(സ) വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. (ബുഖാരി-തഫ്‌സിറു സൂറത്തു ഇബ്‌റാഹീം).

ഖബറടക്കം കഴിഞ്ഞ ഉടനെ ചുറ്റും നിന്ന് മയ്യിത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയില്‍ 'അല്ലാഹുവേ ചോദ്യവേളയില്‍ ഇദ്ദേഹത്തിന് നീ സ്ഥൈര്യം നല്‍കേണമേ' എന്ന് കൂട്ടമായി പ്രാര്‍ഥിക്കുന്നത് ഇവിടെ സ്മരണീയമാണ്. എല്ലാ ദിവസവും സ്വര്‍ഗത്തിലെ ഇരിപ്പിടം നല്ല ആത്മാവിന് ബര്‍സഖില്‍ വെച്ച് കാണിച്ചുകൊടുക്കുകയും ചെയ്യും. ഖബ്‌റിലെ ചോദ്യോത്തരങ്ങള്‍ കഴിഞ്ഞാല്‍ ശുദ്ധാത്മാവിനോട് 'പുതുമാരന്‍ ഉറങ്ങും പ്രകാരം ഉറങ്ങിക്കോളൂ' എന്ന് പറയപ്പെടുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ബര്‍സഖിലുള്ള വിശ്വാസിയുടെ അവസ്ഥയെക്കുറിച്ച് റസൂല്‍(സ) ഇപ്രകാരം പറഞ്ഞു. 'വിശ്വാസിയുടെ  ആത്മാവ് സ്വര്‍ഗത്തിലെ വൃക്ഷങ്ങളില്‍ കഴിഞ്ഞുകൂടുന്ന പക്ഷിയായിരിക്കും. പുനരുജ്ജീവിപ്പിക്കപ്പെടുന്ന ദിവസം അല്ലാഹു അതിനെ അതിന്റെ ശരീരത്തിലേക്ക് മടക്കുന്നത് വരേക്കും (അഹ്മദ്). 

നല്ല ആത്മാവുമായി അല്ലാഹുവിങ്കലേക്ക് യാത്രതിരിക്കുന്ന ഏതൊരാളും പിന്നീട് ദുന്‍യാവിലേക്ക് മടങ്ങുന്നതില്‍ സന്തോഷം കൊള്ളുകയില്ല. എന്നാല്‍ രക്തസാക്ഷികള്‍ (ശഹീദ്) രക്തസാക്ഷിത്വം കാരണമായി അദ്ദേഹത്തിന് ലഭിക്കുന്ന ശ്രേഷ്ഠതകള്‍ കാണുമ്പോള്‍ ആഗ്രഹിച്ച് പോവുന്നത് ദുന്‍യാവിലേക്ക് തന്നെ തിരിച്ചുപോയി ഇനിയൊരിക്കല്‍കൂടി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടിരുന്നെങ്കില്‍ എന്നാണ്. അല്ലാഹു പറയുന്നു. ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവരെ സംബന്ധിച്ച് അവര്‍ മരിച്ചുപോയി എന്ന് നീ മനസ്സിലാക്കരുത്. വാസ്തവത്തില്‍ അവര്‍ ജീവിച്ചിരിക്കുകയാണ്. തങ്ങളുടെ നാഥന്റെയടുക്കല്‍ അവര്‍ക്ക് ആഹാരം നല്‍കപ്പെടുകയും ചെയ്യുന്നു. അല്ലാഹു അവര്‍ക്ക് നല്‍കിയ ഔദാര്യത്തില്‍ അവര്‍ തികച്ചും സന്തുഷ്ടരാണ്. ഇതുവരെ അവരോടൊപ്പം ചേര്‍ന്നിട്ടില്ലാത്ത ദുന്‍യാവിലുള്ള അവരുടെ സഹപ്രവര്‍ത്തകരെ സംബന്ധിച്ചും അവര്‍ ഊറ്റം കൊള്ളുന്നു. അവര്‍ക്കും ഒട്ടും ഭയപ്പെടുകയോ ദു:ഖിക്കുകയോ വേണ്ടിവരില്ല. അല്ലാഹുവിന്റെ അനുഗ്രഹത്താലും ഔദാര്യത്താലും അവര്‍ അങ്ങേയറ്റം ആനന്ദം കൊള്ളുകയും ചെയ്യുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു വൃഥാവിലാക്കുകയില്ല. (3:169-171).

