ഇസ്‌ലാമില്‍ ദൈവവിശ്വാസം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസമാണ് ലോകാന്ത്യത്തിലും പരലോകത്തിലുമുള്ള വിശ്വാസം. ഇസ്‌ലാം പഠിപ്പിക്കുന്ന ജീവിത വീക്ഷണ പ്രകാരം ജീവിതത്തിന് ലക്ഷ്യബോധം നല്‍കുന്നത് പരലോക വിശ്വാസമാണ്. മനുഷ്യന്‍ ജീവിക്കുന്നത് തന്നെയും പരലോകത്തെ ശാശ്വത ജീവിതവിജയത്തിന് വേണ്ടിയാണ്. പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടതും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടതും മനുഷ്യനെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനാണ്. തൗഹീദ് (അല്ലാഹുവിന്റെ ഏകത്വം), ആഖിറത്ത് (പരലോക വിശ്വാസം), രിസാലത്ത് (പ്രവാചകദൗത്യം) എന്നീ മൂന്ന് മൗലിക പ്രധാനമായ വിഷയങ്ങളുടെ പ്രബോധനമാണ് പ്രവാചകന്മാരിലൂടെ നിര്‍വഹിച്ചത്. വിശുദ്ധ ഖുര്‍ആനിലെ പ്രതിപാദ്യ വിഷയങ്ങളും ഈ മൂന്ന് മൗലിക വിഷയങ്ങളിലൂന്നിയുള്ളതാണ്.
മറ്റൊരു പ്രപഞ്ചത്തെയോ ലോകത്തെയോ കുറിച്ചുള്ള കേവല വിശ്വാസമോ വിവരണമോ അല്ല പരലോകത്തെക്കുറിച്ചുള്ള പരികല്പന. മനുഷ്യന്റെ ഭാവിയെക്കുറിച്ചുള്ള വിശ്വാസമാണത്. വ്യക്തികള്‍ എന്ന നിലക്ക് ജനിച്ചു മരണപ്പെട്ട് പോകുന്ന ഓരോരുത്തര്‍ക്കും മരണാനന്തരം നേരിടേണ്ടുന്ന താല്കാലിക ജീവിതവും ഭൂമിയുടെ അന്ത്യത്തിന് ശേഷം മനുഷ്യ വര്‍ഗത്തിന്റെ ആരംഭം തൊട്ട് അതിന്റെ അന്ത്യം വരെ ജനിച്ചു ജീവിച്ച മനുഷ്യര്‍ക്ക് ഒന്നിച്ച് അഭിമുഖീകരിക്കേണ്ടുന്ന ശാശ്വത ജീവിതവും പരലോക വിശ്വാസത്തിന്റെ ഭാഗമാണ്. മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ ഒരുമിച്ചുചേരല്‍, പ്രപഞ്ചനാഥന്റെ ദര്‍ശനം, വിചാരണ, രക്ഷാശിക്ഷകളുടെ നിര്‍ണയം, സ്വര്‍ഗം, നരകം എന്നിവയുടെ അഭിമുഖീകരണം എന്നിവയും അതിന്റെ ഭാഗമാണ്. ഇവയാണ് ഓരോ ഘട്ടത്തിലുമായി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍. ഈ വിഷയങ്ങളുമായിട്ടെല്ലാം ബന്ധപ്പെടുത്തി പരലോകത്തെക്കുറിച്ചുള്ള വിവരണം പരിശുദ്ധ ഖുര്‍ആനില്‍ കാണാം.