Skip to main content

ഇതരമതങ്ങളില്‍

പ്രപഞ്ചത്തിന് ഒരു കര്‍ത്താവുണ്ട് എന്ന് ലോകത്തിലെ എല്ലാ മതങ്ങളും അംഗീകരിക്കുന്നതു പോലെ മനുഷ്യന്റെ കര്‍മങ്ങള്‍ക്ക് ഈ ജീവിതത്തിനപ്പുറം പ്രതിഫലം നല്‍കപ്പെടുമെന്ന കാര്യത്തിലും മതങ്ങള്‍ പൊതുവെ ഏകാഭിപ്രായക്കാരാണ്. അതിന്റെ രൂപത്തിലും ഭാവത്തിലും തികച്ചും വൈരുധ്യമുണ്ടാവാമെങ്കിലും അടിസ്ഥാന വിശ്വാസം സര്‍വാംഗീകൃതമാണ്. 

ഹൈന്ദവധര്‍മത്തില്‍ പരലോകവിശ്വാസം പല തരത്തിലാണ്. മരിച്ചവരുടെ ആത്മാക്കള്‍ യമനോടൊത്ത് ജീവിച്ചിരിക്കുന്നുവെന്ന് ഋഗ്വേദം പറയുന്നു. ഉപനിഷത്തുകളിലാവട്ടെ പുനര്‍ജന്‍മ സിദ്ധാന്തമാണുള്ളത്. ജന്‍മങ്ങളുടെ ചക്രത്തില്‍ ബന്ധിതമാണ് ആത്മാവ് എന്നാണതിന്റെ അടിസ്ഥാനാശയം. ആത്മാക്കള്‍ സൃഷ്ടിക്കപ്പെടുന്നില്ല, ശരീരം മാത്രമാണ് മാറിക്കൊണ്ടിരിക്കുന്നത്. പുനര്‍ജന്‍മത്തിലെ കര്‍മമനുസരിച്ചാണ് ആത്മാവിന് ശരീരം ലഭിക്കുന്നത്. ധര്‍മം പാലിച്ചവര്‍ക്ക് കൂടുതല്‍ നല്ല ശരീരവും ഇല്ലെങ്കില്‍ അധമശരീരവും ലഭിക്കുമത്രേ. ഈ പുനര്‍ജന്‍മ സിദ്ധാന്തം ജാതീയതയ്ക്ക് മതപരമായ അടിത്തറ നേടിക്കൊടുത്തു. ഉത്തമജന്‍മം ബ്രാഹ്മണരുടേതും അധമജന്‍മം ശൂദ്രരുടേതാണെന്നും കണക്കാക്കപ്പെട്ടു. ജന്‍മം കൊണ്ട്തന്നെ സുകൃതനോ പാപിയോ ആകുന്നവര്‍. ഇസ്‌ലാമാകട്ടെ ജന്‍മം കൊണ്ട് ഒരാള്‍ ഉത്തമനോ അധമനോ ആകുന്നില്ല; അയാളുടെ കര്‍മഫലങ്ങളാണ് ജയത്തിന്റെയും ശിക്ഷയുടെയും മാനദണ്ഡമെന്ന് പഠിപ്പിക്കുന്നു.

ജൈനമതക്കാരും പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നു. ശ്രീബുദ്ധന്റെ അധ്യാപനങ്ങള്‍ ഇവ്വിഷയകമായി വ്യക്തമായിട്ടില്ലെങ്കിലും പില്‍കാലത്ത് എഴുതപ്പെട്ട സദുപദേശങ്ങളാണുള്ളത്. മഹായാന ബുദ്ധമതത്തില്‍ ഈശ്വരനും സ്വര്‍ഗവും നരകവും ഉണ്ടെന്ന് ഡോ: രാധാകൃഷ്ണന്‍ എഴുതുന്നു (ഭാരതീയദര്‍ശനം). ആദിപാപത്തില്‍ വിശ്വസിച്ചിരുന്നവരാണ് ക്രിസ്ത്യാനികള്‍. ആദമിന്റെ പാപം നിമിത്തം ഒരോ മനുഷ്യരും പാപിയായി ജനിക്കുന്നുവെന്നതാണ് ആ സങ്കല്‍പം. അതില്‍ നിന്നുള്ള മോചനവും മോക്ഷലബ്ധിയുമായാണ് ക്രിസ്തു കുരിശിലേറിയതെന്ന് വിശ്വസിക്കുന്നു.

ഇങ്ങനെ പലതരത്തില്‍ വികലവും വികൃതവും ആണെങ്കിലും മനുഷ്യന് ഈ ലോകജീവിതത്തില്‍ ചെയ്ത കര്‍മത്തിന് അര്‍ഹമായ പ്രതിഫലം ഉണ്ടാവണമെന്ന് എല്ലാവരും അംഗീകരിക്കുന്നു. അതാണ് പരലോകം. ഇസ്‌ലാം അത് യുക്തിഭദ്രമായി വരച്ചു കാണിക്കുന്നു.

Feedback
  • Saturday Nov 23, 2024
  • Jumada al-Ula 21 1446