ഈ ആയത്തിന് നബി(സ) നല്‍കിയ വിശദീകരണം ഇപ്രകാരമാണ്. രക്തസാക്ഷികളുടെ ആത്മാക്കള്‍ പച്ച നിറത്തിലുള്ള പൈങ്കിളികളുടെ മേടകളിലണ്. അവ സ്വര്‍ഗത്തില്‍ യഥേഷ്ടം തുള്ളിച്ചാടി  നടക്കുകയും പിന്നീട് അര്‍ശുമായി ബന്ധിക്കപ്പെട്ട വിളക്കിന്‍ കൂടുകളില്‍ വിശ്രമിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ റബ്ബ് ഒരിക്കല്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു ഇപ്രകാരം ചോദിച്ചു. നിങ്ങള്‍ വല്ലതും ആഗ്രഹിക്കുന്നുണ്ടോ? അവര്‍ പറഞ്ഞു. ഈ സ്വര്‍ഗത്തില്‍ യഥേഷ്ടം വിഹരിക്കാന്‍ സാധിച്ച ഞങ്ങള്‍ക്ക് ഇനി എന്താണാഗ്രഹിക്കാനുള്ളത്? റബ്ബ് അതേ ചോദ്യംതന്നെ പിന്നെയും മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു. അങ്ങനെ എന്തെങ്കിലുമൊന്ന് ചോദിക്കാതെ റബ്ബ് വിടുകയില്ലെന്ന് കണ്ടപ്പോള്‍ അവര്‍ പറഞ്ഞു. നാഥാ, ഒരാഗ്രഹമുണ്ട് ഞങ്ങള്‍ക്ക്. അതായത് ഞങ്ങളെ ഞങ്ങളുടെ ശരീരങ്ങളിലേക്ക് തന്നെ ഒന്ന് മടക്കിത്തതിക, എന്നിട്ട് ഞങ്ങള്‍ നിന്റെ മാര്‍ഗത്തില്‍ ഒരിക്കല്‍ കൂടി രക്തസാക്ഷിത്വം വരിക്കട്ടെ. ഇവര്‍ക്കൊരാവശ്യവും പറയാനില്ലെന്ന് കണ്ട് അല്ലാഹു അവരെ കൂടുതല്‍ നിര്‍ബന്ധിക്കാതെ വിടും. (മുസ്‌ലിം).
ഓരോ ആത്മാവും ആലമുല്‍ ബര്‍സഖില്‍ കഴിച്ചു കൂട്ടേണ്ടിവരുന്ന കാലമെത്രയാണെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ - ഖബ്‌റിലെ ചോദ്യംചെയ്യല്‍ കഴിഞ്ഞാല്‍ സത്യവിശ്വാസികള്‍ക്കുണ്ടാകുന്ന അനുഭവം റസൂല്‍ വിശദീകരിച്ചത് ഇപ്രകാരമാണ്. 'റബ്ബ് ആരാണ്? മതം ഏതാണ്? നബി ആരാണ്? എന്നിങ്ങനെയുള്ള ചോദ്യത്തിനെല്ലാം കൃത്യമായി മറുപടി പറഞ്ഞ വിശ്വാസിയുടെ കാര്യത്തില്‍ അല്ലാഹു പറയും, എന്റെ അടിമയുടെ വാക്കുകള്‍ സത്യമാണ്. അതിനാല്‍ സ്വര്‍ഗത്തില്‍ നിന്നുള്ള വിരിപ്പും വസ്ത്രവുമണിയിക്കുക. സ്വര്‍ഗത്തിലേക്ക് ഒരു വാതിലും അദ്ദേഹത്തിനായി തുറക്കുക. അതോടെ അദ്ദേഹത്തിന്റെ സുഖം അവിടേക്ക് കടന്നുവരികയായി. അവന്റെ ദൃഷ്ടി പതിയുവോളം അകലത്തേക്ക് അവന്നു ഖബ്ര്‍ വിശാലമാക്കിക്കൊടുക്കുന്നു. സുമുഖനും സുന്ദരനും സുഗന്ധ പരിലസിതനുമായ ഒരാള്‍ അവിടെ കടന്നുവന്നിട്ട് പറയും, നിനക്ക് സന്തോഷമുള്ള കാര്യത്തില്‍ സുവാര്‍ത്തയറിയിക്കുന്നു, അല്ലാഹുവിന്റെ സംതൃപ്തിയേയും നിത്യ സുഗന്ധത്തിന്റെ സ്വര്‍ഗത്തെയൂംകുറിച്ച സന്തോഷ വാര്‍ത്ത അറിയിക്കുന്നു. ഇതാണ് നിന്നോട് വാഗ്ദാനം ചെയ്തിരുന്ന ദിവസം. അപ്പോള്‍ അവനോട് ചോദിക്കും. നന്മയും സുവാര്‍ത്തയുമായി വരുന്ന താങ്കള്‍ ആരാണ്? അപ്പോള്‍ അദ്ദേഹം പറയും, ഞാന്‍ താങ്കളുടെ സുഹൃത്താണ്. പിന്നീട് അവന്റെ മുമ്പില്‍ സ്വര്‍ഗത്തിന്റെ ഒരു വാതിലും നരകത്തിന്റെ ഒരു വാതിലും തുറക്കുന്നു. എന്നിട്ട് പറയും, താങ്കള്‍ അല്ലാഹുവെ ധിക്കരിച്ചിരുന്നെങ്കില്‍ താങ്കളുടെ വീട് ഇതാകുമായിരുന്നു.  ഇതിന് പകരമായി അല്ലാഹു താങ്കള്‍ക്ക് സ്വര്‍ഗം നല്‍കിയിരിക്കുന്നു. അങ്ങനെ സ്വര്‍ഗത്തിലുള്ളത് കാണുന്നതോടെ അദ്ദേഹം പറയുകയായി, നാഥാ അന്ത്യനാള്‍ പെട്ടെന്ന് സംഭവിക്കേണമേ. എന്റെ വീട്ടിലേക്ക്, എന്റെ ധനത്തിലേക്ക് എനിക്ക് മടങ്ങാമല്ലോ. അപ്പോള്‍ അടങ്ങിയിരിക്കാന്‍ അദ്ദേഹത്തോട് പറയപ്പെടും.
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446